വൈകീട്ട് ഓഫീസിലെ ജോലി ഒരുവിധം തീർത്ത് അവിടെന്ന് ഇറങ്ങി. കൂടെ രമ്യയുമുണ്ടായിരുന്നു. അവളെ പോകുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ ഇറക്കി കൊടുത്തു. പിന്നെ നേരെ വീട്ടിലേക്ക് വിട്ടു. പോകുന്ന വഴിക്ക് അച്ഛന്റെ കടയിൽ കയറാൻ തീരുമാനിച്ചു. വീട്ടിലേക്ക് എന്തേലുമൊക്കെ സാധനം കൊണ്ടുപോകാൻ ഉണ്ടാകും. അതും വിചാരിച്ചാണ് അവിടെ നിർത്തിയെ പക്ഷെ കാറിൽ നിന്നിറങ്ങി അച്ഛന്റെ കടയിലേക്ക് കയറിയപ്പോഴാണ് അതിനുള്ളിൽ അച്ഛനോട് കുശലം പറഞ്ഞിരിക്കുന്ന കിച്ചുവിനെ കാണുന്നത്. തോളിലായിട്ട് കണ്ണനുമുണ്ട്.
അറിയാത്ത പോലെ കടയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ കണ്ടു.
:ദേ മോള് വന്നല്ലോ…നീ എന്താ നേരം വൈകിയേ അല്ലേൽ ഇന്ന് നേരത്തെ ഇറങ്ങാറുണ്ടല്ലോ
:നിങ്ങളെ ചങ്ങാതി വിടണ്ടേ അവിടെന്ന്
അച്ഛനോട് അതും പറഞ് കണ്ണന് നേരെ കൈ നീട്ടി. എവിടുന്ന് ചെക്കന് പെട്ടെന്നൊരു ബലം പിടുത്തം. മാസത്തിലൊരിക്കൽ റേഷൻ കിട്ടുന്ന പോലെയല്ലേ കിച്ചുവിനെ കാണുന്നെ അതുകൊണ്ടായിരിക്കാം. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലാ. അമ്മ വിളിച്ചാൽ കൊച്ചുങ്ങള് വരണമെന്നാ. അത് കൊണ്ട് നിനക്ക് ഇന്ന് പാലില്ലടാ കള്ള കണ്ണാ. അതും മനസ്സാലെ പറഞ് അവനെ നോക്കി കണ്ണുരുട്ടി.
:എന്നാ മോള് വേഗം വീട്ടിലോട്ട് വിട്ടോ.. കിച്ചു പറഞ് നിങ്ങള് പുറത്തെങ്ങോ പോകുന്നുണ്ടെന്ന്.
അച്ഛനത് പറഞ്ഞപ്പോ ഞാൻ കിച്ചുവിനെ നോക്കി. അവനെന്നെ നോക്കി ഇളിച്ചുകൊണ്ട് നിൽക്കുന്നുണ്ട്.
അച്ഛൻ മുൻപിലുള്ളത് കൊണ്ട് ഒന്നും പറയാനും പറ്റത്തില്ല
:നീ എന്താടി ആലോചിച്ചിരിക്കുന്നേ
:ഹേയ്.. ഒന്നുല്ല.. എന്തേലും വീട്ടിലേക്ക് കൊണ്ട് പോകാനുണ്ടോച്ചാ
:ഇല്ലടി. ഉണ്ടേൽ ഞാൻ കൊണ്ടുവന്നോളാം നീ കാറിവിടെ വച്ചേക്ക്.
:ശെരിയച്ഛാ
അച്ഛനോട് യാത്രയും പറഞ് കാറിനുള്ളിൽ കിടന്ന എന്റെ സാധനങ്ങളെടുത്ത് കീ അച്ഛന് നൽകി കിച്ചുവിന്റെ പുറകെ നടന്നു.
അവന്റെ ബൈക്ക് കടയുടെ സൈഡിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. മുൻപുണ്ടായിരുന്നത് കാണാതെ പോയി. അതിന് ശേഷം ഇറക്കിയതാണി ബിഎംഡബ്ല്യൂ ബൈക്ക്. കണ്ണനെ അവന്റെ മുന്നിലിരുത്തി കൊണ്ട് എന്റെ അരികിലേക്ക് വന്നു നിർത്തി. പിന്നിലിരുന്നു ഒരു കൈകൊണ്ട് അവന്റെ വയറിലും മറുകൈകൊണ്ട് മടിയിൽ വച്ചിട്ടുള്ള ബാഗും പിടിച്ചിരുന്നു