വാതിൽ കടന്ന് മുറിയിലേക്ക് കയറിയ ആര്യൻ കണ്ടത് ലിയയെ ഭിത്തിക്ക് ചേർത്ത് നിർത്തി അവളുടെ വായ പൊത്തിപ്പിടിച്ച് നിൽക്കുന്ന രാജനെ ആണ്. തന്നെ കണ്ട ലിയയോട് ആര്യൻ നെഞ്ചിൽ കൈ അമർത്തി “ഞാൻ ഇവിടെയുണ്ട്” എന്ന് ആംഗ്യം കാണിച്ചു.
മേശയിൽ തൻ്റെ വെള്ളക്കുപ്പി ഇരിക്കുന്നത് കണ്ട ആര്യൻ കുപ്പി കൈയിൽ എടുത്തു. അതുമായി മെല്ലെ നടന്ന് രാജൻ്റെ പിന്നിൽ ചെന്ന് അവനെ അടിക്കാൻ ആയിരുന്നു ആര്യൻ്റെ ഉദ്ദേശ്യമെങ്കിലും ലിയയുടെ കണ്ണുകളിൽ നിന്നും പിന്നിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ രാജൻ പുറകിലേക്ക് തിരിഞ്ഞ് നോക്കാൻ തീരുമാനിച്ചു.
എന്നാൽ ആരോ പിറകിൽ ഉണ്ടെന്ന് രാജൻ മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞ ആര്യൻ തൻ്റെ ഇടതുകൈയിൽ നിന്നും കുപ്പി വലതുകൈയിലേക്ക് മറിച്ചുകൊണ്ട് രാജൻ്റെ തലയിലേക്ക് ഇടതുകൈ ചൂണ്ടി ആര്യൻ തൻ്റെ മുഴുവൻ ശക്തിയും ആവാഹിച്ചുകൊണ്ട് കുപ്പി രാജൻ്റെ തല ലക്ഷ്യമാക്കി വലിച്ച് എറിഞ്ഞു.
ഇതറിയാതെ രാജൻ പുറകിലേക്ക് നോക്കാനായി തല തിരിച്ചതും കുപ്പിയുടെ അടപ്പുള്ള ഭാഗം വന്ന് രാജൻ്റെ തലയുടെ വലതുഭാഗത്ത് അടിച്ചതും ഒന്നിച്ചായിരുന്നു. അടപ്പൂരി തെറിച്ച് കുപ്പിയിൽ നിന്നുള്ള വെള്ളം പുറത്തേക്ക് തെറിക്കുന്ന കാഴ്ച ലിയ നോക്കി നിന്നു. അടിയുടെ ആഘാതത്തിൽ രാജൻ തെറിച്ച് തറയിലേക്കും വീണു.
എന്താണ് സംഭവിച്ചതെന്ന് രാജന് മനസ്സിലാകുന്നതിന് മുൻപ് തന്നെ ആര്യൻ ഓടിച്ചെന്ന് അവനെ പിടിച്ചുയർത്തി അവൻ്റെ ഇരുകവിളിലും ഓരോന്ന് പൊട്ടിച്ചു. ശാലിനിയോടും ലിയയോടും സുഹറയോടും അവൻ ചെയ്ത ക്രൂരതകൾ എല്ലാം മനസ്സിലേക്ക് വന്ന ആര്യൻ അവൻ്റെ മുഷ്ടി ചുരുട്ടി രാജൻ്റെ അടിവയറ്റിൽ ആഞ്ഞൊരു ഇടി കൂടി കൊടുത്തു. രാജൻ അവൻ്റെ അടിവയറ്റിൽ പിടിച്ചുകൊണ്ട് അലറിക്കരഞ്ഞു. ഇത് കണ്ടു നിന്ന ലിയ ആര്യനോട് “വേണ്ടാ” എന്നും പറയുന്നുണ്ടായിരുന്നു.
ലിയ ആര്യൻ്റെ കൈയിൽ പിടിച്ച് വലിച്ച തക്കം നോക്കി രാജൻ ആര്യനെ പിന്നിലേക്ക് തള്ളിയിട്ടുകൊണ്ട് പുറത്തേക്ക് ഓടി. ആര്യൻ പിന്നാലെ ഓടാൻ തുടങ്ങിയെങ്കിലും ലിയ ആര്യനെ മുറുകി പിടിച്ചുകൊണ്ട് “ആര്യാ വേണ്ടാ” എന്ന് പറഞ്ഞു കരഞ്ഞു. പക്ഷേ അത് കേൾക്കാൻ തയ്യാറാകാഞ്ഞ ആര്യൻ ലിയയുടെ കൈയിൽ നിന്നും പിടി വിടുവിച്ചുകൊണ്ട് ഷട്ടർ ഉയർത്തി ഓഫീസിന് പുറത്തേക്ക് ഇറങ്ങിയെങ്കിലും രാജനെ അവിടെയെങ്ങും കണ്ടില്ല. രാജൻ എങ്ങോട്ട് ഓടിയെന്ന് ആലോചിച്ച് നിന്ന ആര്യനെ ലിയ വീണ്ടും ഓടി വന്ന് പിടിച്ച് അകത്തേക്ക് കയറാനായി മുറവിളി കൂട്ടി.