കൂടാതെ അവള്‍ക്കടുത്ത് കിടന്ന് അവളുടെ സമാധാനം കളയാനും ഞാൻ ആഗ്രഹിച്ചില്ല.
അതുകാരണം ഹാളിലെ സോഫയിൽ ഞാൻ അഭയം പ്രാപിച്ചു. മണിക്കൂറുകളോളം ഞാൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് കിടന്നു.
ഒരു സമാധാനവും കിട്ടിയില്ല. കണക്കില്ലാത്ത തല്ലു കിട്ടിയ എന്റെ ചെകിടും എന്റെ മനസ്സും എല്ലാം ഒരുപോലെ നീറി പുകഞ്ഞു കൊണ്ടിരുന്നു.
അവസാനം ഓരോന്ന് ചിന്തിച്ചു കൊണ്ട് ഞാൻ എങ്ങനെയോ ഉറങ്ങി പോയി.
ആരൊക്കെയോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണര്‍ന്നത്. മുഖം വല്ലാതെ നീറുന്നുണ്ടായിരുന്നു. താടിയെല്ലിന്റെ ഭാഗത്തുള്ള വേദന കൂടാതെ അസഹനീയമായ തല വേദന വേറെയും.
ഹാളിലെ ക്ലോക്കിൽ സമയം നോക്കി…, 7:20 എന്നു കണ്ടു.
കിച്ചനിൽ അമ്മായി ജൂലിയ ദേഷ്യത്തില്‍ കുറ്റപ്പെടുത്തി എന്തൊക്കെയോ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞെങ്കിലും വാക്കുകൾ ഒന്നും വ്യക്തമായില്ല. എന്റെ മുഖത്തിനെ കുറിച്ച് എന്തോ പറയുന്നത് മാത്രം അവ്യക്തമായി കേട്ടു.
അന്നേരം സാന്ദ്ര കിച്ചനിൽ നിന്നും ഹാളിലേക്ക് വന്ന് എന്റെ മുന്നില്‍ മുട്ടുകുത്തി നിന്നു. ശേഷം തല്ലു കിട്ടി ചീർത്തിരുന്ന എന്റെ കവിളും മുഖത്തും എല്ലാം അവൾ വിഷമത്തോടെ നോക്കി.
“എന്തു പ്രശ്നമാ ഉണ്ടായേ….? ഇത്ര ക്രൂരമായി തല്ലാന്‍ മാത്രം ചേച്ചിക്ക് എങ്ങനെ കഴിഞ്ഞു…?” ജൂലിയോടുള്ള ദേഷ്യത്തില്‍ സാന്ദ്ര പല്ലിറുമ്മി.
പക്ഷേ അവളെ മൈന്റ് ചെയ്യാതെ എഴുനേറ്റു ഞാൻ റൂമിലേക്ക് പോയി.
സാവധാനത്തില്‍ കുളിച്ചിട്ട് ഡ്രസ്സും മാറി പതിയെ ഹാളിലേക്ക് വന്നപ്പൊ അമ്മായിയാണ് എനിക്ക് ചായ കൊണ്ടു തന്നത്.
ജൂലി സാന്ദ്രയെ കൊണ്ടു വിടാൻ പോയെന്ന് മനസ്സിലായി.
ഒന്നും മിണ്ടാതെ ഞാൻ ആ ചായ വാങ്ങി. അമ്മായി വിഷമത്തോടെ എന്റെ നീര് കേറിയ മുഖത്ത് തന്നെ നോക്കി നിന്നു.
“മോനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നമാണോ…?” അമ്മായി വിഷമത്തോടെ ചോദിച്ചു. “രാവിലെ തൊട്ടേ ജൂലി ഒരേ കരച്ചില്‍ ആയിരുന്നു. പക്ഷെ കാര്യം ചോദിച്ചിട്ട് അവൾ ഒന്നും പറയുന്നില്ല. ജൂലി ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്താ സംഭവിച്ചത്..?”