അവള്‍ എന്റെ മുഖത്ത് പോലും നോക്കാതെ നൈറ്റിയും വേറെ ആവശ്യമുള്ളതും എടുത്തു കൊണ്ട് ബാത്റൂമിൽ കേറി ചെയ്ഞ്ച് ചെയ്തിട്ട് വന്നു. എന്നിട്ട് കൈയിലിരുന്ന ടോപ്പും ലെഗിംസും അവള്‍ ഹാങ്ങറിൽ തൂക്കിയിട്ടു.
ശേഷം കൈയിലിരുന്ന മൊബൈലിനെ കട്ടിലിനടുത്തുള്ള മേശപ്പുറത്ത് വയ്ക്കാൻ വന്നതും,
“ജൂലി…!?” ഞാൻ ദയനീയമായി വിളിച്ചു. ഉടനെ മൊബൈലിനെ മേശപ്പുറത്ത് വച്ചിട്ട് മുഖം കറുപ്പിച്ചു കൊണ്ട് പുറത്തേക്ക് പോകാനായി അവള്‍ തിരിഞ്ഞു.
ഞാൻ പെട്ടന്ന് ബെഡ്ഡിൽ നിന്നിറങ്ങി. അവളുടെ ചുമലില്‍ പിടിച്ചു കൊണ്ട്, “എന്തെങ്കിലും എന്നോട് സംസാരിക്ക് ജൂ—”
“എന്നെ തൊട്ടു പോകരുത്…!!” എന്നും പറഞ്ഞ് അവള്‍ ദേഷ്യത്തില്‍ വെട്ടിത്തിരിഞ്ഞു… അതോടൊപ്പം അവളുടെ രണ്ട് കൈകൾ കൊണ്ടും എന്റെ നെഞ്ചത്ത് ശക്തമായി പിടിചൊരു തള്ളും തന്നു.
ഞാൻ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് എനിക്ക് ബാലൻസ് കിട്ടിയില്ല. ഉടനെ ഞാൻ പിന്നോട്ട് തെന്നി മലര്‍ന്നടിച്ചു വീഴുകയും ചെയ്തു. വീഴ്ചയില്‍ കട്ടിലിന്‍റെ കാലിൽ എന്റെ പുറന്തല ശക്തമായി ഇടിക്കുകയും ചെയ്തു.
വേദന കാരണം തല പൊത്തി കരഞ്ഞു കൊണ്ടാണ് ഞാൻ വീണത്.
ജൂലി പേടിച്ച് കരഞ്ഞു പോയി. അവൾ ഓടി വന്ന് എന്റെ അടുത്തിരുന്ന് എന്റെ കൈ പിടിച്ചു മാറ്റിയ ശേഷം എന്റെ തലയില്‍ നോക്കി പരിശോധിച്ചു. പക്ഷെ തല പൊട്ടിയില്ല എന്ന് കണ്ടതും, ഇടി കിട്ടിയ ഭാഗത്ത് നല്ലതുപോലെ അവൾ തിരുമ്മി തന്നിട്ട് എന്നെ വിട്ട് വേഗം എഴുനേറ്റ് മാറി.
ഉടനെ ഞാൻ സ്വയം തലയും തിരുമ്മി കൊണ്ട് പതിയെ എഴുന്നേറ്റു. വേദന കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. പക്ഷേ അവളും ഞാനും നല്ലോണം തിരുമ്മി വിട്ടത് കാരണം വേദന ഏറെക്കുറെ മാറി കിട്ടി.
അവസാനം ഞാൻ ജൂലിയെ ദയനീയമായി നോക്കി.
“ജൂലി, ഞാൻ ചെയ്തത് തെറ്റാ—”
“എനിക്ക് നിങ്ങളെ സ്നേഹിക്കാന്‍ കഴിയുന്നു എന്നല്ലാതെ എന്നെ കൊണ്ട് നിങ്ങള്‍ക്ക് ഒരു ഗുണവും ഇല്ലെന്നറിയാം. പക്ഷേ ഞാൻ ഇപ്പോഴും ചേട്ടന്റെ ഭാര്യയാണ്. എന്നോട് നിങ്ങൾ ചതിയാണ് കാണിച്ചത്. ഞാനാണ് മറ്റൊരാളുടെ കൂടെ പോയിരുന്നതെങ്കിൽ ചേട്ടന് സഹിക്കാൻ കഴിയുമായിരുന്നോ..?”