“പൊള്ളിയതിൻ്റെ വേദന മാറിയോ…?” ശാലിനി നടക്കുന്നതിനിടയിൽ ചോദിച്ചു.
“മ്മ്…മാറി ചേച്ചീ…താങ്ക്സ്…”
“തുപ്പൽ തേച്ചാൽ പെട്ടെന്ന് മാറും അതാ…”
“മ്മ്…മനസ്സിലായി…അതിനാ ഞാൻ താങ്ക്സ് പറഞ്ഞത്…”
“മ്മ്…”
പിന്നെ അവർ ഒന്നും സംസാരിച്ചില്ല. വീടെത്തിയ ഉടനെ തന്നെ അമ്മയും അമ്മൂട്ടിയും വെളിയിലേക്ക് ഇറങ്ങി വന്നു.
“ഹാ മോനും പോന്നോ ഇവളുടെ കൂടെ…” അമ്മ ആര്യനോടായി ചോദിച്ചു.
“ഒറ്റയ്ക്ക് വിടേണ്ടാ എന്ന് വിചാരിച്ചു അമ്മേ…”
“അവൻ നേരത്തേ തന്നെ പറഞ്ഞതാ പോകണേൽ അവനും കൂടെ വരാമെന്ന്…ആ ഇരുട്ടത്ത് പോകണ്ടാ കറൻറ് വരട്ടെ എന്ന് ഞാനാ അമ്മേ പറഞ്ഞത്…” ശാലിനി അമ്മയോടായി പറഞ്ഞു.
ആര്യൻ തിണ്ണയിലേക്ക് കയറി അമ്മുവിനെ ഒക്കത്തെടുത്തിരുത്തി.
“ഹാ അത് നന്നായി മോളെ…ഞാൻ പേടിച്ചു ഇരുട്ടത്തെങ്ങാനും ഓടിപ്പിടിച്ച് വരുമോന്ന്…” അമ്മ രണ്ടുപേരോടുമായി ആശങ്ക പങ്കുവച്ചു.
“അങ്ങനെ ഇവൻ എന്നെ തനിയെ വിടില്ലല്ലോ അമ്മേ അതിന്…അല്ലേടാ…” ശാലിനി ആര്യൻ്റെ തോളിൽ ഒന്ന് തട്ടിയ ശേഷം ചോദിച്ചു.
“പിന്നല്ലാതേ…” ആര്യൻ അമ്മുവിൻ്റെ നെറ്റിയിൽ അവൻ്റെ നെറ്റി മുട്ടിച്ച് കളിക്കുന്നതിനിടയിൽ പറഞ്ഞു.
“ഇനി കഴിച്ചു കഴിഞ്ഞ് പോകാം മോനെ കയറി വാ…” അമ്മ വീണ്ടും ആര്യനോട്.
“അയ്യോ ഇല്ലമ്മേ…അവിടെ ചോറിരിപ്പുണ്ട് ഞാൻ വീട്ടിൽ പോയി കഴിച്ചോളാം…ഇറങ്ങിയേക്കുവാ…”
“ആഹാ…വേണ്ടായോ അപ്പോ…”
“വേണ്ടമ്മേ…പിന്നെ നാളെ അവിടുന്നാണ് ഊണ് കേട്ടോ…അമ്മ അങ്ങോട്ട് വരുന്നെങ്കിൽ വാ അല്ലെങ്കിൽ ഞാൻ ചേച്ചിടെ കൈയിൽ കൊടുത്ത് വിടാം…”
“അമ്മ അതിന് ഇറച്ചിയും മീനും ഒന്നും കൂട്ടില്ലെടാ…” ശാലിനി പറഞ്ഞു.
“ആഹാ…സാരമില്ല ഇറച്ചി അല്ലേ കൂട്ടാത്തതുള്ളു നമുക്ക് റെഡി ആക്കാം…”
“അപ്പോ എനിച്ചോ…?” ആര്യൻ്റെ ഒക്കത്തിരുന്നുകൊണ്ട് അമ്മു ചോദിച്ചു.
“നിനക്ക് തരാതെ ഇരിക്കുമോ എൻ്റെ അമ്മൂട്ടീ…” ആര്യൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
“എങ്കിൽ ഞാൻ ഇറങ്ങുവാ ചേച്ചീ…അമ്മേ ശെരി…അമ്മൂട്ടി ചേട്ടന് ഉമ്മ താ…”
“ഉമ്മാ…” അമ്മു അവൻ്റെ കവിളിൽ ഉമ്മ നൽകി.