രാജൻ അവളെ തല്ലാൻ കൈകൾ വീണ്ടും വീശിയതും പുറകിൽ നിന്നും ആര്യൻ അവൻ്റെ കൈയിൽ കയറിപ്പിടിച്ചതും ഒന്നിച്ചായിരുന്നു.
രാജൻ ഒരുനിമിഷം തൻ്റെ കൈയിൽ കയറി പിടിക്കാൻ ധൈര്യം കാട്ടിയവനെ തിരിഞ്ഞ് നോക്കിയതും അവൻ്റെ കണ്ണുകളിൽ കൂടുതൽ രൗദ്ര ഭാവം നിറഞ്ഞു നിന്നു. അത് ആര്യനും ശ്രദ്ധിച്ചു.
രാജൻ മറുകൈ കൊണ്ട് ആര്യനെ തല്ലാൻ കൈ ഓങ്ങിയെങ്കിലും കൈ പൊങ്ങിയപ്പോഴേക്കും ആര്യൻ രാജൻ്റെ നെഞ്ചിൽ റണ്ടുകൈയും ചേർത്ത് ഒന്ന് തള്ളിയതും രാജൻ പിന്നിലേക്ക് തെറിച്ച് തറയിൽ വീണു.
അതുകണ്ടു നിന്ന പലരുടെയും മുഖത്ത് ഒരു ആശ്ചര്യ ഭാവം നിറഞ്ഞു. പലരിലും അമ്പരപ്പുണ്ടായി. ചിലരിൽ രാജൻ ഇനി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ഉള്ള ആവേശം ഉണ്ടായപ്പോൾ മറ്റുചിലരിൽ അതൊരു ഭീതി ഉണർത്തി.
ആര്യൻ തറയിൽ കിടന്ന സുഹറയുടെ സാരി എടുത്ത് അതവളുടെ കൈയിൽ കൊടുത്തു. സുഹറ അതുവാങ്ങി മാറ് മറച്ചുകൊണ്ട് കരച്ചിൽ തുടർന്നു.
ഈ സമയം രാജൻ ചാടി എഴുന്നേറ്റ് വീണ്ടും ആര്യന് നേരെ കൈ വീശി വന്നു. ഇത്തവണ ആര്യൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ തന്നെ രാജൻ്റെ അടി ആര്യൻ്റെ പുറത്ത് പതിഞ്ഞു. ആര്യൻ താഴേക്ക് മുഴുവനായി വീണില്ലെങ്കിലും ഒരു മുട്ടിൽ കുത്തി നിന്നു.
പെട്ടെന്ന് തന്നെ ആര്യൻ ചാടി എഴുന്നേറ്റ് തിരിച്ച് അവൻ്റെ നേർക്ക് ചെല്ലാൻ തുടങ്ങിയപ്പോഴേക്കും ലിയ അവിടേക്ക് ഓടി എത്തുകയും ആര്യൻ്റെ കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തു.
“ആര്യാ…വേണ്ടാ…വാ പോകാം…വരാനാ പറഞ്ഞത്…” ലിയ ആര്യനോട് കേണു.
എന്നാൽ അപ്പോഴേക്കും രാജൻ ആര്യൻ്റെ യൂണിഫോമിൻ്റെ കോളറിൽ കയറിപ്പിടിച്ചു. ലിയ പേടിച്ച് ഉടനെ തന്നെ പിന്നിലേക്ക് മാറി.
“നായിൻ്റെ മോനെ…എൻ്റെ ദേഹത്ത് കൈ വെക്കാനും മാത്രം ആയോ നീ…” രാജൻ ആര്യൻ്റെ കണ്ണിൽ നോക്കി അലറി.
ആര്യനും രാജൻ്റെ കോളറിൽ കയറിപ്പിടിച്ചു. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും ആയി. “ആര്യാ വേണ്ടടാ…” എന്നെല്ലാം ലിയ പറയുന്നുണ്ട്. ആളുകൾ എല്ലാവരും ഞെട്ടലിൽ തന്നെ നിന്നു.