കുറെ കഴിഞ്ഞ് അവൾ പോലും അറിയാതെ എന്റെ തലമുടിയെ വിരലുകള്‍ കൊണ്ട് കോതാൻ തുടങ്ങി.
അവളുടെ വിരലുകള്‍ ഇഴഞ്ഞു നടന്നപ്പൊ നല്ല സുഖം തോന്നി…! അവളുടെ തുടയിൽ ചെരിഞ്ഞു കിടന്ന് അവളുടെ വലതു കാൽ മുട്ടിനെ അല്‍പ്പം അമർത്തി പിടിച്ചു കൊണ്ട് ഞാൻ ടിവി നോക്കി.
“സാമേട്ടാ…!” പെട്ടന്ന് സ്വബോധം വന്നത് പോലെ എന്റെ മുടിയില്‍ നിന്നും കൈ മാറ്റി കൊണ്ട് അവള്‍ വിളിച്ചു.
“മ്മ്..എന്തേ..?” അവളുടെ മടിയില്‍ മലര്‍ന്നു കിടന്നു കൊണ്ട് അവളുടെ മുഖത്ത് ഞാൻ നോക്കി.
“ഒരു കാര്യം ഞാൻ പറയും. പക്ഷേ എന്നോട് ദേഷ്യം തോന്നരുത്.” എന്റെ കുഴഞ്ഞു കിടന്ന മുടിയെ മാടി ഒതുക്കുന്നതിനിടെ അവള്‍ പറഞ്ഞു.
ഇനിയും എന്നെ കുറ്റപ്പെടുത്താൻ ആണോ പ്ലാൻ. ഞാൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പക്ഷെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പൊ അവളില്‍ കാണാറുള്ള ആ ഭാവം ഇപ്പൊ ഇല്ലായിരുന്നു.
“ആദ്യം പറ. ഞാൻ കേള്‍ക്കട്ടെ… എന്നിട്ട് നോക്കാം എനിക്ക് ദേഷ്യം തോന്നുമോ ഇല്ലയോ എന്ന്.”
ഞാൻ പറഞ്ഞതും അവള്‍ ചുണ്ടു കോട്ടി. എന്നിട്ട് എന്റെ നെറ്റിയിൽ അവള്‍ വിരൽ ഓടിച്ചതും ഞാൻ ചിരിച്ചു.
ഉടനെ ആശങ്ക കലര്‍ന്ന ചെറു ചിരി അവളുടെ മുഖത്ത് വിടര്‍ന്നു.
കുറെ നേരം അവൾ ആലോചിക്കും പോലെ എന്റെ മുടിയില്‍ തഴുകി. ഞാനും ആ സുഖത്തില്‍ വെറുതെ കിടന്നു.
അവസാനം എന്റെ കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു, “ചേട്ടൻ ആരോട് വേണേലും സംസാരിക്കാനും ചിരിക്കുകയും ചെയ്തൊ, പക്ഷേ ഐഷയോട് മാത്രം ചേട്ടൻ അടുക്കരുത്… അവള്‍ ഫോണിൽ വിളിച്ചാല്‍ എടുക്കരുത്. കാരണം ചേട്ടനെ അവള്‍ മയക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ചേട്ടനെയും അവളെയും ചേര്‍ത്ത് ചില അനാവശ്യം ഒക്കെ ഐഷ തന്നെ ക്യാമ്പസില്‍ പ്രചരിച്ചു കൊണ്ട് നടക്കുന്നു എന്നാണ് പലരും പറയുന്നത്. അതുകൊണ്ട് അവളില്‍ നിന്നും ചേട്ടൻ അകന്നു നില്‍ക്കണം.” സാന്ദ്ര അപേക്ഷിച്ചു.
അതുകേട്ട് ഞാൻ ഞെട്ടി പോയി. അത് സത്യമാണോ അതോ സാന്ദ്ര വെറുതെ പറഞ്ഞതാണോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം ഐഷ എപ്പോഴും എന്നോട് അപേക്ഷിച്ചിരുന്നു — ഞങ്ങളുടെ രഹസ്യ സംഭാഷണം എപ്പോഴും രഹസ്യമായി തന്നെ ഇരിക്കണം എന്ന്.