“ഇല്ലാ.. അയാളത്തിനകത്തേക്ക് പോകുന്നത് മാത്രമേ ഞാൻ കണ്ടുള്ളു. പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല ”
“മ്മ്.. ബാക്കി പറഞ്ഞോളൂ ”
“അത് കണ്ട് പേടിച ഞാൻ അവിടെന്ന് വെപ്രാളപ്പെട്ട് നേരെ കാറിനടുത്തേക്ക് ഓടി.. അവിടുന്ന് നേരെ സ്റ്റേഷനിലേക്ക് വന്നു ”
“ആ വീട് കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് ഓർമ്മയുണ്ടോ ”
“അത് വലിയൊരു വീടാണ്. ഇരുമ്പിന്റെ വലിയ ഗേറ്റ് ആണ്. ആ ഗേറ്റിന്റെ വശങ്ങളിലുള്ള മതിലിൽ രണ്ട് ആനകളുടെ ഒരു ചെറിയ ശില്പം നിൽക്കുന്നതായിട്ട് ഓർമയിലുണ്ട്..പിന്നെന്തായിരുന്നു…ആ.. ആ വീടിന്റെ മുൻവശത്തെ വാതില് മരം കൊണ്ടുള്ള കൊത്തുപണികൾ നിറഞ്ഞ വലിയൊരു വാതിലാണ്..”
“ഓക്കെ..എടോ സ്റ്റേഷനിൽ ആരാ ഉള്ളത് ”
എസ് ഐ അടുത്ത് നിൽക്കുന്ന ഞാൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കുന്ന പോലീസുകാരനോട് ചോദിച്ചു.
“സാറെ ജേക്കബും, മണിയും.. പിന്നെ ശരീഫും ഉണ്ട് ”
“എന്നാ അവരോട് അവിടെ പോയി ആ വീട്ടിൽ ഒന്ന് നോക്കാൻ പറ. ഇയാള് കണ്ട പോലെ എന്തേലും ഉണ്ടോയെന്ന് ”
“ഒക്കെ സർ ”
“ആ.. പിന്നെ.. ആ വീടിന്റെ രൂപം ഒന്ന് പറഞ് കൊടുത്തേക്ക് ”
“ശെരി സർ ”
അതോടെ ആ പോലീസുകാരൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി.
” ശ്ശോ..എന്നാലും ആ ഗേറ്റും ആന ശില്പവുമിക്കെ എവിടേയോ കണ്ട് പരിചയമുണ്ടല്ലോ ”
എസ് ഐ നെറ്റിയിൽ തടവി കൊണ്ട് സ്വയം പറഞ്ഞു. വാർഡിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.
കിച്ചുവിനെ നോക്കിയപ്പോ അവൻ എസ് ഐയെ നോക്കി മന്ദഹസിക്കുന്നുണ്ട്.
യെസ്.. ഇവന്റെ ഈ ചിരി കണ്ടാലറിയാം ഇവനിതിലെന്തോ പങ്കുണ്ടെന്നത്.. ഞാനിങ്ങനെ പറഞ്ഞാലും കിച്ചുവിന് പെട്ടെന്ന് ഈ കേസിൽ നിന്ന് ഊരാൻ പറ്റത്തില്ല.. അതെ.. ഇപ്പോഴാണ് എനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം തമ്മിൽ കണക്ട് ആകുന്നത്.
ഇത് ചിലപ്പോ മുൻപ് നടന്നിരുന്ന കൂട്ട കൊലകളുടെ ബാക്കിയായിരിക്കാം. അല്ല ആണ്.. കിച്ചു ഇവരുടെ സംശയ ലിസ്റ്റിലുള്ള ആളായിരിക്കാം.. അതായിരുന്നല്ലോ അന്ന് ഈ എസ് ഐ വന്ന് കാര്യങ്ങൾ തിരക്കിയിരുന്നത്. അതൊക്കെ ചേർത്തു വായിക്കുമ്പോ ഇത് മുൻപ് നടന്ന കൊലപാതകങ്ങളുടെ ബാക്കി തന്നെയാണ്. പക്ഷെ കിച്ചുവിന് എന്താണ് മോറ്റീവ് ഇതൊക്കെ ചെയ്യാൻ..