“തൽക്കാലം കിട്ടിയത് വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്താൽ മതി…” ശാലിനി പുഞ്ചിരിച്ചു.
“ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നെങ്കിലും പറ…”
“ഇഷ്ടപ്പെട്ടെങ്കിൽ…?”
“വേറെ പുസ്തകം തരാം…”
“പോടാ…എനിക്കെങ്ങും വേണ്ടാ…”
“ഓ പിന്നേ…ഞാൻ കുളിക്കാൻ കേറുമ്പോ വല്ലോം വന്ന് എടുത്തോണ്ട് പോകാൻ ആയിരിക്കും…”
“ഹാ ആണ്…നീ പോയി കേസ് കൊടുക്ക്…”
“ഹാ ആലോചിക്കട്ടെ…”
“ശ്ശേ…ഈ കറൻ്റ് എന്താ വരാത്തത്…?” ശാലിനി ആരോടെന്നില്ലാതെ പരിഭവം കാട്ടി ചോദിച്ചു.
“ഞാൻ പറഞ്ഞില്ലേ…വേണമെങ്കിൽ ഞാൻ കൊണ്ടുവിടാം ചേച്ചി വാ…”
“വേണ്ടടാ…പുറത്ത് നല്ല ഇരുട്ടാ…കറൻ്റ് വരട്ടെ ഏതായാലും…” ശാലിനിക്ക് പോകാൻ അത്ര വലിയ താല്പര്യം ഇല്ലായിരുന്നതിനാൽ അവൾ പറഞ്ഞു.
“ഹാ എങ്കിൽ അവിടിരുന്നോ…”
ആര്യൻ മെഴുകുതിരിയുടെ തീനാളത്തിൽ കൂടി അവൻ്റെ ചൂണ്ടുവിരൽ മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും കടത്തി രസിച്ചു.
കുറച്ച് നിമിഷത്തെ നിശബ്ദതക്കൊടുവിൽ ശാലിനി ആര്യന് നേരെ ഒരു ചോദ്യം എറിഞ്ഞു.
“എന്നാലും അതൊക്കെ ശരിക്കും നടന്നതായിരിക്കുമോ…?”
“എന്ത്…?” ആര്യൻ ശാലിനിയുടെ ചോദ്യം മനസ്സിലാകാതെ ചോദിച്ചു.
“അതിൽ പറഞ്ഞിരിക്കുന്നതൊക്കെ…”
“ഏതിൽ…?” ആര്യൻ തീനാളത്തിൽ കൂടി വിരൽ കടത്തിക്കൊണ്ട് വീണ്ടും ചോദിച്ചു.
“മ്മ്ച്…ആ പുസ്തകത്തിൽ…” ശാലിനി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
ആര്യൻ അവൻ്റെ വിരലിൻ്റെ ചലനം പെട്ടെന്ന് ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്നു.
പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കഥാപാത്രത്തിൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള സംഭവ വികാസങ്ങളെ പറ്റിയാണ് ശാലിനി ചോദിക്കുന്നതെന്ന് ആര്യന് ഇപ്പോൾ മനസ്സിലായി. അപ്പോ അവൾക്കും അതിനെ പറ്റി അറിയാനും സംസാരിക്കാനും താൽപ്പര്യം ഉണ്ട് എന്ന് ആര്യന് ബോധ്യമായി.
“കള്ളി എന്നിട്ട് അഭിനയിച്ചത് കണ്ടില്ലേ…” ആര്യൻ മനസ്സിൽ പറഞ്ഞു.
“അത് പിന്നെ യഥാർത്ഥ സംഭവങ്ങളെ പറ്റിയാണല്ലോ ആ പുസ്തകം…സത്യം ആയിരിക്കും…എന്തേ…?” ആര്യൻ അവളോട് ചോദിച്ചു.
“ഏയ് ഒന്നുമില്ല…” ശാലിനി മറുപടി നൽകി.
“മ്മ്…” ആര്യൻ മൂളുക മാത്രം ചെയ്തു. ഇനിയും അവളുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ വരുമെന്നും താനായിട്ട് ഇനി ഒന്നും ചോദിക്കേണ്ടന്നും ആര്യൻ മനസ്സിൽ ഉറപ്പിച്ചു.