എന്റെ മുഖത്ത് സൂക്ഷിച്ച് നോക്കിക്കൊണ്ടാണ് ജൂലി ചോദിച്ചത്.
“അങ്ങനെ പറയത്തക്ക പ്രശ്നമൊന്നും സംഭവിച്ചില്ല. എന്നാലും നാളെ തൊട്ട് സാന്ദ്രയെ നി തന്നെ കാറിൽ കൊണ്ട് വിട്ടുകയും എടുക്കുകയും ചെയ്താൽ മതി. നിനക്ക് ലൈസൻസ് ഉണ്ടല്ലോ… പോരാഞ്ഞിട്ട് എപ്പോഴും വീട്ടില്‍ തന്നെ ഇരിക്കാതെ നിനക്ക് പുറത്തൊക്കെ ഒന്ന് കറങ്ങീട്ടും വരാമല്ലോ..!!”
ഉടനെ ജൂലി എന്നെ സംശയത്തോടെ നോക്കി.
“അപ്പോ സാന്ദ്രയുമായി എന്തോ വല്യ പ്രശ്നം ഉണ്ടായി, അല്ലേ?” ജൂലി സംശയം പറഞ്ഞു.
“എടി പെണ്ണേ… പ്രശ്നമൊന്നും ഇല്ല എന്നല്ലേ ഞാൻ പറഞ്ഞത്.” ഞാൻ അല്പം ചൂടായി.
“പിന്നേ എന്തിനാ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്…?” പുരികം വളച്ച് സംശയത്തോടെ അവള്‍ ചോദിച്ചു.
“സാന്ദ്രയും ഞാനും എന്തെങ്കിലും സംസാരിച്ച് തുടങ്ങും, പക്ഷേ വഴക്കിലാണ് എപ്പോഴും അവസാനിക്കുന്നത്. എന്നും അങ്ങനെ ശരിയാവില്ല ജൂലി. ഇത് പിന്നീട് വലിയ എന്തെങ്കിലും പ്രശ്‌നത്തില്‍ എത്തിക്കും. അപ്പോ എല്ലാവർക്കും അത് വിഷമമായും തീരും. അതുകൊണ്ട് ഞാനും അവളും അവരവരുടെ കാര്യം മാത്രം നോക്കി നടക്കുന്നത് ആയിരിക്കും നല്ലത്.” ഞാൻ പറഞ്ഞു.
“നിങ്ങൾ തമ്മിലുള്ള ചെറിയ ചെറിയ പ്രശ്നത്തിന്റെ പേരില്‍ ചേട്ടൻ ഇങ്ങനെ കാണിക്കരുത്. ചേട്ടനോടുള്ള സ്നേഹം കൊണ്ടാണ് അവള്‍ പെട്ടന്ന് വഴക്കടിക്കുന്നത്, അതിനെ കാര്യമായി എടുക്കേണ്ട. കൂടാതെ ചേട്ടന്‍ അവളെ ഇതുപോലെ ഒഴിവാക്കിയാല്‍ അവള്‍ക്ക് വിഷമം ആവില്ലേ…?”
“വിഷമമൊക്കെ രണ്ടോ മൂന്നോ ദിവസത്തില്‍ മാറിക്കോളും. അവള്‍ ചെറിയ കുട്ടിയൊന്നും അല്ലല്ലോ…? കാര്യമൊക്കെ അവള്‍ സ്വയം മനസ്സിലായിക്കോളും.”
“എന്നാലും ചേട്ടാ —”
“ഇനി ഇതിന്റെ പേരില്‍ നമ്മൾ തമ്മില്‍ വഴക്ക് കൂടണോ…!?” അല്‍പ്പം ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.
ഉടനെ മുഖം വീർപ്പിച്ചു കൊണ്ട് ജൂലി പോയി മരുന്നെടുത്ത് കഴിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.
അടുത്ത ദിവസം കിച്ചൻ ഭാഗത്ത് നിന്നും ഉയർന്ന വലിയ ഒച്ചപ്പാട് കേട്ടാണ് ഞാൻ ഉണര്‍ന്നത്. സാന്ദ്രയുടെ ദേഷ്യവും സങ്കടവും നിറഞ്ഞ ശബ്ദമാണ് അധികമായി ഉയർന്നു നിന്നത്. സമയം നോക്കിയപ്പോ ആറ് മണി ആയതേയുള്ളു.
കുറെ നേരം ഞാൻ അതും കേട്ടുകൊണ്ട് കിടന്നു. പക്ഷേ ഞാൻ പിന്നെയും മയങ്ങി. ഏഴര ആയപ്പോ പുറത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദവും അത് പോകുന്ന ഒച്ചയും കേട്ടു.