“ആഹാ നീയോ…എന്താടാ?”
“ചേച്ചി ഏത് പുസ്തകമാ എടുത്തത് അവിടെ നിന്ന്?”
“ദേ ഇത്…” ശാലിനി പുസ്തകം എടുത്ത് അവൻ്റെ നേരെ നീട്ടി അതിൻ്റെ പുറംതാള് കാണിച്ചുകൊടുത്തു.
“അത് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നതാ ഇങ്ങ് താ…” ആര്യൻ മുറിക്കുള്ളിലേക്ക് കയറി ശബ്ദം കുറച്ച് കനപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഇതോ…നീ ഇതിൽ അടയാളം ഒന്നും വച്ചിട്ടില്ലല്ലോ അതിന്…” പുസ്തക താളുകൾ മറിച്ചു നോക്കിക്കൊണ്ടാണ് ശാലിനി അത് പറഞ്ഞത്.
“അടയാളം വെച്ചെങ്കിലേ വായിക്കുന്നതാവുള്ളോ…?” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൾടെ കൈയിൽ നിന്നും പുസ്തകം തട്ടിപ്പറിക്കാൻ കൈ നീട്ടി.
“ആഹാ…നീ അല്ലേ പറഞ്ഞത് ഏത് വേണെങ്കിലും നോക്കി എടുത്തോളാൻ എന്നിട്ടിപ്പോ ചൂടാവുന്നോ…?” ശാലിനി പുസ്തകം അവൻ്റെ കൈയിൽ അകപ്പെടുന്നതിന് മുൻപ് തന്നെ വെട്ടിച്ച് മാറ്റിക്കൊണ്ട് അവനോട് ചോദിച്ചു.
“അത് പിന്നെ ഈ പുസ്തകം ഞാൻ വായിച്ച് കഴിഞ്ഞ് മാറ്റിവെച്ചു എന്നോർത്തല്ലെ പറഞ്ഞത്…”
“ഏഹ്…വായിച്ച് കഴിഞ്ഞ് മാറ്റിവെച്ചന്നോ…അപ്പോ നീ വായിച്ചോണ്ടിരിക്കുന്നതാണെന്ന് പറഞ്ഞതോ…?”
ശാലിനിയുടെ ആ ചോദ്യം കേട്ടപ്പോഴാണ് അവൻ പറഞ്ഞ മണ്ടത്തരത്തെപ്പറ്റി ആര്യന് ബോധമുണ്ടായത്. ഇനി എന്ത് പറയണം എന്നറിയാതെ അവൻ ഒരു നിമിഷം പകച്ചു നിന്നു. അവൻ മറ്റെന്തെങ്കിലും കള്ളം പറയാൻ ആലോചിക്കുന്നതിന് മുൻപ് തന്നെ ശാലിനി അവളുടെ നയം വ്യക്തമാക്കി.
“ഇനി ഞാൻ ഇത് വായിച്ച് കഴിഞ്ഞേ തരുന്നുള്ളൂ നീ പോയി കേസ് കൊടുക്ക് നിൻ്റെ പുസ്തകം കട്ടൂ എന്ന് പറഞ്ഞ്…” ശാലിനി സ്വരം അൽപ്പം കടുപ്പിച്ചു.
“ചേച്ചീ ദേ തരുന്നുണ്ടോ…ഞാൻ വേറെ ഒരെണ്ണം എടുത്തുകൊണ്ട് തരാം…”
“വേണ്ട മോനെ…ചേച്ചിക്ക് ഇത് മതി…”
“ചേച്ചീ പ്ലീസ് അതിങ്ങു താ…” ആര്യൻ കെഞ്ചി.
“എന്തോ…ഇങ്ങനെ ആയിരുന്നില്ലല്ലോ നീ ഇതുവരെ പറഞ്ഞത്…ആദ്യമേ നീ മര്യാദക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ തന്നേനേം…അപ്പോ അവൻ്റെ ഒരു ആജ്ഞാപിക്കൽ…”
“സോറി ചേച്ചീ അറിയാതെ പറഞ്ഞുപോയതാ…ചേച്ചി ആ ബുക്ക് ഇങ്ങു താ…”
“ഇല്ലെടാ…തരില്ല…”
“ഇങ്ങനെ വാശി പിടിക്കല്ലേ…”