“സോറി ചേട്ടാ, ഞാൻ ചിന്തിക്കാതെ അങ്ങനെ പറഞ്ഞു പോയി. ചേച്ചി പറഞ്ഞ പോലെ നിങ്ങൾ എന്നെ വിളിച്ചാല്‍ മതി.” ഒടുവില്‍ അവള്‍ ഗൗരവം വെടിഞ്ഞതും എനിക്ക് ആശ്വാസമായി.
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.
അവളും ഒരു പുഞ്ചിരിയോടെ തുടർന്നു, “പിന്നെ ആതിര ചേച്ചിയുടെ കാര്യങ്ങൾ എന്തെങ്കിലും നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ചേച്ചിയുടെ നമ്പറും ഞാൻ തരാം. ചേട്ടൻ നേരിട്ട് അവരോട് സംസാരിച്ചാലും മതി.”
അത്രയും പറഞ്ഞിട്ട് അവള്‍ സ്വന്തം നമ്പര്‍ പറയാൻ തുടങ്ങിയതും ഞാൻ വേഗം എന്റെ മൊബൈലിനെ എടുത്തു.
അതിൽ കുറെ മെസേജും മിസ്ഡ് കോളും ഉണ്ടായിരുന്നു. പക്ഷേ ആരാണെന്ന് ഞാൻ നോക്കിയില്ല.
ദേവി പറഞ്ഞ അവളുടെ നമ്പര്‍ സേവ് ചെയ്തിട്ട് അവളെ നോക്കി.
“ആതിര ചേച്ചിയുടെ നമ്പറും ഞാൻ തരാം.” അതും പറഞ്ഞ് അവള്‍ സ്വന്തം മൊബൈലില്‍ സേര്‍ച്ച് ചെയ്തു. ശേഷം അവള്‍ പറഞ്ഞ രണ്ടാമത്തെ നമ്പറും സേവ് ചെയ്തിട്ട്, എന്റെ നമ്പര്‍ കൊടുക്കാനായി ദേവിക്ക് ഞാൻ ഒരു മിസ്സ്ഡ് കോളും കൊടുത്തു.
“പിന്നേ ചേട്ടൻ എന്നെ ദേവി എന്ന് വിളിച്ചാല്‍ മതി. മുതിര്‍ന്നവര്‍ എന്നെ ടീച്ചർ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ഏതോ പോലെ.” അവള്‍ ചടപ്പോടെ പറഞ്ഞതും ഞാനും തലയാട്ടി.
ശേഷം വിനിലയും ദേവിയും മാറി നിന്ന് എന്തോ കാര്യമായി സംസാരിക്കാൻ തുടങ്ങി. സുമി എന്നോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
അവസാനം മഴ തോർന്നതും ഞാനും വിനിലയും സുമിയേ കൂട്ടിക്കൊണ്ട് സ്കൂളിന്റെ പുറത്തേക്ക് വന്നു.
സുമിയെ മുന്നില്‍ ഇരുത്തി… വിനില പുറകില്‍ കേറിയതും ഞാൻ സൂക്ഷിച്ച് ബൈക്ക് ഓടിച്ചു.
“ഡാ വായിനോക്കി…, മീറ്റിംഗ് സമയത്ത് ദേവിയെ വിഴുങ്ങും പോലെയാണല്ലോ നോക്കിയത്…!?” പോകുന്ന വഴിക്ക് വച്ച് വിനില എന്റെ തുടയിൽ നുള്ളി കൊണ്ട് അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചു.
“ദൈവമേ….,, എവിടെ ചെന്നാലും എന്നെ കുറ്റപ്പെടുത്താനായി നി ആരെയെങ്കിലും ഏല്‍പ്പിക്കുന്നത് എന്തിനാ….?” ദൈവത്തോട് ഞാൻ പരാതി പറഞ്ഞതും വിനില ചിരിച്ചു.