*പ്ലീസ്, എന്റെ കോൾ എടുക്കാമോ… മെസേജിലൂടെ നന്ദി അറിയിക്കുന്നത് മോശമാണ്. നിങ്ങളോട് നേരിട്ട് തന്നെ സംസാരിക്കുന്നതാണ് മര്യാദ.*
എല്ലാം വായിച്ച ശേഷം ക്ലോസ് ചെയ്തിട്ട് മൊബൈലിനെ സീറ്റില്‍ ഇട്ടു. എന്നിട്ട് റോഡില്‍ ശ്രദ്ധിച്ച് ഓടിച്ചു.
ഞാൻ അതൊക്കെ വായിച്ച് ഒരു മിനിറ്റ് കഴിഞ്ഞതും ദേവി പിന്നെയും വിളിച്ചു. പക്ഷേ ഞാൻ എടുത്തില്ല, കട്ടാക്കി. അവള്‍ രണ്ടുവട്ടം കൂടി വിളിച്ചു. അപ്പോഴും ഞാൻ കട്ടാക്കി.
ഒരു മര്യാദ കാണിക്കാൻ വന്നേക്കുന്നു..! ആരെങ്കിലും ഒരു മെസേജ് ചെയ്താല്‍ ആദ്യം അതിനു റിപ്ലൈ ചെയ്യാനുള്ള മര്യാദ കാണിക്കാൻ അവള്‍ പഠിക്കട്ടെ. ആരെങ്കിലും അവള്‍ക്ക് മെസേജ് ചെയ്യുന്നത് ഇഷ്ട്ടം ഇല്ലെങ്കില്‍ അതിനെ തുറന്നു പറയാനുള്ള മര്യാദയാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്.
ഞാൻ അതൊക്കെ മനസ്സിൽ നിന്നും കളഞ്ഞിട്ട് റോഡില്‍ ശ്രദ്ധിച്ചു. ഇപ്പൊ കാറ്റും തുടങ്ങിയതോടെ നല്ല തണുപ്പ് അനുഭവപ്പെട്ടു. ചെറുതായി വിറച്ചു കൊണ്ടാണ് ഞാൻ ഓടിച്ചത്.
അവസാനം നെല്‍സന്റെ വീട്ട് മുറ്റത്ത് കൊണ്ട് കാർ പാർക്ക് ചെയ്തതും ഗോപന്‍ ഒരു കുടയുമായി കാറിന്റെ അടുത്തേക്ക് വന്നു. സാധനങ്ങള്‍ ഒക്കെ എടുത്തു കൊണ്ട് ഞങ്ങൾ വേഗം വീട്ടില്‍ കേറി.
ഹാളില്‍ നെല്‍സന്‍ മാത്രം ഉണ്ടായിരുന്നു.
“കറണ്ടില്ലേ….?” ഹാളില്‍ എമർജെൻസി ലൈറ്റ് ഓണാക്കി വെച്ചിരുന്നത് കണ്ടിട്ട് ഞാൻ ചോദിച്ചു.
“ഈ നശിച്ച കാറ്റും മഴയും കാരണം ഇതാണ് അവസ്ഥ.” നെല്‍സന്‍ പുറത്തേക്ക് തുറിച്ചു നോക്കി. എന്നിട്ട് നടന്നു വന്ന് എന്റെ കൈയിൽ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ട് ടീപ്പോയിൽ കൊണ്ട് വച്ചു.
“ശെരി നി വാ, നിന്റെ ഈ പാന്റ് മാറ്റി ലുങ്കി ഉടുക്ക്.” നെല്‍സന്‍ എന്നെ അവന്റെ ബെഡ്റൂമിൽ കൂട്ടിക്കൊണ്ട് പോയി. ഒരു ലുങ്കി എടുത്തു തന്നിട്ട് അവന്‍ പോയി.
ഞാനും ലുങ്കി ഉടുത്തു കൊണ്ട് തിരികെ ഹാളില്‍ ചെന്നു.
അന്നേരം സുമയും കാര്‍ത്തികയും മറ്റൊരു ലൈറ്റുമായി കിച്ചനിൽ നിന്നും ഇറങ്ങി വന്നു.
“ഹൊ.. എല്ലാ ജോലിയും കഴിഞ്ഞു.” സുമ പറഞ്ഞിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു. കാര്‍ത്തികയും ചിരിച്ചു.