ഇതൊക്കെ കണ്ടു കൊണ്ടാണ് സാന്ദ്ര വന്നത്. അവളുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞതും ഞാൻ കണ്ടു. പക്ഷേ അവള്‍ പിന്നെയും പുറത്തേക്ക് പോയി.
ശേഷം ഇടയ്ക്കിടയ്ക്ക് സാന്ദ്ര പുറത്തു നിന്നും അകത്തേക്ക് വരും. ഒരു കാര്യവും ഇല്ലാതെ ചിലപ്പോ കിച്ചനിലേക്കും, മറ്റു ചിലപ്പോ എന്റെ റൂമിലേക്കും, അതും അല്ലെങ്കിൽ അവളുടെ അമ്മ കിടക്കുന്ന റൂമിലേക്കും പോയിട്ട് തിരികെ വരുന്നത് കണ്ടു. നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ഒരു ഉദ്ദേശവും ഇല്ലാതെ അവള്‍ കറങ്ങി നടന്നു.
വെറുതെ അര കണ്ണും അടച്ചു കിടക്കുന്ന എന്നെ ഇടക്കണ്ണിട്ട് നോക്കി കൊണ്ടാണ് അവളുടെ വരവും പോക്കും എല്ലാം. അവളുടെ ഒളിഞ്ഞു നോട്ടം ഞാൻ കാണില്ല എന്നവൾ കരുതിക്കാണും. ചിലപ്പോ ഞാൻ ഉറങ്ങുകയാണെന്ന് കരുതിയിട്ടുണ്ടാവും.
“എന്തുപറ്റി നിനക്ക്..? കുറെ നേരമായല്ലോ ഇതുപോലെ വിരണ്ടു നടക്കാൻ തുടങ്ങീട്ട്…?” പതിനൊന്നാം വട്ടം അവൾ പുറത്തു നിന്നും അകത്തേക്ക് വന്നപ്പോ ഞാൻ ചോദിച്ചു.
ഉടനെ ഒരു ഞെട്ടലോടെ അവള്‍ നിന്നു. എന്നിട്ട് ജാള്യതയോടെ എന്നെ നോക്കി.
“ചേട്ടൻ ഉണര്‍ന്നാണോ കിടന്നത്..?” ജാള്യത മാറാതെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.
“നി വരുന്നതും പോകുന്നതും എല്ലാം ഞാൻ എണ്ണിക്കൊണ്ട് കിടക്കുവായിരുന്നു..” ഞാൻ പറഞ്ഞതും അവൾ ചിരിച്ചു.
“എന്നെ കൂട്ടാതെ അവർ മൂന്ന് പേരും എന്തൊക്കെയോ രഹസ്യം പറയുവാ… അതുകൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടക്കുന്നത്.” അവസാനം ജാള്യത മറച്ചു കൊണ്ട് സാന്ദ്ര പറഞ്ഞു.
“എന്നാ ആ ടിവി ഇട്ടിട്ട് എന്തെങ്കിലും കണ്ടൂടേ…? പിന്നെ മൊബൈൽ ഉണ്ടല്ലോ, അതിലും എന്തെങ്കിലും ചെയ്തൂടേ..?” ഞാൻ ചോദിച്ചു.
“മൊബൈല്‍ ബോറാണ് ചേട്ടാ.” അവള്‍ പറഞ്ഞു. പക്ഷേ പെട്ടന്ന് അവളുടെ കണ്ണുകൾ തിളങ്ങി. “ചേട്ടൻ ഉറങ്ങുവാന്ന് വിചാരിച്ചാ ഞാൻ ടിവി ഇടാതിരുന്നത്.. ചേട്ടന് ശല്യം ആവില്ലെങ്കി ഞാൻ ടിവി ഇട്ടോട്ടേ…?”
“എനിക്കൊരു ശല്യവുമില്ല. നി ടിവി ഓണാക്ക്. എനിക്കും ബോര്‍ ആകുന്നു.”
ഉടനെ അവള്‍ ടിവിയും ഓണാക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ എഴുനേറ്റിരുന്നു. പക്ഷേ അവൾ അവിടെ ഇരുന്നിട്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയില്‍ എന്റെ തല വയ്പ്പിച്ചു. എന്നിട്ട് ഒരു കൈ എന്റെ വാരിയെല്ലിന് മേലും, അടുത്ത കൈ എന്റെ തലയിലും ചേര്‍ത്തു വച്ചു.