“കഴിഞ്ഞ ദിവസം എന്തൊക്കെയാ നി പറഞ്ഞത്..? നിന്റെ സൗന്ദര്യം മാത്രം ഞാൻ നോക്കിയാല്‍ മതിയെന്നോ…?!”
“അയ്യോ ചേട്ടാ…!” പെട്ടന്ന് അവള്‍ നാണത്തോടെ ചിരിച്ചു. “ചേട്ടൻ ഇന്നലെ അങ്ങനെ പറഞ്ഞപ്പോ പകരത്തിന് അങ്ങനെ പറയാനാ എനിക്ക് തോന്നിയത്. അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.
പക്ഷേ അവള്‍ പറഞ്ഞത് സത്യമാണോ നുണയാണോ എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.
“ഓക്കെ ചേട്ടാ…!!” പെട്ടന്ന് സാന്ദ്ര തിടുക്കത്തിൽ പറഞ്ഞു. “എന്റെ ഫ്രണ്ട്സ് വരുന്നുണ്ട്… ഞാൻ വെക്കുവാ.”
“ഫ്രണ്ട്സ് വന്നോട്ടെ.. എന്താ കുഴപ്പം..?” ഞാൻ ചോദിച്ചു. “പിന്നേ നിന്റെ ഫ്രണ്ട്സിനേയൊക്കെ എനിക്കും അറിയാവുന്നതല്ലേ… രണ്ടു വാക്ക് അവരോടും ഞാൻ സംസാരിക്കുന്നതില്‍ എന്താ കുഴപ്പം…?” ഞാൻ വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു.
ഉടനെ അവള്‍ എന്നെ കടുപ്പിച്ചു നോക്കി.
“അവളമ്മാരെ കണ്ടു രസിക്കാനല്ലേ…?” പെട്ടന്ന് മുഖത്ത് തെളിഞ്ഞ അസൂയയെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് സാന്ദ്ര ചോദിച്ചു.
ഞാൻ ഉടനെ ചിരിച്ചു.
“പിന്നെ പെണ്‍കുട്ടികളെ വശീകരിക്കുന്ന സാമേട്ടന്റെ ആ മാന്ത്രിക നാവിൽ നിന്നും രണ്ടു വാക്കല്ല, വെറും അര വാക്കെങ്കിലും കേട്ടാല്‍ മതിയെന്ന ചിന്തയില്‍ ഇവിടെ ചിലരൊക്കെ നടക്കുന്നുണ്ട്. അതുകൊണ്ട് കാണുന്ന പെണ്‍കുട്ടികളോടൊക്കെ വശീകരിക്കുന്ന തരത്തിൽ സംസാരിക്കരുത് എന്നുകൂടി പറയാനാ ഞാൻ വിളിച്ചത്.” അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞിട്ട് സാന്ദ്ര ഫോൺ കട്ടാക്കി.
അവൾ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ചിരുന്നു പോയി. ഒരു കാര്യമില്ലാതെ അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ച എനിക്ക് ഇതുതന്നെ വേണം.
മര്യാദയ്ക്ക് അവള്‍ പറഞ്ഞപ്പഴേ കോൾ കട്ടാക്കിയിരുന്നെങ്കിൽ ഇതൊക്കെ കേള്‍ക്കേണ്ട ഗതികേട് വരില്ലായിരുന്നു.
പക്ഷേ അറിഞ്ഞു കൊണ്ട് ഞാൻ ആരെയും വശീകരിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എനിക്ക് തോന്നിയ സത്യങ്ങളും മാത്രമേ ഞാൻ എല്ലാവരോടും പറഞ്ഞിട്ടുള്ളൂ. അതിൽ എന്തു വശീകരണം ആണുള്ളതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.
ആങ്… എന്തെങ്കിലും ആവട്ടെ. മനസ്സിലുള്ള എല്ലാ ചിന്തകളെയും ഒഴിപ്പിച്ച് നിര്‍ത്തി കൊണ്ട് ഞാൻ കമ്പ്യൂട്ടറിൽ സാധനങ്ങളുടെ ലിസ്റ്റ് ഒക്കെ പരിശോധിക്കാന്‍ തുടങ്ങി.
3:45ന് സാന്ദ്ര എന്റെ മാളിലേക്ക് വന്നത് കണ്ട് ഞാൻ അല്‍ഭുതപ്പെട്ടു.