പിന്നെ കണ്ണു തുറക്കുന്നത് ഒരു ആശുപത്രയുടെ വാർഡിൽ നിന്നാണ്. കയ്യിലേക്ക് ഡ്രിപ്പ് കയറ്റുന്നുണ്ട്. നെറ്റിയിലെ മുറിവിൽ ബാൻഡേജ് ഒട്ടിച്ചുവച്ചിട്ടുണ്ട്. വലതു കൈ ആരുടെയോ കൈകൾക്കുള്ളിലാണ്. ചരിഞ്ഞു നോക്കിയപ്പോ കിച്ചുവാണ്. അവനെന്റെ കൈ കോർത്തു പിടിച്ച
സ്റ്റൂളിലിരുന്ന് തല ഞാൻ കിടക്കുന്ന ബെഡിൽ വച്ചു കിടന്നുറങ്ങാണ്. അവന്റെ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയപ്പോഴാണ് സമയത്തെ കുറിച്ച് ഞാൻ ബോധവതിയായത്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഞാനിവിടെ എത്തിയതെന്ന് ചിന്തിച്ചപ്പോഴാണ്. മുൻപേ നടന്ന സംഭവവികാസങ്ങൾ എന്റെ മനസ്സിലേക്ക് കടന്നു വന്നത്. അതോടെ ഭയമെന്റെ ശരീരത്തിലേക്ക് ഇരച്ചു കയറി. ഉടനെ തന്നെ ഞാൻ കിച്ചുവിന്റെ കൈകൾക്കുള്ളിൽ നിന്ന് കൈ വലിച്ചെടുത്തു നീങ്ങിയിരുന്നു. അതോടെ ഉറങ്ങി കിടന്ന കിച്ചു എണീറ്റ് എന്നെ നോക്കി.
“എന്താ ലച്ചു ”
അവനെന്നെ ആക്ഷര്യത്തോടെ നോക്കി കൊണ്ട് വിളിച്ചു.
“നില്ല് ഞാൻ സിസ്റ്ററെ വിളിച്ചിട്ട് വരാ ”
അവൻ എന്റെ അരികിൽ നിന്ന് അതും പറഞ് പോയി. ആ വാർഡിന്റെ മൂലയിലുള്ള ഒരു റൂമിൽ നിന്നും എന്നേക്കാൾ പ്രായമുള്ള നേഴ്സിനെ വിളിച്ചു കൊണ്ട് അരികിലേക്ക് വന്നു.
“ആ താൻ എണീറ്റോ.. പേടിക്കേണ്ട.. ഒന്ന് തല ചുറ്റി വീണതാ..ഇപ്പോ ഒക്കെയല്ലേ ”
ഞാൻ അതിന് ഒന്ന് തലയാട്ടി കൊടുത്തു. അപ്പോഴേക്കും നേഴ്സ് അടുത്ത വെടി പൊട്ടിച്ചു.
“ആ പിന്നെ ഇയാള് തന്നോട് പറഞ്ഞോന്ന് അറിയത്തില്ല.. ന്നാലും പറയാ.. താൻ പ്രെഗ്നന്റ് ആണ് ”
സിസ്റ്ററത് പറഞ്ഞപ്പോ എന്റെ കണ്ണുകളൊക്കെ പുറത്തേക്ക് തള്ളി വന്നു. അറിയാതെ വായ തുറന്നു പോയി.
“താനുണർന്നാ വിളിക്കണമെന്ന് പറഞ് പോലീസുകാർ നിൽക്കുന്നുണ്ട് പുറത്ത്. ഞാനൊന്ന് വിവരം പറയട്ടെ ”
അവരതും പറഞ് വാതിലിന് നേരെ നടന്നു നീങ്ങി.
ഞാൻ കിച്ചുവിനെ നോക്കി. അവൻ പുഞ്ചിരിച്ചു നോക്കി നിൽക്കുന്നുണ്ട്. കൂടാതെ എന്റെ കൈ പിടിക്കാൻ അടുത്തേക്ക് നീങ്ങുന്നുമുണ്ട്.
ഈശ്വരാ ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയായല്ലോ.
ഇപ്രാവശ്യം അവൻ കയ്യിൽ പിടിച്ചപ്പോൾ ഞാൻ തടഞ്ഞില്ല. ഞാനവന്റെ കണ്ണിലേക്കു നോക്കി നിന്നു. ഇല്ലാ.. അവിടെ ഒരു കൂസലുമില്ല. ഞാൻ കണ്ടെന്നുള്ള ഒരു ഭയവുമില്ല. എന്തായാലും ആ മുഖം കിച്ചുവിന്റേത് തന്നെയാണ്. പക്ഷെ ശബ്ദം.. അത് വ്യത്യാസമുണ്ടായിരുന്നോ..ഹോ.. ഓർമ കിട്ടുന്നില്ല… ശ്ശോ.. ഭയമെന്ന വികാരത്തിന് ആ സമയം മുതൽ ഈ സമയം വരെ അടിമ പെട്ടത് കൊണ്ട് ഒന്നും തെളിച്ചയോടെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നില്ല അവന്റെ ക്ലീൻ ഷേവ് ചെയ്ത മുഖമല്ലാതെ..