“മറുപടി എന്താണെങ്കിലും അറിയിക്കണം… അപ്പോ ജോലി കിട്ടിയാലും ഇല്ലെങ്കിലും അതനുസരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാന്‍ കഴിയും.” ദേവി അല്‍പ്പം സീരിയസ്സായി പറഞ്ഞു.
ദേവി അവളുടെ ശത്രുവിനോട് സംസാരിക്കും പോലെയാണ് എന്നോട് സംസാരിച്ചത്. എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. പക്ഷേ പുറത്ത് കാണിച്ചില്ല. എന്നാൽ വിനില മുഖം ചുളിച്ചു. അവളുടെ മുഖത്ത് കടുത്ത ദേഷ്യം തെളിയുകയും ചെയ്തു.
സാധാരണയായി പുറത്തുള്ള ആരെങ്കിലും എന്നെ ദേഷ്യത്തില്‍ നോക്കിയാൽ പോലും വിനില അവരെ വെറുതെ വിടാറില്ല. പണ്ട് സ്കൂളിൽ വച്ചും അല്ലാതെയും എനിക്കുവേണ്ടി ഒരുപാട് അടിപിടി കൂടിയിട്ടുണ്ട്.
ഇപ്പോൾ ദേവിയുടെ ഇത്തരം സംസാര രീതി വിനിലയെ ചൊടിപ്പിച്ചു.
“ശെരി ടീച്ചർ, ഞാൻ അറിയിക്കാം…. പക്ഷേ ആരെയാ അറിയിക്കേണ്ടതാണ്..?” ഞാൻ ദേവിയോട് ചോദിച്ചു.
ഉടനെ ദേവി വിനിലയുടെ നേര്‍ക്ക് തല കൊണ്ട് കാണിച്ചിട്ട് ഗൗരവത്തിൽ പറഞ്ഞു, “നിങ്ങൾ വിനില ചേച്ചിയോട് കാര്യം പറഞ്ഞാല്‍ മതി. ചേച്ചി എന്നെ വിളിച്ചോളും.”
എനിക്ക് ചൊരിഞ്ഞ് കേറി വന്നു.
സൗന്ദര്യം ആവോളം കിട്ടിയത് പോലെ ജാടയും കൂടുതൽ ഉണ്ടെന്ന് മനസ്സിലായി.
“സാം എന്നെ എന്തിന് അറിയിക്കണം..? അങ്ങനെ എന്നെ അറിയിക്കേണ്ട കാര്യമൊന്നുമില്ല, ദേവി.” പെട്ടന്ന് വിനില മുഖത്തടിച്ചത് പോലെ ദേഷ്യത്തില്‍ പറഞ്ഞതും ദേവിയുടെ മുഖം വല്ലാണ്ടായി.
“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്..?” വിനിലയുടെ ദേഷ്യം കണ്ടിട്ട് ദേവി വിഷമത്തോടെ ചോദിച്ചു.
“എന്റെ ദേവി, ഇവിടെ ആവശ്യം നിനക്ക് ആണെന്ന് മനസ്സിലാക്കണം.” വിനില കടുപ്പിച്ച് പറഞ്ഞു. “പിന്നേ മറ്റാര്‍ക്ക് വേണ്ടിയും സാമിനോട് ഞാൻ ഒരുകാര്യവും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ നീ എന്നോട് ചോദിച്ചത് കൊണ്ട് മാത്രമാണ് ഞാൻ സാമിനോട് ശുപാര്‍ശ ചെയ്തത്. ഇനി ആവശ്യക്കാര്‍ തന്നെ അവനോട് നേരിട്ട് ഇടപെടുന്നതാണ് അതിന്റെ മര്യാദ.” വിനില ദേവിയോട് കടുപ്പിച്ച് പറഞ്ഞിട്ട് എന്നെ നോക്കി. “ദേവി നിനക്ക് നമ്പര്‍ തരും, സാം. എന്തുണ്ടെങ്കിലും നി അവളെ തന്നെ വിളിച്ചാൽ മതി.” വിനില പുഞ്ചിരിയോടെ മയത്തില്‍ എന്നോട് പറഞ്ഞു.