ജൂലി സാന്ദ്രയെ കൊണ്ട് വിടാൻ പോയെന്ന് മനസ്സിലായി.
എട്ടു മണിക്ക് അമ്മായിയും പോകും. അതിനുശേഷം മാത്രം റൂമീന് പുറത്ത് പോകാനാണ് ഞാൻ തീരുമാനിച്ചത്.
കുറച്ച് കഴിഞ്ഞ് ഞാൻ ബാത്റൂമിൽ കേറി സാവധാനത്തില്‍ തന്നെ എല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തേക്ക് വന്നത്.
8:15ന് ഡ്രസ്സും മാറി ഹാളില്‍ ചെന്നപ്പോ മുന്‍വശത്തെ വാതില്‍ ചാരി ഇട്ടിരുന്നു. വീട്ടില്‍ ആരും തന്നെ ഇല്ലാത്തതിന്റെ സൂചനയായിരുന്നു.
ഞാൻ കിച്ചനിൽ ചെന്നു നോക്കി. അവിടെ ഉണ്ടാക്കി അടച്ചു വച്ചിരുന്ന ചായ ഞാൻ കണ്ടു. അതിനെ ഞാൻ തിളപ്പിച്ച് എനിക്ക് വേണ്ടത്ര ഗ്ളാസിൽ പകര്‍ന്നെടുത്തു കൊണ്ട് ഡൈനിംഗ് റൂമിലേക്ക് വന്നു.
അവിടെ ഹോട്ട് ബോക്സിൽ ഇഡ്ഡലിയും സ്റ്റീല്‍ പത്രത്തിൽ സാമ്പാറും പൊത്തി വച്ചിരുന്നു.
അതിൽ നിന്നും എടുത്തു കഴിച്ച ശേഷം ഞാൻ ഹാളില്‍ വെയിറ്റ് ചെയ്തു.
8:40 ആയപ്പോ ജൂലിയും വന്നു. പക്ഷേ എന്നോട് ഒന്നും മിണ്ടാതെ അവള്‍ റൂമിലേക്ക് പോകുന്നത് കണ്ട് ഞാൻ അവളെ വിളിച്ചു.
“സാമേട്ടന് പോകാനുള്ള സമയം കഴിഞ്ഞല്ലോ, എന്താ പോകുന്നില്ലേ…?” ഒരു മയവുമില്ലാതെ അവള്‍ ചോദിച്ചതും അവള്‍ എന്തോ ദേഷ്യത്തില്‍ ആണെന്ന് മനസിലായി.
അതുകൊണ്ട് വെറുതെ എന്തെങ്കിലും പറഞ്ഞു തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഞാൻ പോർച്ചിലേക്ക് നടന്നു. ബൈക്കും എടുത്ത് നേരെ മാളിലേക്ക് വിട്ടു.
മാളിൽ സ്റ്റോക്ക് ഡീറ്റെയിൽസ് പരിശോധിച്ച്, വേണ്ടുന്ന സ്റ്റോക്ക് ഒക്കെ എടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു ഞാൻ. അതുകൊണ്ട് സമയം പറന്നു പോയി.
ഉച്ചക്ക് സാന്ദ്ര കുറെ പ്രാവശ്യം എനിക്ക് കോൾ ചെയ്തിരുന്നു വെങ്കിലും ഞാൻ എടുത്തില്ല.
പിന്നേ 3:40 ആയപ്പോ സാന്ദ്ര കലിയിലാണ് മാളിൽ കേറി വന്നത്. എന്നിട്ട് അതേ കലിയിൽ തന്നെ എന്റെ ഓഫിസിലേക്കും കേറി വന്നു.
“എന്നെ കൊണ്ടാക്കാനും എടുക്കാനും ചേച്ചിയെ എന്തിനാ ഏല്‍പ്പിച്ചത്…?” കോപത്തോടെ അവള്‍ ചോദിച്ചു.
“ഇതാണ് നല്ലത്, സാന്ദ്ര.” ഞാൻ സാവധാനത്തില്‍ പറഞ്ഞു. “ഇങ്ങനെ ആവുമ്പോ അറിയാതെ പോലും നിന്റെ ഫ്രണ്ട്സിനെ എനിക്ക് നോക്കേണ്ടി വരില്ല… അവരോട് സംസാരിക്കേണ്ട സാഹചര്യവും ഉണ്ടാവില്ല. നിന്റെ ചേച്ചിയുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടികളോടൊക്കെ ഒലിപ്പിച്ചു കൊണ്ട് നടക്കുന്നു എന്ന പേരുദോഷവും നിനക്ക് കേള്‍ക്കേണ്ടി വരില്ല. പിന്നെ നിന്നെ കൊണ്ട് പോകുമ്പോഴും വരുമ്പോഴും നിത്യവും കേള്‍ക്കാറുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നും എനിക്ക് മോചനം കിട്ടും. അതൊന്നും കൂടാതെ, അവകാശം ഇല്ലാത്ത കാര്യങ്ങളിൽ വലിഞ്ഞു കേറിയുള്ള എന്റെ അനാവശ്യ ഇടപെടലുകളേയും എനിക്ക് ഒഴിവാക്കാമല്ലോ.”