ആര്യൻ അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു. പക്ഷേ അത് പതിയെ കുറഞ്ഞു വന്നു ഇല്ലാതെയായി. അതിൻ്റെ കാരണം ശാലിനി നടത്തം നിർത്തി അനങ്ങാതെ നിന്നതാണ്. ശാലിനിയുടെ മുഖത്തെ ഭാവമാറ്റം ആര്യൻ ശ്രദ്ധിച്ചു. അത് ദേഷ്യമാണോ സങ്കടമാണോ ചമ്മൽ ആണോ എന്ന് മാത്രം അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല. എല്ലാം കൂടി കലർന്നൊരു ഭാവം ആയിട്ടാണ് അവന് തോന്നിയത്.
“അത് ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചിയെ കളിയാക്കാൻ അങ്ങനെ ഒന്നും ഇല്ലാ…മായ്ച്ച് കളഞ്ഞേക്ക്…”
ആര്യൻ അവളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് പറഞ്ഞു.
“അയ്യേ…പോടാ വൃത്തികെട്ടവനേ…നീ ഇങ്ങു വാ ഇനി എന്നോട് മിണ്ടാൻ…നാണം കെട്ടവൻ…പോ എൻ്റെ മുൻപീന്ന്…” എന്നൊക്കെ പറഞ്ഞുകൊണ്ട് ശാലിനി ഉറഞ്ഞുതുള്ളി അവിടെ നിന്നും വേഗം നടന്നുപോയി.
ആര്യൻ അവളെ വിളിച്ചെങ്കിലും പുറകെ നടന്നെങ്കിലും ശാലിനി ഒന്ന് നിൽക്കാനോ കേൾക്കാനോ പോലും കൂട്ടാക്കാതെ വീട്ടിലേക്ക് കയറിപ്പോയി. ആര്യൻ കൂടുതൽ പ്രശ്നം ആക്കണ്ടാ എന്ന് കരുതി അവന് അങ്ങനെ പറയാൻ തോന്നിയ ആ സന്ദർഭത്തെ പഴിച്ചുകൊണ്ട് അവൻ്റെ വീട്ടിലേക്ക് നടന്നു.
ആര്യൻ ഭക്ഷണം എല്ലാം പാകം ചെയ്ത് ആഹാരം കഴിച്ച ശേഷം റെഡി ആയി ഓഫീസിലേക്ക് പോകാൻ ഇറങ്ങി. ആര്യൻ ഇറങ്ങിയപ്പോൾ തന്നെ ലിയ വരികയും അവൻ അവളെയുംകൊണ്ട് ഓഫീസിലേക്ക് യാത്രയാവുകയും ചെയ്തു.
പതിവ് പോലെ തന്നെ അന്നത്തെ ദിവസവും വലിയ ജോലികൾ ഒന്നും ഇല്ലാതെ കടന്നു പോയി. ലിയയെ കൊണ്ടുവിട്ട ശേഷം ആര്യൻ കടയിൽ നിന്നും കുറച്ച് പലഹാരങ്ങൾ വാങ്ങി വീട്ടിലേക്ക് പോയി. ഒന്ന് കുളിച്ച ശേഷം അവൻ ചായ ഇട്ട് വാങ്ങി വന്ന പഴംപൊരിയിൽ നിന്നും ഒരെണ്ണം എടുത്ത് കഴിച്ച് ചായയും കുടിച്ച ശേഷം ശാലിനിയുടെ വീട്ടിലേക്ക് നടന്നു.
മുറ്റത്തേക്ക് കയറിയതും അമ്മു അവനെ കണ്ട് അകത്ത് നിന്നും ഓടി പുറത്തേക്ക് വന്നു. ആര്യൻ ഉടനെ തന്നെ തിണ്ണയിലേക്ക് കയറി അമ്മുവിനെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തിയ ശേഷം കൈയിൽ കരുതിയ പലഹാരങ്ങൾ കൊടുത്തു.
“എവിടെയായിരുന്നു ചേട്ടൻ രണ്ട് ദീസം…?”