“അതൊക്കെ ഞാൻ വിശദമായി പറയാമെടാ..”
അജയ് അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു……
അവൻ ഫോൺ കട്ടാക്കിയതും അഭിരാമി പിൻ തിരിഞ്ഞു…
നിശബ്ദം, അവൾ പടികളിറങ്ങുന്നത് അവൻ ഊഞ്ഞാലിലിരുന്നു കണ്ടു …
പത്തു മിനിറ്റു കഴിഞ്ഞ്, അവൻ താഴേക്കിറങ്ങി ചെല്ലുമ്പോൾ ഹാളിലെ കോർണറിൽ , വസ്ത്രങ്ങൾ അയൺ ചെയ്യുന്ന അമ്മയെ കണ്ടു……
ഫോൺ ടേബിളിലേക്ക് വെച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു……
തന്റെ വസ്ത്രങ്ങളാണ് അയൺ ചെയ്യുന്നത്…
ഒരു ജോഡി വസ്ത്രങ്ങൾ, അയൺ ചെയ്തു മടക്കി വെച്ചിട്ടുണ്ട്…
“എന്താ ഒരു വീർപ്പിക്കൽ… ….? ”
അവൻ മുഖം വീർപ്പിച്ചു കൊണ്ട് അവളോട് ചോദിച്ചു……
അവളതു ശ്രദ്ധിക്കാതെ ജോലി തുടർന്നു …
” കാര്യം പറയമ്മാ… …. ”
അവളതിനും മിണ്ടിയില്ല …
അജയ് സ്വിച്ച് ഓഫ് ചെയ്തു.
അവളവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് , കൈയ്യെത്തിച്ച് സ്വിച്ച് ഓൺ ചെയ്തു ജോലി തുടർന്നു..
അവൻ വീണ്ടും സ്വിച്ച് ഓഫ് ചെയ്തു..
അവൾ വീണ്ടും സ്വിച്ച് ഓണാക്കി ….
അജയ് സ്വിച്ച് ഓഫ് ചെയ്ത് അയൺ ബോക്സിന്റെ കേബിൾ ഊരിയെടുത്ത് അവളെ നോക്കി …
” മോന്തക്കിടി കിട്ടിയത് എനിക്കല്ലേ… അതിന് അമ്മയെന്തിനാ മിണ്ടാതിരിക്കുന്നത്……?”
അഭിരാമി അവനെ രൂക്ഷമായി നോക്കിയതല്ലാതെ പ്രതികരിച്ചില്ല…
അയൺ ചെയ്തിരുന്ന വസ്ത്രം ചുളുക്കിക്കൂട്ടി ടേബിളിലേക്ക് വലിച്ചെറിയുന്നതു പോലെ ഇട്ട്, അവൾ അടുക്കളയിലേക്ക് പോയി..
അവനും പിന്നാലെ ചെന്നു..
“ബാംഗ്ലൂരിന് പോയാലോന്ന് ആലോചിക്കുവാ……. ”
ആത്മഗതമെന്ന പോലെ അവൻ പറഞ്ഞു……
അവളതു കേട്ട ഭാവം കാണിക്കാതെ സിങ്കിൽ കിടന്ന ഒരുപാത്രം തന്നെ പല തവണ കഴുകിത്തുടങ്ങി..
” ഞാൻ ബാംഗ്ലൂരിന് പോകുവാന്ന്… ”
സഹികെട്ടന്ന പോലെ അവൻ അല്പം ഉച്ചത്തിൽ പറഞ്ഞു.
അതിന് ഞാനെന്തു വേണം എന്ന രീതിയിൽ അവൾ അവനെ ഒന്നു നോക്കി…
“അമ്മയ്ക്കെന്താ പറ്റിയത്…… ?”
അവളുടെ പിന്നിലേക്ക് ചെന്ന് അവൻ ശാന്തതയോടെ ചോദിച്ചു……
അഭിരാമി അതിനും മറുപടി പറഞ്ഞില്ല..
അവൾ കഴുകിത്തീർന്ന പാത്രം സ്ലാബിലേക്ക് വെച്ചു..
“ശൊല്ലുങ്കോ അമ്മാ……. ”
അവൻ അവളുടെ മുടിയിഴകളിൽ തലോടി..