വിനിലയും ദേവിയും കാര്യമായി എന്തൊക്കെയോ ചർച്ച ചെയ്യാൻ തുടങ്ങിയതും, ഞാനും സുമിയും അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ പോയിരുന്നു.
“ഞാൻ എപ്പോഴും പറയുന്ന ദേവി ടീച്ചർ ഇതാണ്.” സുമി എന്നോട് രഹസ്യം പറഞ്ഞു.
“എനിക്ക് മനസ്സിലായി.” ഞാൻ സുമിയുടെ കാതില്‍ പറഞ്ഞു.
“വീട്ടില്‍ എനിക്ക് കൂടുതൽ ഇഷ്ട്ടം ഉള്ളവരെ കുറിച്ച് ടീച്ചർ എപ്പോഴും ചോദിക്കും, അപ്പോ ഞാൻ സാമങ്കിളെ കുറിച്ച് പറയും.” സുമി സന്തോഷത്തോടെ പറഞ്ഞു.
“എന്നെ കുറിച്ച് നി എന്തൊക്കെയ പറഞ്ഞിട്ടുള്ളത്…?”
“എനിക്ക് അറിയാവുന്ന എല്ലാം പറഞ്ഞിട്ടുണ്ട്.” നിഷ്കളങ്കമായി അവള്‍ പറഞ്ഞതും എനിക്ക് ചിരി വന്നു.
“സാം…!” പെട്ടന്ന് വിനില വിളിച്ചത് കേട്ട് ഞാൻ അങ്ങോട്ട് നോക്കി.
“ഇവിടെ വാ സാം.”
ഉടനെ ഞാനും സുമിയും എഴുനേറ്റ് ചെന്നു.
“ദേവിക്ക് നിന്നോട് എന്തോ ചോദിക്കാനുണ്ടത്രേ.”
വിനില പറഞ്ഞതും ദേവി വിരണ്ടു.
“അയ്യോ ചേച്ചി… ചേച്ചി തന്നെ ചോദിച്ചാല്‍ മതി.”
കാര്യം എന്താണെന്ന് അറിയാതെ അവർ രണ്ടുപേരെയും ഞാൻ മാറിമാറി നോക്കി.
“എടാ, ദേവിയുടെ ഒരു കസിന്‍ ഉണ്ട്. പേര് ആതിര. മുപ്പത്തി മൂന്ന് വയസുണ്ട്. ആ ചേച്ചി പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. രണ്ട് കുട്ടികളും അവർക്കുണ്ട്. ആതിര ചേച്ചിയുടെ ഭർത്താവിന് സ്വന്തമായ കൃഷി പണിയാണ്. അത്യാവശ്യം വരുമാനം ഉണ്ടെങ്കിലും ചില സമയത്ത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അടുത്തുള്ള എന്തെങ്കിലും സൂപ്പര്‍ മാർക്കറ്റിലോ മറ്റോ ജോലി കിട്ടുമോ എന്ന് ആതിര ചേച്ചി ദേവിയോട് അന്വേഷിക്കാന്‍ പറഞ്ഞിരുന്നത്രേ.”
എനിക്ക് ഉടനെ കാര്യം പിടികിട്ടി.
“എന്റെ മാളിൽ ജോലി കിട്ടുമോ എന്നാണോ ദേവി ടീച്ചർ ചോദിക്കുന്നത്..?”
“അതുതന്നെ..!” വിനില പറഞ്ഞു.
ഞാൻ ദേവിയെ നോക്കി. അവള്‍ അസ്വസ്ഥതയോടെ നില്‍ക്കുകയായിരുന്നു.
“ഞാൻ നോക്കട്ടെ… അടുത്ത ആഴ്ച ഉറപ്പായും ഞാൻ മറുപടി പറയാം.” ആലോചനയോടെ ഞാൻ പറഞ്ഞു.
എന്റെ മാളിൽ ജോലിക്ക് നില്‍ക്കുന്ന ഒരു ചേച്ചിക്ക് ഉച്ച വരെ മാത്രമേ നിൽക്കാൻ കഴിയൂ. ദിവസവും അവർ ഉച്ചക്ക് പോകുന്നത് കൊണ്ട് അവരുടെ ജോലിയും മറ്റുള്ളവർ ആണ് ചെയ്യുന്നത്… എന്തായാലും ശെരിക്കും ഒന്ന് നോക്കീട്ട് മറുപടി കൊടുക്കാൻ ഞാൻ തീരുമാനിച്ചു.