ഞാൻ കുളിച്ചിട്ട് ബാത്റൂമിൽ നിന്നും ഇറങ്ങി. റൂമിൽ എന്നെയും കാത്ത് സാന്ദ്ര ഉണ്ടായിരുന്നു. എന്നെ കണ്ടതും ബെഡ്ഡിൽ നിന്നും സാന്ദ്ര എഴുന്നേറ്റു.
“കഴിക്കാനായി ചേട്ടനെ വിളിച്ചോണ്ട് വരാൻ ചേച്ചി പറഞ്ഞു.”
“എനിക്ക് വേണ്ട, ഞാൻ കഴിച്ചിട്ടാ വന്നത്.” പറഞ്ഞിട്ട് ഞാൻ ബെഡ്ഡിന്റെ ഒരറ്റത്തായി കിടന്നു. ഉടനെ സാന്ദ്ര എന്റെ അടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ച് മണത്തു നോക്കി.
ഇപ്പോഴും ഞാൻ കഴിച്ച ഫുഡിന്റെ മണം ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ എന്റെ കൈ വിട്ടിട്ട് ബെഡ്ഡിൽ കിടന്ന എന്റെ മൊബൈലിനെ എടുത്ത് സാന്ദ്ര എന്തോ ചെയ്യുന്നത് ഞാൻ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല.
സ്വിച്ച് ഓഫ് ചെയ്തു വച്ചിരുന്ന എന്റെ മൊബൈലിനെ ഓണാക്കി അവളുടെ നമ്പറിനെ അൺബ്ലോക്ക് ചെയ്യുകയാണെന്ന് മനസ്സിലായി. അവസാനം സാന്ദ്ര റൂമിൽ നിന്നും പുറത്തേക്ക് പോയി.
ഒരുപാട് നേരം കഴിഞ്ഞാണ് ജൂലി വന്നത്. ഞാൻ ബെഡ്ഡിൽ കിടക്കുന്നത് കണ്ടിട്ട് അവള്‍ ഒരു നിമിഷം അറച്ചു നിന്നു.
ഒടുവില്‍ അവള്‍ വാതിൽ ലോക് ചെയ്തിട്ട് വന്നു.
“ജൂലി…?!” ഞാൻ സങ്കടത്തോടെ വിളിച്ചു. പക്ഷേ അവള്‍ മൈന്റ് ചെയ്യാതെ മരുന്നൊക്കെ കഴിച്ചിട്ട് ലൈറ്റ് ഓഫാക്കി.
എന്നിട്ട് വെറും തറയില്‍ അവൾ ചെന്നു കിടന്നു. എനിക്ക് നല്ല സങ്കടം തോന്നി. ഞാൻ വേഗം ബെഡ്ഡിൽ നിന്നും താഴെയിറങ്ങി നിന്നു.
“ജൂലി, ബെഡ്ഡിൽ കേറി കിടക്ക്.” ഞാൻ പറഞ്ഞു. പക്ഷേ അവള്‍ അനുസരിച്ചില്ല.
ഏറെ നേരം ഞാൻ കെഞ്ചി നോക്കീട്ടും അവളില്‍ നിന്നും പ്രതികരണം ഉണ്ടായില്ല. അവള്‍ അങ്ങനെതന്നെ കിടന്ന് ഉറങ്ങുകയും ചെയ്തു.
അതുകഴിഞ്ഞാണ് അവളെ കോരിയെടുത്ത് ബെഡ്ഡിൽ ഞാൻ കിടത്തിയത്. അവള്‍ക്ക് പുതപ്പും മൂടി കൊടുത്ത ശേഷം എന്റെ മൊബൈലും എടുത്തു കൊണ്ട് ഞാൻ ഹാളില്‍ ചെന്നു കിടന്നു.
എങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.
രാത്രി പന്ത്രണ്ടര കഴിഞ്ഞ് സാന്ദ്ര കോൾ ചെയ്തു. നിശബ്ദതയെ ഭേദിച്ച് കൊണ്ട് ആ ചെറിയ ശബ്ദം പോലും ഭയങ്കരമായി ഹാളാകെ മുഴങ്ങി കേട്ടതും ഞാൻ ഞെട്ടി പോയി. രാത്രി മൊബൈലിനെ സൈലന്റിലിടാൻ പോലും ഞാൻ മറന്നു പോയിരിക്കുന്നു.