കാര്‍ത്തിക എന്നെ പഠിക്കുന്നത് പോലെ നോക്കി. എന്റെ കണ്ണിലൂടെ അവളുടെ നോട്ടം ചുഴിഞ്ഞിറങ്ങി എന്റെ മനസ്സിൽ എന്തൊക്കെയോ തിരയുന്നത് പോലെ അനുഭവപ്പെട്ടു.
അവളുടെ നോട്ടത്തെ നേരിടാനാവാതെ ഞാൻ പെട്ടന്ന് സുമയുടെ മുഖത്തേക്ക് നോക്കി.
സുമയും വല്ലാത്ത ഒരു മുഖഭാവത്തോടെയാണ് എന്നെ നോക്കി നിന്നത്. കഴിഞ്ഞ രാത്രി നടന്നതൊക്കെ അവള്‍ അറിഞ്ഞു എന്നത് പോലെ.
അസ്വസ്ഥത കാരണം ഞാൻ പെട്ടന്ന് അവളുടെ മുഖത്തും നിന്ന് നോട്ടം മാറ്റി താഴെ നോക്കിയിരുന്നു.
“കള്ളു കുടി കഴിഞ്ഞാല്‍ ചേട്ടൻ പാൽ ചായ കുടിക്കില്ലല്ലോ. ഇതാ കട്ടൻ ചായ കുടിച്ചിട്ട് ചേട്ടൻ ചെന്ന് കുളിക്കു.” അതും പറഞ്ഞ് കാര്‍ത്തിക കൊണ്ടുവന്ന കപ്പ് എന്റെ നേര്‍ക്ക് നീട്ടി.
ഞാനും അവളെ നോക്കാതെ ആ ഗ്ലാസ്സ് വാങ്ങി. ഇഞ്ചിയും ഏലക്കയുടെ മണവും എന്റെ മൂക്കില്‍ തുളച്ചു കേറി. എന്നെയും അറിയാതെ എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു.
എന്റെ തലയും താനേ ഉയർന്നു… ഞാൻ കാര്‍ത്തികയുടെ മുഖത്ത് നോക്കി.
അവളുടെ കണ്ണില്‍ സ്നേഹം ഉണ്ടായിരുന്നു… പക്ഷേ തെറ്റായ തരത്തിലല്ല. എന്നോട് ക്ഷമിച്ചു എന്നത് പോലത്തെ ഒരു ഭാവവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പെട്ടന്ന് അവള്‍ പുഞ്ചിരിച്ചു.
“അത് കുടിച്ചിട്ട് ചേട്ടൻ ഞങ്ങടെ റൂമിലേ ബാത്റൂമിൽ കേറി കുളിക്കു. മാറാനായി ഞാൻ വേറെ ലുങ്കി എടുത്തു തരാം.” പുഞ്ചിരിയോടെ കാര്‍ത്തിക പറഞ്ഞു.
“എനിക്ക് വേറെ ലുങ്കി വേണ്ട. കുളി കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് പോകും. ഗോപനും നെല്‍സനും ഉണരുമ്പോള്‍ പറഞ്ഞാൽ മതി.”
ഉടനെ രണ്ടു പേരുടെ മുഖവും മങ്ങി.
“അതൊന്നും പറ്റില്ല… അവരും എഴുന്നേറ്റ ശേഷം ചേട്ടൻ തന്നെ നേരിട്ട് പറഞ്ഞിട്ട് പോയാല്‍ മതി.” സുമ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.
“വേണ്ട —” ഞാൻ പറഞ്ഞു തുടങ്ങി.
“വേണം…!” കാര്‍ത്തിക ഇടക്ക് കേറി തര്‍ക്കിച്ചു. “അവരും എഴുനേറ്റ ശേഷം ചേട്ടൻ പോയാൽ മതി.”
“അതിന് അവർ ഇപ്പോഴൊന്നും എഴുനേൽക്കില്ല. സന്ധ്യ കഴിഞ്ഞേ അവർ ഉണരൂ. അവരുടെ പതിവ് നിങ്ങള്‍ക്കും അറിയാവുന്നതല്ലേ…?” ഞാൻ ചോദിച്ചു.