അമ്മായിയുടെ ചോദ്യങ്ങൾ എന്നെ അസ്വസ്ഥമാക്കി. എനിക്ക് പെട്ടന്ന് വിഷമവും.. ഞാൻ ചെയ്തു കൂട്ടിയ കാര്യങ്ങളെ ഓര്‍ത്ത് കുറ്റബോധവും തോന്നി.
“ഞാൻ ജൂലിയോട് ഒരുപാട് തെറ്റുകള്‍ ചെയ്തു, അമ്മായി. അതുകൊണ്ടാണ് അവള്‍ കരഞ്ഞത്… അതുകൊണ്ടാണ് അവൾ എന്നെ ഉപദ്രവിച്ചത്. പക്ഷേ ഞാൻ അര്‍ഹിക്കുന്ന ശിക്ഷയേക്കാൾ എത്രയോ കുറഞ്ഞ ശിക്ഷയാണ് എനിക്ക് ലഭിച്ചത്.” അത്രയും പറഞ്ഞിട്ട് ഞാൻ ചായ കുടിക്കാന്‍ തുടങ്ങി.
ഞാൻ പറഞ്ഞത് കേട്ട് അമ്മായിയുടെ മുഖത്ത് നല്ല സങ്കടം നിറഞ്ഞു. പക്ഷേ ഭാഗ്യത്തിന് അമ്മായി കൂടുതലൊന്നും ചോദിച്ചില്ല.
ചായ കുടിച്ച ശേഷം ഞാൻ പുറത്തേക്ക് നടന്നതും അമ്മായി ചോദിച്ചു, “മോന്‍ ഒന്നും കഴിക്കുന്നില്ലേ..? നി ഇരിക്ക് ഞാൻ വിളമ്പി തരാം. എന്നിട്ട് വേണം എനിക്കും റെഡിയായി സ്കൂളിൽ പോകാൻ.”
“എനിക്ക് വിശപ്പില്ല…!” അതും പറഞ്ഞ് ഞാൻ വേഗം ഇറങ്ങി.
മുഖവും തലയും കഠിനമായി വേദനിക്കുന്നത്ത് കൊണ്ട് പോകുന്ന വഴിക്ക് മെഡിക്കൽ സ്റ്റോറില്‍ കേറി വേദനക്കുള്ള ഗുളിക വാങ്ങി കഴിച്ചു, പിന്നെ മാസ്ക്കും വാങ്ങി മുഖത്ത് വെച്ചപ്പൊ എന്റെ മുഖം നോർമൽ പോലെ തോന്നിച്ചു.
മാളിൽ വന്നിട്ടും എന്റെ ശ്രദ്ധ ഒന്നിലും ഉറച്ചു നിന്നില്ല. ഓഫീസ് കമ്പ്യൂട്ടറില്‍ എന്തോ തുറന്നു വച്ച് വെറുതെ നോക്കിയിരുന്നു.
പതിനൊന്ന് മണി ആയപ്പോ സാന്ദ്രയുടെ കോൾ വന്നു. പക്ഷേ ഞാൻ കട്ടാക്കി. എന്നാൽ അവള്‍ നിര്‍ത്താതെ തുടരെത്തുടരെ വിളിച്ചു കൊണ്ടിരുന്നു. ഞാനും കട്ടാക്കി കൊണ്ടിരുന്നു.
അവസാനം അവള്‍ ടെക്സ്റ്റ് മെസേജ് ചെയ്തു. അതിനെ ഞാൻ തുറന്നു നോക്കി.
*ചേട്ടൻ എന്തു പണിയാ കാണിച്ചത്..?! ചേച്ചിയോട് വേണ്ടാതീനം എന്തിനാ പറയാൻ പോയത്…?*
*എന്നെ കൊണ്ടു വിടാൻ വന്ന വഴി നീളെ ചേച്ചിയോട് ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു കരഞ്ഞു കൊണ്ടാണ് വന്നത്. എന്തിനാ ചേട്ടാ വെറുതെ അതൊക്കെ പറയാൻ പോയത്…!?”
അവള്‍ കുറെ മെസേജ് കൂടി അയച്ചു. അതിലൊക്കെ ഞാൻ സാന്ദ്രയുടെ കൂട്ടുകാരികളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് സൂചിപ്പിച്ചിരുന്നത്.