“ജൂലിയാണോ പറഞ്ഞത്…?” ഞാൻ ചോദിച്ചു.
“ചേട്ടൻ ചേച്ചിയോട് പിണങ്ങി പുറത്തിറങ്ങി പോയ ദിവസം ചേച്ചി മമ്മിയോട് ചിലതൊക്കെ പറയുന്നത് കേട്ടു. പക്ഷേ കൂടുതൽ കേൾക്കാൻ അനുവദിക്കാതെ മമ്മി എന്നെ അകത്തേക്ക് പറഞ്ഞു വിട്ടു.”
“എത്രത്തോളം നി കേട്ടു…?” ഞാൻ സംശയത്തോടെ ചോദിച്ചു.
“ചേച്ചിക്ക് അങ്ങനെ ഒന്നും കഴിയുന്നില്ല എന്നും, അങ്ങനത്തെ കാര്യത്തിൽ ചേട്ടനെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞത് കേട്ടു, അത്രതന്നെ. പക്ഷേ എനിക്കൊന്നും വ്യക്തമായി മനസ്സിലായില്ല. അപ്പോഴേക്കും മമ്മി എന്നെ പറഞ്ഞു വിട്ടു. പിന്നെ ഇപ്പോഴും അവർ മൂന്ന് പേരും ഞാൻ കേള്‍ക്കാതെ രഹസ്യമായി ഇതൊക്കെ തന്നെയാ ചർച്ച ചെയ്യുന്നത്. അതുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോൾ എല്ലാം മമ്മി എന്നെ അകത്തേക്ക് പറഞ്ഞു വിടുന്നത് കൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടന്നത്.”
അവൾ പറഞ്ഞത് കേട്ടിട്ട് ഞാൻ ഒന്നും പറയാതെ വെറുതെ കിടന്നു.
“ചേട്ടാ….?”
“എന്താ..?”
“എനിക്ക് കുറച്ചൊക്കെ കാര്യങ്ങൾ അറിയാം. പക്ഷേ നിങ്ങളുടെ മുഴുവന്‍ പ്രശ്നങ്ങളും എനിക്ക് അറിയണം. അതുകൊണ്ട് ചേട്ടനെങ്കിലും എന്നോട് അലിവ് കാണിക്ക് ചേട്ടാ. എല്ലാ പ്രശ്നങ്ങളും എന്നോട് പറയു ചേട്ടാ, പ്ലീസ്….!” സാന്ദ്ര ദയനീയമായി കെഞ്ചി.
അതുകൊണ്ട് ഞാനും ജൂലിയും തമ്മിലുള്ള കാര്യങ്ങളെ തുടക്കം തൊട്ട് അവസാനം വരെ നല്ല ഭാഷയിൽ മാത്രം ഞാൻ വിവരിച്ച് പറഞ്ഞു കൊടുത്തു. ശേഷം അവിടെ നിന്നും എഴുനേറ്റ് എന്റെ റൂമിൽ ചെന്ന് കിടന്നു. ഞാൻ ഉടനെ ഉറങ്ങുകയും ചെയ്തു.
“സാം മോനെ…! എണീക്ക് മോനെ…!!” ഒരു കുഞ്ഞ് മധുര ശബ്ദം അങ്ങനെയൊക്കെ പറഞ്ഞു കൊണ്ട് എന്റെ തലയെ പിടിച്ചു കുലുക്കി വിളിച്ചതും ഞാൻ ഉണര്‍ന്നു നോക്കി.
ഉടനെ വാതില്‍ക്കല്‍ നിന്നും നാല് സ്ത്രീകളുടെ കൂട്ടച്ചിരി ഉയർന്നു.
ആദ്യം എനിക്കൊന്നും മനസ്സിലായില്ല… പക്ഷേ പെട്ടന്നു തന്നെ കാര്യം എനിക്ക് കത്തി.
എന്റെ നെഞ്ചത്ത് ഇരുന്നു കൊണ്ട് സുമി മോളാണ് എന്നെ സാം മോനെ എന്നൊക്കെ വിളിച്ചത്.
“എടി കള്ള കുറുമ്പി…!!” അവളെ വലിച്ചു കിടത്തി കെട്ടിപ്പിടിച്ചു കൊണ്ട് കവിളത്ത് ചെറിയൊരു കടി ഞാൻ കൊടുത്തു.