***********
വൈകിട്ട് ലിയയെ ബസ്സ് സ്റ്റോപ്പിൽ ആക്കാൻ വേണ്ടി ചെന്ന ആര്യനെ കണ്ട കുട്ടച്ചനും അവനോട് നടന്ന സംഭവത്തെപ്പറ്റി ചോദിച്ചു. അവൻ കുറച്ച് വിശദീകരിച്ച ശേഷം ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ചന്ദ്രിക അവനെ കണ്ടതും “നീ ഒന്ന് ഇങ്ങു വന്നേ” എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.
ആര്യൻ സൈക്കിൾ എടുത്തുകൊണ്ട് പുറകിൽ കൊണ്ടുവച്ച ശേഷം അടുക്കള വാതിൽ വഴി അകത്തേക്ക് കയറി.
“ടാ ചെക്കാ…നീ എന്തുവായിരുന്നു രാവിലെ കാണിച്ചത്…?”
“എന്ത് കാണിച്ചെന്ന്…?”
“എന്ത് കാണിച്ചെന്നോ…രാജനെ തല്ലിയത് അറിയാൻ ഇനി ആരാ ബാക്കി ഉള്ളത്…?”
“തല്ലിയെന്നോ…അങ്ങനെയാണോ അപ്പോ എല്ലാവരും പറഞ്ഞു നടക്കുന്നത്…അയാളെ ഒന്ന് തള്ളി മാറ്റിയപ്പോ തറയിലേക്ക് വീണു…അതിന് അയാള് ചാടി വന്ന് എന്നെയാ തല്ലിയത്…”
“എന്തുവാണേലും നീ അവൻ്റെ ദേഹത്ത് കൈ വച്ചില്ലേ…അവൻ്റെ അടുത്ത് പോകാൻ പോലും പെടിയുള്ളവരുണ്ട് ഇവിടെ…അപ്പോഴാ…”
“എനിക്ക് ഒരു പേടിയും തോന്നിയില്ല…വെറുപ്പാണ് തോന്നിയത്…”
“ഹാ…എന്തായാലും കൊള്ളാം…”
“എല്ലാവരും അതിനെ പറ്റി തന്നെ ചോദിച്ച് വീണ്ടും വീണ്ടും എന്നെ ഓർമിപ്പിക്കാതെ…ഞാൻ എങ്ങനെയെങ്കിലും ഒന്ന് മറക്കാൻ ശ്രമിക്കുവാ…”
“മ്മ്…ഞാൻ സത്യാവസ്ഥ അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളൂ…”
“ഞാൻ എങ്കിൽ പോട്ടേ ചേച്ചീ…”
“മ്മ്…ശരിയടാ…”
ആര്യൻ അവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി. അവൻ്റെ മനസ്സ് തീരെ ശാന്തമായിരുന്നില്ല. ആര്യൻ കുളിച്ച് കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ വേണ്ടി കിടന്നു. അൽപ്പ സമയം കിടന്നപ്പോഴേക്കും വാതിലിൽ ആരോ തട്ടുന്നത് കേട്ട് ആര്യൻ എഴുന്നേറ്റുപോയി വാതിൽ തുറന്നു.
ശാലിനി ആയിരുന്നു. അവളെ കണ്ടപ്പോൾ തന്നെ ആര്യൻ ഊഹിച്ചു നടന്ന കാര്യം അറിഞ്ഞുള്ള വരവാണെന്ന്. ശാലിനി അകത്തേക്ക് കയറി അവനോട് കാര്യം തിരക്കി.
“ശരിയാണോ കേട്ടതൊക്കെ…?”
“കേട്ടത് എങ്ങനെയാ…?”
“നീ അയാളെ തല്ലിയെന്ന്…”
“തല്ലിയൊന്നുമില്ല…ഒന്ന് തള്ളിയപ്പോ അയാള് പിന്നിലേക്ക് തെറിച്ച് താഴെ വീണു…”
“മ്മ്…ചേച്ചിയും ഉപദേശിക്കാൻ വന്നതായിരിക്കും അല്ലേ…?”
“അല്ലാ…അടുത്ത തവണ അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ നിനക്ക് ധൈര്യമുണ്ടെങ്കിൽ രണ്ടെണ്ണം കൂടി കൊടുക്കണമെന്ന് പറയാൻ വന്നതാ…”