അവസാനം അവിടെ നിന്നുതന്നെ രാത്രി ഭക്ഷണവും കഴിച്ച് ഇറങ്ങാന്‍ നേരം നെല്‍സന്‍ പറഞ്ഞു,
“പിന്നേ, വെള്ളിയാഴ്ച വൈകിട്ട് നമ്മൾ എല്ലാവർക്കും എന്റെ വീട്ടില്‍ കൂടാം. സാം അളിയനുള്ള കള്ള് ഞാൻ ഒപ്പിക്കാം. ഫുഡ് എല്ലാം എന്റെ വീട്ടില്‍ തന്നെ റെഡിയാക്കാം. പക്ഷേ എനിക്കും ഗോപനുമുള്ള കുപ്പി അളിയന്‍ മേടിച്ചോണ്ട് വരണം.” നെല്‍സന്‍ ഉത്സാഹത്തോടെ പറഞ്ഞതും ഗോപനും ആവേശത്തോടെ അവന്റെ കൂട്ട് പിടിച്ചു.
സ്ത്രീകൾ മൂന്നും പരസ്പരം നോക്കി ചിരിച്ചു എന്നല്ലാതെ ഞങ്ങളോട് എതിര് പറഞ്ഞില്ല. കാരണം, വല്ലപ്പോഴും മാത്രമേ ഞങ്ങൾ മൂന്നുപേരും ഇതുപോലെ കൂടുകയുള്ളു. ആര്‍ക്കും ശല്യമായി ഞങ്ങൾ മാറുകയും ചെയ്തിട്ടില്ല.
സ്ത്രീകള്‍ക്ക് ഞങ്ങൾ സെവനപ്പ് അല്ലെങ്കിൽ മിറാന്‍ഡ വാങ്ങിച്ചു കൊടുക്കും. അവരും ഞങ്ങളുടെ കൂടെ ഇരുന്നു അതിനെ കുടിച്ചു കൊണ്ട് എൻജോയ് ചെയ്യും.
ആ ഒരു ദിവസം മാത്രം ജൂലി രാത്രിയിൽ മരുന്നിനെ ഒഴിവാക്കിയിരുന്നു. എന്നിട്ട് ഞങ്ങളുടെ കൂടെ അടിച്ചു പൊളിക്കും. അവസാനം പാര്‍ട്ടി നടക്കുന്ന വീട്ടില്‍ തന്നെയാണ് എല്ലാവരും അടുത്തതായി ഉറങ്ങുക.
ജൂലി പെട്ടന്ന് മറ്റുള്ളവരെ ഒന്ന് വിഷമ ഭാവത്തില്‍ നോക്കി.
“പക്ഷേ എനിക്ക് വരാൻ കഴിയില്ല… അതോണ്ട് ആര്‍ക്കും എന്നോട് വിഷമം തോന്നരുത്.” ജൂലി പറഞ്ഞു.
ഉടനെ അവരെല്ലാവരും ജൂലിയേ നിരാശയോടെ നോക്കി. ഞാൻ അത് പ്രതീക്ഷിച്ചത് കൊണ്ട് ഭാവമാറ്റം ഇല്ലാതെ നിന്നു.
“ഈയിടെയായി, മരുന്ന് മുടക്കിയാൽ എനിക്ക് ഭയങ്കര അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് മരുന്നിനെ മുടക്കാൻ കഴിയില്ല.” ഒരു കൂസലുമില്ലാതെ ജൂലി നുണ പറഞ്ഞു. “എന്തായാലും നിങ്ങൾ അഞ്ച് പേരും എൻജോയ് ചെയ്തോളൂ.” ജൂലി പറഞ്ഞു.
അവളുടെ അസുഖമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് അവരാരും തർക്കിച്ചില്ല.
“പിന്നേ അളിയാ, ജൂലി വരുന്നില്ല എന്നുകരുതി നീയും വരാതിരിക്കരുത്…!” നെല്‍സന്‍ ഗൌരവത്തില്‍ പറഞ്ഞു.
“തീര്‍ച്ചയായും ഞാൻ വരാം.”
അവസാനം ഞങ്ങൾ യാത്രയും പറഞ്ഞിറങ്ങി. ജൂലി എന്റെ കൂടെ ബൈക്കില്‍ കേറി എന്റെ അരയില്‍ ചുറ്റി പിടിച്ചിരുന്നു. എനിക്ക് സന്തോഷമായി.