************
അന്ന് ആര്യൻ ഓഫീസിൽ കത്തുകൾ എല്ലാം കൊടുത്ത് തിരികെ വന്ന് മുറിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വലിയ ഒരു ബഹളം കേട്ടു. അവൻ ഉടനെ തന്നെ അവൻ്റെ മുറിയിൽ നിന്നും ലിയയുടെ അടുത്തേക്ക് ചെന്നു. ആര്യനെ കണ്ട ലിയ അവനോട് “അയാള് വന്നു എന്ന് തോന്നുന്നു” എന്ന് പറഞ്ഞപ്പോൾ തന്നെ ആര്യന് കാര്യം മനസ്സിലായി. അവൻ ഉടനെ തന്നെ പുറത്തേക്ക് പോകാൻ തുടങ്ങിയതും ലിയ അവൻ്റെ കൈയിൽ കയറി പിടിച്ചുകൊണ്ട് “വേണ്ടടാ…പോകണ്ട…” എന്ന് പറഞ്ഞ് തടഞ്ഞു.
“ഒന്ന് പോയി നോക്കട്ടെ ചേച്ചീ…”
“എങ്കിൽ നിൽക്ക് ഞാനും വരുന്നു…നീ ഒറ്റയ്ക്ക് പോകണ്ടാ…”
“മ്മ് ശരി വാ…”
എന്നാൽ അപ്പോഴേക്കും ഓഫീസിലേക്ക് പ്രായമായ ഒരു സ്ത്രീ കടന്നു വരികയും ലിയക്ക് ജോലിയിലേക്ക് കടക്കേണ്ടിയും വന്നു.
“ടാ…ഒന്നിച്ച് പോകാം…” എന്ന് ലിയ പറഞ്ഞു.
ആര്യൻ അതനുസരിച്ച് അവിടെ നിന്നെങ്കിലും വീണ്ടും വലിയൊരു ഒച്ച കേട്ടു. അപ്പോൾ ഓഫീസിൽ വന്ന ആ സ്ത്രീ “ഹൊ ആ കാലമാടൻ ആ കൊച്ചിനെ കൊല്ലുമെന്നാ തോന്നുന്നത്…” എന്ന് പറഞ്ഞതും ആര്യൻ പിന്നെ ഒട്ടും സമയം പാഴാക്കാതെ അവിടെ നിന്നും ഇറങ്ങി ഓടി. ലിയ അവനെ വിളിച്ചെങ്കിലും അവൻ നിന്നില്ല.
“അയാളുടെ ബഹളം ഇവിടെ വരെ കേൽക്കാമെന്ന് ലിയ ചേച്ചി പറഞ്ഞിട്ടുണ്ടെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ല…ഇത്രയും ദൂരം അത് കേൾക്കണമെങ്കിൽ അയാളെന്തൊരു ശബ്ദത്തിൽ ആയിരിക്കണം ബഹളം ഉണ്ടാക്കുന്നത്…” ആര്യൻ ഓട്ടത്തിനിടയിൽ മനസ്സിൽ ഓർത്തു.
അവൻ വേഗം തന്നെ കനാലിലൂടെ സുഹറയുടെ വീട്ടിലേക്ക് പാഞ്ഞു. കനാലിലും വീടിന് പരിസരത്തും എല്ലാമായി കുറച്ച് ആളുകൾ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. ആര്യൻ അവരിൽ ചിലരെയൊക്കെ തള്ളി മാറ്റിക്കൊണ്ട് പടികൾ ഇറങ്ങി വീടിൻ്റെ പരിസരത്തേക്ക് നടന്നു. കുറച്ച് പേര് അവിടെയും നിൽക്കുന്നുണ്ടായിരുന്നു. ബഹളം കേട്ട് കൂടുതൽ ആളുകൾ വന്നുകൊണ്ടിരുന്നു.
“കഴുവേറീടെ മോളെ…നിനക്ക് പൈസ തരാൻ വയ്യ അല്ലിയോടി കൂത്തിച്ചി…” എന്ന ഭയാനകമായ ശബ്ദം കേട്ട് ആര്യൻ അങ്ങോട്ടേക്ക് നോക്കുമ്പോൾ രാജൻ സുഹറയുടെ മുടിക്കുത്തിന് പിടിച്ചുകൊണ്ട് അവളുടെ ഇരു കവിളുകളിലും മാറി മാറി തല്ലുന്ന കാഴ്ചയാണ് കണ്ടത്.