“എടാ ഈ രാത്രി തന്നെ നിനക്ക് കാര്‍ എടുക്കണോ..!” ഗോപന്‍ ചോദിച്ചു.
“നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നി വരേണ്ട.” ഞാൻ പറഞ്ഞു.
“എന്റെ അളിയാ.. കുറെ ദിവസമായി ഞാൻ നോക്കുന്നു. എല്ലാറ്റിനും ഒരു ദേഷ്യവും പിന്നേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരവും മാത്രമേ ഉള്ളു. നിനക്ക് എന്തിന്റെ കേടാ…?” പുറകില്‍ നിന്നും അവനെന്റെ തലയില്‍ ഒന്ന് കൊട്ടി.
ഞാൻ ചിരിച്ചു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബൈക്ക് ഓടിച്ചു. ഒടുവില്‍ മാളിൽ എത്തി. ഗോപന്‍ തന്നെയാ കാര്‍ എടുത്തത്.
ഗോപന്‍ കാറിലും ഞാൻ ബൈക്കിലും വീട്ടില്‍ എത്തിയപ്പോ ഒന്‍പത് മണി കഴിഞ്ഞിരുന്നു. അവന്‍ കാറിനെ പാർക്ക് ചെയ്തതും അവനെ ഞാൻ അവന്റെ വീട്ടില്‍ കൊണ്ടാക്കി.
തിരികെ വന്നപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും എല്ലാം ഹാളില്‍ തന്നെ ഉണ്ടായിരുന്നു. അമ്മായിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ നേരെ റൂമിലേക്ക് നടന്നു.
ജൂലി വേഗം എഴുനേറ്റ് എന്റെ പിന്നാലെ വന്നു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബാത്റൂമിൽ കേറി കുളിച്ചിട്ടാണ് വന്നത്.
“മുഖം എന്തിനാ സാമേട്ടാ ഇങ്ങനെ ഇരിക്കുന്നത്…? എന്തെങ്കിലും പ്രശ്നമാണോ.?” ജൂലി വിഷമത്തോടെ ചോദിച്ചു.
“ഒന്നുമില്ല.”
“ശെരി ചേട്ടൻ വന്നേ, നമുക്ക് കഴിക്കാം.”
“ഞാനും ഗോപനും പുറത്ത് നിന്നും കഴിച്ചു. എനിക്കിനി വേണ്ട.”
ഉടനെ ജൂലി സങ്കടത്തോടെ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി പോയി. ഞാൻ ബെഡ്ഡിൽ കേറി കിടന്നു.
കുറെ കഴിഞ്ഞ് ജൂലി തിരികെ വന്നിട്ട് റൂം പൂട്ടിയ ശേഷം എന്റെ അടുത്തു വന്നിരുന്നു.
“എനിക്ക് നല്ല വിഷമമുണ്ട് സാമേട്ട…!” ജൂലി സങ്കടത്തോടെ പറഞ്ഞു. “എന്തിനാ പുറത്ത് നിന്നും ആഹാരം കഴിച്ചേ..?”
“എനിക്ക് പുറത്തുനിന്നും കഴിക്കാൻ തോന്നി, ഞാൻ കഴിച്ചു. അതിപ്പോ വല്യ കുറ്റമാണോ..?”
ഉടനെ ജൂലിയുടെ മുഖം വല്ലാണ്ടായി.
“ശെരി അത് പോട്ടെ.” ജൂലി പറഞ്ഞു, “സാന്ദ്രയും ചേട്ടനും തമ്മില്‍ എന്താ പ്രശ്നം…? ചേട്ടനും അവളും തമ്മില്‍ എന്തോ ചെറിയ വഴക്ക് കൂടിയെന്ന് മാത്രമേ അവള്‍ പറഞ്ഞുള്ളൂ. ശെരിക്കും എന്താ ഉണ്ടായേ..!?”