അവസാനം എന്റെ മൊബൈൽ അടിക്കുന്നത് കേട്ടാണ് ചിന്തകളില്‍ നിന്നുണർന്ന് ഞാൻ നോക്കിയത്.
സാന്ദ്രയുടെ വീഡിയോ കോൾ ആയിരുന്നു. ഞാൻ അല്‍ഭുതപ്പെട്ട് പോയി, കാരണം ആദ്യമായിട്ടാണ് അവള്‍ വീഡിയോ കോൾ ചെയ്യുന്നത്.
പെട്ടന്ന് എന്റെ മനസ്സിന് ആശ്വാസം തോന്നി. വേറെ ചിന്തകൾ എല്ലാം അകന്നു പോയി. എന്തെന്നില്ലാത്ത സന്തോഷം പെട്ടന്ന് ജനിച്ചു.
ഞാൻ ആവേശത്തോടെ സാന്ദ്രയുടെ കോൾ എടുത്തു.
“പുതുമയായി വീഡിയോ കോൾ ഒക്കെ ചെയ്യുന്നുണ്ടല്ലോ..! എന്തുപറ്റി..?” ഞാൻ ചോദിച്ചു. “പിന്നേ ക്ലാസ് ഇല്ലേ നിനക്ക്..?”
ഗ്രൌണ്ട് അതിർത്തിയിൽ പന്തലിച്ചു നില്‍ക്കുന്ന വല്യ വൃക്ഷ ചുവട്ടില്‍ ഇരുന്നു കൊണ്ടാണ് സാന്ദ്ര എന്നെ വിളിച്ചത്. പരിസരത്ത് വേറെ ആരെയും കാണാനും കഴിഞ്ഞില്ല.
“ക്ലാസ് ഉണ്ട്.. പക്ഷേ ക്ലാസ് ബോര്‍ ആയത് കൊണ്ട് വെറുതെ നുണ പറഞ്ഞ് പെർമിഷനും വാങ്ങി ഞാൻ പുറത്തേക്ക് വന്നു.” അതും പറഞ്ഞ് സാന്ദ്ര പുഞ്ചിരിച്ചു.
“എന്താ ഇപ്പൊ പ്രത്യേകിച്ച് വിളിക്കാൻ…?”
“ഞാൻ വെറുതെ….!” അവൾ വാക്കുകള്‍ക്കു വേണ്ടി തപ്പി. എന്നിട്ട് പെട്ടന്ന് പറഞ്ഞു, “ചേട്ടൻ അവിടെ എന്തെടുക്കവാന്ന് നോക്കാനാ വിളിച്ചത്.”
“ഓഹോ..! എന്നിട്ടിപ്പോ എന്തോ മനസ്സിലായി.”
“ചേട്ടൻ ഉറക്കം തൂങ്ങി ഇരിക്കുവാന്ന് മനസ്സിലായി.” അവള്‍ ചിരിച്ചു.
സാന്ദ്രയുടെ നാണവും സ്നേഹവും കലര്‍ന്ന ചിരി കണ്ടിട്ട് എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നി. അവളോടുള്ള സ്നേഹ സൂചകമായി എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരിയും വിടര്‍ന്നു. പക്ഷേ പെട്ടന്ന് ആ പുഞ്ചിരിയെ ഞാൻ നശിപ്പിച്ചു കളഞ്ഞു കൊണ്ട് അവളെ സൂക്ഷിച്ചു നോക്കി. അവളും സൂക്ഷ്മമായി എന്റെ മുഖഭാവങ്ങളെ വീക്ഷിക്കുകയായിരുന്നു.
ഞാൻ പുഞ്ചിരിച്ചതും അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.. എന്റെ പുഞ്ചിരി മാഞ്ഞതും അവളുടെ മുഖം വല്ലാതെ മങ്ങി.
“അതുശരി…, അപ്പോ എന്നെ വെറുതെ കളിയാക്കാൻ വിളിച്ചതാ, ല്ലേ..?” ഞാൻ ഗൗരവം നടിച്ച് ചോദിച്ചു.
“അങ്ങനെ ഒന്നുമില്ലന്നെ.” സാന്ദ്ര പെട്ടന്ന് ചിരിച്ചു. “ഞാൻ വെറുതെ മെസേജ് അയക്കാൻ എടുത്തതും കൈ അറിയാതെ കൊണ്ട് വീഡിയോ കോളായി. പിന്നെ കട്ടാക്കാൻ തോന്നിയില്ല.” അവള്‍ അല്‍പ്പം ജാള്യത പ്രകടിപ്പിച്ചു.
പക്ഷേ അവള്‍ പറഞ്ഞത് കള്ളം ആണെന്ന് മുഖം കണ്ടാല്‍ തന്നെ അറിയാം. അറിയാതെ വീഡിയോ കോൾ വന്നതല്ല… അവള്‍ അറിഞ്ഞു കൊണ്ട് തന്നെയാ ചെയ്തത്. പക്ഷേ അവളുടെ നുണ ഞാൻ അക്സപ്റ്റ് ചെയ്തു.