അർത്ഥം അഭിരാമം 9 [കബനീനാഥ്]

Posted by

സനോജ് പറഞ്ഞേൽപ്പിച്ച പെയിന്ററായിരുന്നു വന്നത്.

ജോലി സ്ഥലത്തു നിന്നും വന്നതു പോലെ അയാളുടെ കൈകളിലും വസ്ത്രങ്ങളിലും പലനിറങ്ങൾ കാണപ്പെട്ടു……

“ഇതാ മാഷേ പറഞ്ഞയാൾ… ”

സനോജ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

പെയിന്റർ , അവർക്കടുത്തേക്ക് വന്നു…

” മൊത്തം ഒന്ന് നോക്കി നീയൊരു കരാറ് പറ..”

വിനയചന്ദ്രൻ കസേരയിൽക്കിടന്നു തന്നെ പറഞ്ഞു..

സനോജ് അയാളെയും കൂട്ടി വീടിനകവും പുറം വശങ്ങളും കാണിച്ചു കൊടുത്തു…

” പുറംഭാഗമൊക്കെ വാഷ് ചെയ്യണം മാഷേ..”

തിരികെ വന്ന് പെയിന്റർ പറഞ്ഞു.

“എല്ലാം കൂടി കൂട്ടിപ്പറഞ്ഞോ… ”

” അതിപ്പോ… മാഷിനോട് ഞാൻ.., ”

പെയിന്റർ തല ചൊറിഞ്ഞു…

“അതെന്നാ , നിനക്ക് കൂലി വേണ്ടേ..?”

വിനയചന്ദ്രൻ ചിരിയോടെ മുന്നോട്ടാഞ്ഞു ..

“അങ്ങനല്ല.. കണക്കു പറയാൻ പറ്റാഞ്ഞിട്ടാ… ”

” ഉടനെ തീർക്കണം.. ഗേയ്റ്റും മതിലും കൂടെ വേണം……”

പെയിന്റർ തല കുലുക്കി….

” കാശിന്റെ കാര്യമൊക്കെ , സനോജിനോട് പറഞ്ഞാൽ മതി…… സാധനങ്ങളുടെ ലിസ്റ്റ് കടയിൽ കൊടുത്തേക്ക്… ഇവൻ കൊണ്ടു വന്നോളും… ”

വിനയചന്ദ്രൻ പറഞ്ഞതു കേട്ട് സനോജ് അമ്പരപ്പോടെ അയാളെ നോക്കി. അതേ അമ്പരപ്പോടെ പെയിന്റർ സനോജിനേയും നോക്കി…

” അല്ല……. മാഷെങ്ങോട്ടാ പോകുന്നത്…… ?”

പെയിന്റർ പോയിക്കഴിഞ്ഞ് സനോജിന് ചോദിക്കാതിരിക്കാനായില്ല…

” ഞാൻ നിന്നോട് പോകുന്ന കാര്യം പറഞ്ഞതല്ലേ… പിന്നെന്താ… ? ”

അവനു മുഖം കൊടുക്കാതെ വിനയചന്ദ്രൻ പറഞ്ഞു.

“അതൊന്നുമല്ല… …. ”

സനോജ് പിറുപിറുത്തു…

” പിന്നെ… ?”

” ഞാൻ കുറേയായല്ലോ മാഷിനെക്കാണാൻ തുടങ്ങിയിട്ട് … ”

സനോജിന്റെ സ്വരം ഇടറിയെങ്കിലും ഉയർന്നിരുന്നു…

വിനയചന്ദ്രൻ ഒരു നിമിഷം മിണ്ടിയില്ല…

” ആത്മഹത്യ ചെയ്യാനാണെങ്കിൽ രണ്ടു പ്രാവശ്യം ചെയ്യേണ്ട സമയം കഴിഞ്ഞില്ലേടാ… അതോർത്തു നീ പേടിക്കണ്ട… ”

ഒടുവിൽ അയാൾ പറഞ്ഞു…

സനോജിന്റെ മുഖത്ത് ചെറിയ പ്രകാശം പരന്നു……

“എന്റെ മോളൊരു പൊട്ടിയാ… ആരു പറഞ്ഞാലും വിശ്വസിക്കും…… അതല്ലേ , ബുദ്ധി തെളിയാത്ത പ്രായത്തിൽ അവളിറങ്ങിപ്പോയത്…… ”

വിനയചന്ദ്രൻ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *