“വരട്ടെ ഇത്താ…”
“മ്മ്…” സുഹറ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
ആര്യൻ അവിടെ നിന്ന് വീണ്ടും ഓഫീസിലേക്ക് തന്നെ നടന്നു. പോകുന്ന വഴിയിൽ സുഹറയുടെ മനസ്സിലെ വിഷമവും സങ്കടവും നേരിട്ട് അവളിൽ നിന്ന് തന്നെ അറിഞ്ഞതിൻ്റെ നൊമ്പരവും ആര്യൻ്റെ ഉള്ളിൽ നിറഞ്ഞിരുന്നു.
ആര്യൻ ഓഫീസിലേക്ക് കയറിയതും അവനെയും കാത്ത് അവിടെ ഇരുന്ന ലിയയുടെ ചോദ്യവും ഒന്നിച്ചായിരുന്നു.
“എവിടെയായിരുന്നു ഇത്രയും നേരം?”
“ഏഹ്…ഞാൻ ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ…”
“നീ പോയിട്ട് ഇരുപത് മിനുട്ട് ആയി…”
“അതാണോ ഇത്രയും വലിയ നേരം…?”
“ഇരുപത് മിനുട്ടെന്താ ചെറിയ സമയാ…?”
“ശെടാ…ഞാൻ ചെന്നപ്പോൾ ഇത്ത ആഹാരം കഴിക്കുവായിരുന്നു…അതാ താമസിച്ചത്…”
“കഴിച്ചു കഴിയുന്നത് വരെ നിനക്ക് നോക്കിയിരിക്കണോ അത് എടുത്തിട്ട് ഇങ്ങു പോന്നാൽ പോരെ…”
“ഒരു പത്ത് മിനുട്ട് അവിടെ ഇരുന്നെന്ന് വെച്ച് എന്ത് സംഭവിക്കാനാ ചേച്ചീ…എന്താ ചേച്ചീടെ പ്രശ്നം ശരിക്കും അത് പറ…”
“എന്ത് പ്രശ്നം?”
“പിന്നെ എന്തിനാ ഇങ്ങനെ കിടന്നു വഴക്കിടുന്നത്…?”
“അതിന് ആരാ വഴക്കിട്ടത്…?”
“പിന്നെ ഞാനാണോ?”
“ഞാൻ നിന്നോട് താമസിച്ചത് എന്താണെന്നല്ലേ ചോദിച്ചുള്ളൂ…”
“ഹാ…അതെന്തുകൊണ്ടാണെന്ന് ഞാൻ പറഞ്ഞല്ലോ…പിന്നെ എന്താ പ്രശ്നം…?”
“മ്മ്…ശരി ആയിക്കോട്ടെ…”
“ശെടാ…ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും കൂടെ ഇരിക്കുന്നതും പോരാ പത്ത് മിനുട്ട് താമസിച്ചെന്നും പറഞ്ഞ് ഇങ്ങനെയുണ്ടോ…” എന്നും പറഞ്ഞ് ആര്യൻ അകത്തേക്ക് പോയി.
അതുകേട്ട ലിയ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവൻ്റെ പുറകെ ചെന്നു.
“എന്താ നീ പറഞ്ഞത്…നിന്നോട് ഞാൻ ആവശ്യപ്പെട്ടോ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും ഇവിടെ ഇരിക്കാൻ…”
“പിന്നെന്തിനാ ഞാൻ താമസിച്ചെന്ന് പറഞ്ഞു കിടന്നു ബഹളം ഉണ്ടാക്കുന്നത്…”
“ശരി…നീ ഇരിക്കണ്ടാ എങ്കിൽ…പൊയ്ക്കോ…വീട്ടിൽ പൊയ്ക്കോ…പോ…”
“ഹാ പോയേക്കാം…ഇങ്ങനെ ബഹളം ഉണ്ടാക്കാൻ ആണെങ്കിൽ എന്തിനാ ഇരിക്കുന്നത്…ഞാൻ പോവാ…”
ആര്യൻ അവൻ്റെ ബാഗും സാധനങ്ങളും എടുത്ത് ഓഫീസിൽ നിന്നും ഇറങ്ങി. ലിയ ഒന്നും മിണ്ടാതെ തന്നെ അവളുടെ കസേരയിൽ ഇരുന്നു. അവൻ പോകുന്നത് തടയണമെന്നുണ്ടെങ്കിലും അവളുടെ കോപം അതിന് അനുവദിച്ചില്ല. അവൻ പോകരുതേ എന്നവളുടെ മനസ്സ് മന്ത്രിച്ചു. പക്ഷേ ആര്യൻ സൈക്കിളിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു.