ലിയ വീണ്ടും കണ്ണുനീർ പൊഴിക്കാൻ തുടങ്ങി.
“ഇങ്ങനെ കരയല്ലേ…ഞാൻ ഇല്ലേ കൂടെ…ചേച്ചിക്ക് ഒന്നും സംഭവിക്കില്ല…” ആര്യൻ ലിയയെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
“എൻ്റെ കാര്യം ഓർത്തല്ലാ…നിന്നെക്കുറിച്ചോർത്താ എൻ്റെ കണ്ണ് നിറയുന്നത്…നീ എന്തിനാ അയാളെ തല്ലാൻ പോയത്?…അയാളുടെ പിറകെ ഓടാൻ പോയത്?…അയാള് നിന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ?…നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ…?”
“പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു?…ഞാൻ വന്നില്ലായിരുന്നുവെങ്കിൽ അയാള് ചേച്ചിയെ?…എനിക്ക് അയാളെ വെറുതെ വിടാൻ തോന്നിയില്ല…”
“വെറുതെ വിടണമെന്ന് പറഞ്ഞില്ലല്ലോ…ആളുകളെ വിളിച്ച് കൂട്ടി നമ്മൾക്ക് അയാളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാമായിരുന്നില്ലേ…?”
“എങ്കിൽ ഇവിടുത്തുകാർക്ക് അത് പണ്ടേ ആവാമായിരുന്നല്ലോ?…ചേച്ചിയും കണ്ടതല്ലേ?…അയാളെ ഇവിടുള്ളവർക്ക് പേടിയാണ് ചേച്ചീ…”
“നീ അയാളെ എന്തെങ്കിലും ചെയ്തിട്ട് അതിൻ്റെ ദേഷ്യത്തിൽ അയാള് നിന്നെ ഉപദ്രവിക്കില്ലന്ന് ആര് കണ്ടു…?”
“ഞാൻ ചുമ്മാതെ ചെയ്തതല്ലല്ലോ ഒന്നും…ചേച്ചിയെ അയാള് എന്ത് ചെയ്തേനേം എന്ന് ആലോചിച്ച് നോക്ക് ആദ്യം…”
“എനിക്ക് എന്തെങ്കിലും പറ്റുന്നതിനേക്കാൾ കൂടുതൽ നിനക്ക് എന്തെങ്കിലും പറ്റുന്നതിൽ ആണ് എനിക്ക് സങ്കടം…അതെന്താ നീ മനസ്സിലാക്കാത്തത്…?”
ലിയ വീണ്ടും കരയാൻ തുടങ്ങി. തന്നോടുള്ള സ്നേഹം കൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ആര്യൻ തിരിച്ചറിഞ്ഞു. അവൻ കൂടുതലൊന്നും പിന്നെ തർക്കിക്കാൻ പോയില്ല.
“ചേച്ചീ…സോറി…ചേച്ചിക്ക് എന്നോട് എത്രയും സ്നേഹമുണ്ടോ അതുപോലെ തന്നെയാണ് എനിക്കും ചേച്ചിയോട് എന്നെന്താ ചേച്ചിയും മനസ്സിലാക്കാത്തത്…അയാള് പറഞ്ഞതൊക്കെ കേട്ടും ചേച്ചിയെ ബലമായി പിടിച്ചതും ഒക്കെ കണ്ടപ്പോൾ എനിക്ക് ഒരുപാട് ദേഷ്യവും വിഷമവും എല്ലാം കൂടി…നിയന്ത്രിക്കാൻ പറ്റിയില്ല…സോറി ചേച്ചീ…”
ആര്യൻ അത് പറഞ്ഞ് അവസാനിച്ചപ്പോൾ അവന് തന്നോടും എത്രത്തോളം സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കിയ ലിയ അവൻ്റെ കവിളുകളിലും നെറുകയിലും എല്ലാം കരഞ്ഞുകൊണ്ട് ഉമ്മകൾ നൽകി. ആര്യൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തന്നെ അത്രമാത്രം ലിയ സ്നേഹിക്കുന്നു എന്ന് ആര്യൻ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.
ലിയയുടെ ചുണ്ടുകൾ ആര്യൻ്റെ മുഖത്ത് നിന്ന് വേർപെട്ട അടുത്ത നിമിഷം തന്നെ ആര്യൻ അവൻ്റെ ചുണ്ടുകൾ ലിയയുടെ ഇടതു കവിളിൽ അമർത്തി ചുംബിച്ചു. അതിലൂടെ തൻ്റെ സ്നേഹവും ആര്യൻ ലിയയെ അറിയിച്ചു. എന്നാൽ ആര്യൻ്റെ മനസ്സിൽ ലിയയോട് സ്വന്തം ചേച്ചിയോടെന്നപോലെ തീർത്തും കളങ്കമില്ലാത്ത സ്നേഹം ആണെങ്കിലും ലിയക്ക് ഉള്ളിൻ്റെ ഉള്ളിൽ ആര്യൻ ഒരു അനിയനേക്കാൾ ഉപരി മറ്റാരോ ആയതുപോലെ ഒരു തോന്നൽ ആയിരുന്നു.