സാംസൻ 3 [Cyril]

Posted by

സാന്ദ്രയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. സാധാരണയായി അവള്‍ ഇങ്ങനെ ഒന്നും കാണിക്കാറില്ല. പക്ഷേ ഞാൻ ഒന്നും അറിയാത്ത പോലെ ബൈക്ക് ഓടിച്ചു.

“സാമേട്ടാ..?” എന്റെ തോളത്തു അവളുടെ താടിയെല്ലിനെ ഊന്നിക്കൊണ്ടവൾ വിളിച്ചു.

“എന്താ…?” ഞാൻ ചോദിച്ചു.

“മമ്മി എനിക്കുവേണ്ടി ചെക്കനെ നോക്കി വച്ചേക്കുവാന്ന് ചേട്ടൻ ശെരിക്കും പറഞ്ഞതാണോ…?”

മിററിലൂടെ ഞാൻ ഇളിച്ചു കാണിച്ചത് കണ്ടിട്ട് സാന്ദ്ര എന്റെ വയറ്റിൽ നുള്ളി.

“ഈ കള്ള ചേട്ടൻ…!!” സാന്ദ്ര പെട്ടന്ന് ചിരിച്ചു. “ഞാൻ ശെരിക്കും പേടിച്ചുപോയി, അറിയോ..!!”

“വിവാഹം കഴിക്കാൻ എന്തിനാ പേടിക്കുന്നത്…?” ഞാൻ ചോദിച്ചു.

“എനിക്ക് വിവാഹം വേണ്ട ചേട്ടാ…!” അവള്‍ വാശി പിടിച്ചു.

“നിന്റെ പ്രായത്തിലെ ചില പെണ്‍കുട്ടികള്‍ ഇതുപോലെ വാശി പിടിക്കും. പക്ഷേ കല്യാണം കഴിഞ്ഞാൽ അവരൊക്കെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും.”

“എനിക്ക് കല്യാണവും വേണ്ട, ആരേ കൂടെയും സന്തോഷത്തോടെ ജീവിക്കയും വേണ്ട.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു. “ചേട്ടൻ തന്നെ മമ്മിയോട് എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.”

“നിനക്ക് ഭ്രാന്താണ്…!” ഞാനും അല്‍പ്പം ദേഷ്യപ്പെട്ടു. “ശെരി, വിവാഹം വേണ്ടെന്ന് പറയാൻ എന്താ കാരണം..?” ഞാൻ ചോദിച്ചു.

പക്ഷേ അവള്‍ മറുപടി പറഞ്ഞില്ല.

“എടി നിന്റെ പ്രശ്നം ഒന്നും പറയാതെ ഞാൻ എങ്ങനെ അമ്മായിയോട് കാര്യം അവതരിപ്പിക്കും…?” ഞാൻ ചോദിച്ചു.

പക്ഷേ അതിനും മറുപടി കിട്ടാത്തത് കൊണ്ട്‌ എനിക്ക് ശെരിക്കും ദേഷ്യം കേറി.

“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..?” അക്ഷമനായി ഞാൻ ചോദിച്ചു.

എന്നാൽ അതിനും ഉത്തരം കിട്ടിയില്ല.

“എടി മോളെ…, നിനക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയ്. എന്നാല്ലേ നിന്റെ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളു.” ഞാൻ കെഞ്ചും പോലെ പറഞ്ഞു.

പക്ഷേ അപ്പോഴും അവൾ മിണ്ടാത്തത് കൊണ്ട്‌ എനിക്ക് നല്ല ദേഷ്യം വന്നു.

“നി ഇങ്ങനെ വാശി പിടിച്ചാല്‍ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി ശെരിക്കും നിനക്ക് ഏതെങ്കിലും നല്ല ആലോചന വന്നാൽ ഞാൻ നിന്നെ കെട്ടിച്ച് വിടുക തന്നെ ചെയ്യും…!!” അവസാനം കലിയിളകി ഞാൻ പറഞ്ഞതും അവള്‍ക്ക് എന്നെക്കാളും ദേഷ്യം വന്നു.

Leave a Reply

Your email address will not be published. Required fields are marked *