യാമിറ ചേച്ചിയുടെ കാര്യത്തെ മാത്രം ജൂലി പറയാതെ ഒഴിവാക്കിയെന്ന് മനസ്സിലായതും ആശ്വാസം തോന്നി.
സാന്ദ്രയ്ക്ക് ഞാൻ റിപ്ലൈ ചെയ്യാനൊന്നും മിനക്കെട്ടില്ല. അവളുടെ മെസേജ് വായിച്ചു കഴിഞ്ഞതും ഞാൻ വാട്സാപ് ക്ലോസ് ചെയ്തു.
ഉടനെ സാന്ദ്ര പിന്നെയും വിളിച്ചു. ഞാൻ എടുത്തില്ല. അവള്‍ നിര്‍ത്താതെ വിളി തുടർന്നതും അവളെ ഞാൻ ബ്ലോക്ക് ചെയ്തു.
അന്ന് 3:45 ആയപ്പോ സാന്ദ്ര എന്റെ മാളിലേക്കെത്തി. എന്റെ ഓഫീസിലേക്ക് കേറി വന്നിട്ട് എന്റെ അടുത്തായി നിന്നു. എന്റെ മുഖത്ത് മാസ്ക് ഉള്ളത് കണ്ടിട്ട് അവള്‍ മുഖം ചുളിച്ചു. പക്ഷേ പെട്ടന്ന് കാര്യം മനസ്സിലായത് പോലെ അവളുടെ കണ്ണുകൾ സാധാരണ ഗതിയിലായി.
“ചേട്ടൻ എന്തിനാ എന്നെ കൊണ്ടു വിടാനും എടുക്കാനും ചേച്ചിയെ ഏല്‍പ്പിച്ചത്…!?” അവള്‍ ദേഷ്യപ്പെട്ടു.
ഞാൻ ഒന്നും മിണ്ടിയില്ല.
“എന്നെ എന്തിനാ ബ്ലോക്ക് ചെയ്തത്…!?” അവൾ സങ്കടത്തോടെ ചോദിച്ചു.
അതിനും ഞാൻ മറുപടി കൊടുത്തില്ല.
“ഒരിക്കലും ചേട്ടനെ മാത്രമായി ഞാൻ കുറ്റം പറയില്ല. എന്റെ ചില കൂട്ടുകാരികളും ചേട്ടനോട് കൂടുതൽ അടുപ്പം കാണിച്ചത് കൊണ്ടല്ലേ..!! എന്നിട്ടും ചേട്ടൻ മാത്രം തെറ്റ് ചെയ്തത് പോലെ എന്തിനാ ചേച്ചിയോട് സംസാരിച്ചത്…?” അവള്‍ പെട്ടന്ന് ചൂടായി.
പക്ഷേ ഒന്നും മിണ്ടാതെ കീ ബോർഡിൽ ഞാൻ കുത്തി കൊണ്ടിരുന്നു.
“ആവശ്യമില്ലാത്ത കാര്യങ്ങൾ ചേച്ചിയോട് പറഞ്ഞിട്ട് ഇവിടിരുന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതി കളിക്കുന്നോ..?!” അവള്‍ ദേഷ്യപ്പെട്ടു.
അപ്പോഴാണ് ഞാൻ തുടരെ തുടരെ ഇംഗ്ലീഷ് ആല്‍ഫബെറ്റിനെ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന കാര്യം മനസിലായത്.
ചമ്മലോടെ കീ ബോർഡിൽ നിന്നും എന്റെ കൈ ഞാൻ എടുത്തു മാറ്റി.
അന്നേരം സാന്ദ്രയ്ക്ക് ഒരു കോൾ വന്നതും അവള്‍ എടുത്തു.
“ഞാൻ മാളിലാണ്. ചേച്ചി ഇങ്ങോട്ട് വന്നാൽ മതി.” സാന്ദ്ര അത്രയും പറഞ്ഞിട്ട് എന്നെ ദയനീയമായി നോക്കിയ ശേഷം ഇറങ്ങി പോയി.
രാത്രി ഒന്‍പത് മണിക്ക് മാൾ പൂട്ടിയ ശേഷം ഹോട്ടലിൽ കേറി കഴിച്ചിട്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നത്. എല്ലാവരും ഹാളില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ ആരെയും അഭിമുഖീകരിക്കാനുള്ള കരുത്ത് ഇല്ലാത്തത് കൊണ്ട് നേരെ റൂമിലേക്ക് നടന്നു. ജൂലി എന്റെ കൂടെ വന്നതുമില്ല.