ലിയ ആര്യൻ പോയി മറയുന്നതും അവിടെ ഇരുന്നു. അവളുടെ ദേഷ്യം പതിയെ മാറി അത് സങ്കടത്തിലേക്ക് വഴിവച്ചു. ദേഷ്യം ഒന്നടങ്ങിയപ്പോഴാണ് അവളെന്തിനാണ് അവനോട് അങ്ങനെയൊക്കെ പെരുമാറിയതെന്ന് ലിയ ചിന്തിച്ചത്. അതിനും മാത്രം എന്താണ് ആര്യൻ ചെയ്തത് എന്ന് അവൾ ആലോചിക്കാൻ തുടങ്ങി. ശരിക്കും തനിക്ക് ഒരു നിമിഷം പോലും ആര്യൻ തൻ്റെ അരികിൽ നിന്നും മാറി നിൽക്കുന്നത് ഇഷ്ട്ടം ആല്ലാഞ്ഞിട്ടല്ലേ താൻ അവനോട് അങ്ങനെയൊക്കെ പറഞ്ഞതും അതൊരു വഴക്കായി മാറിയതും എന്നെല്ലാം ലിയ മനസ്സിൽ ചിന്തിച്ചു. എന്തുകൊണ്ടാണ് തനിക്ക് അവനോട് ഇത്രയും സ്നേഹം? എന്തുകൊണ്ടാണ് അവൻ്റെ സാമിപ്യം താൻ എപ്പോഴും ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് അവനു നേരെ താൻ ഇത്രയും അധികാരം കാണിക്കുന്നത്? അങ്ങനെ പലപല ചോദ്യങ്ങളും ലിയ അവളോട് തന്നെ ചോദിച്ചു.
അവനോട് അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ലെന്നും താൻ അത്രയൊക്കെ പറഞ്ഞിട്ടും അവൻ തന്നെ വേദനിപ്പിക്കുന്ന രീതിയിൽ ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും എല്ലാം ലിയ ഓർത്തു. ആര്യൻ തിരികെ വന്നിരുന്നെങ്കിൽ എന്ന് ആശിച്ച് അവൾ കസേരയിൽ മുഖം താഴ്ത്തി ഇരുന്നു.
എന്നാൽ ഈ സമയം ആര്യൻ ലിയയുടെ പെട്ടെന്നുള്ള ആ പെരുമാറ്റത്തിൻ്റെ കാരണം എന്താണെന്ന് ആലോചിച്ച് സൈക്കിൾ മെല്ലെ വീട്ടിലേക്ക് ചവിട്ടി. തിരിച്ച് പോണോ വേണ്ടയോ എന്നൊക്കെ അവൻ മനസ്സിൽ ആലോചിച്ചു. “എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞ ആളല്ലേ അങ്ങനിപ്പോ തിരികെ പോണില്ല. പോയില്ലേൽ ഇനി എന്നെന്നേക്കുമായി പിണങ്ങുമോ?…ഹാ പിണങ്ങുന്നെങ്കിൽ അങ്ങോട്ട് പിണങ്ങട്ടെ എനിക്കും ഉണ്ട് വാശിയും ദേഷ്യവും ഒക്കെ…വേണേൽ നാളെ ഒരു സോറി പറയുകയാണെങ്കിൽ തിരിച്ചും ഒരു സോറി പറഞ്ഞ് നാളെ മുതൽ വീണ്ടും നിൽക്കാം അല്ലെങ്കിൽ ഇനി നിൽക്കുന്നില്ല…ഹും…” ആര്യൻ മനസ്സിൽ പല കണക്കുകൂട്ടലുകളും നടത്തി. പെട്ടെന്ന് ആര്യൻ എന്തോ ഓർത്ത് സൈക്കിളിൻ്റെ ബ്രേക്ക് പിടിച്ചു.
“അയ്യോ…മോളി ചേട്ടത്തീടെ ബ്ലൗസ് എടുത്തില്ലല്ലോ…ശ്ശേ തിരിച്ച് പോകണമല്ലോ…ഹാ അതിനിപ്പോ എന്താ മൈൻഡ് ചെയ്യാതെ കേറി ബ്ലൗസും എടുത്ത് ഇറങ്ങാം…”
ആര്യൻ സൈക്കിൾ തിരിച്ച് വീണ്ടും ഓഫീസിലേക്ക് ചവിട്ടി.