അതനുസരിച്ചുകൊണ്ട് ആ പോലീസുകാരൻ വാതിലിന് പുറത്തേക്ക് ഇറങ്ങി നിന്നു.
“ആരാ എന്തു വേണം ”
ആ വന്നവരെ തടഞ്ഞു നിർത്തികൊണ്ട് പോലീസുദ്യോഗസ്ഥൻ ആരാഞ്ഞു
“സാറേ എന്റെ ഭാര്യടെ വണ്ടിയാണ് പുറത്ത് നിൽക്കുന്നത് അവൾക്കെന്തേലും പറ്റിയോ ”
ആ വ്യാകുലതയോടെയുള്ള പുരുഷ ശബ്ദം ആരുടേതെന്ന് തിരിച്ചറിയാൻ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. കിച്ചുവായിരുന്നു അത്. അതോടെ എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.
“സാറേ ഈ കൊച്ചൻ അവന്റെ ഭാര്യയാണെന്നാ പറയുന്നേ ”
അയാൾ അവരെയും കൊണ്ട് മുറിക്കുള്ളിലേക്ക് പ്രവേശിച്ചു കൊണ്ട് പറഞ്ഞു.പുറകെ കിച്ചുവും. അവന്റെ പിറകിൽ കവിനും.
ഞാൻ കിച്ചുവിനെ നോക്കി.
ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസുമാണ് വേഷം. നേരത്തെ ഞാൻ കണ്ട ഭീകരമായ സന്ദർഭത്തിന്റെ ഒരു പ്രതിഭാസം പോലും അവന്റെ മുഖഭാവത്ത് കണ്ടിരുന്നില്ല. തികച്ചും എന്നെ കുറിച്ചുള്ള വേവലാതികൾ മാത്രമായിരുന്നു ആ മുഖത്ത് നിഴലിച്ചിരുന്നത്. അവന്റെ പിറകിൽ നിൽക്കുന്ന കവിൻ അവിടുള്ള പോലീസുകാരോട് എന്താണ് സംഭവമെന്ന് അന്വേഷിക്കുന്നുണ്ട്. അവര് അവർക്കറിയുന്നത് പറഞ്ഞും കൊടുക്കുന്നുണ്ട്.
കിച്ചു മുന്നിലുള്ള പോലീസുകാരനെയും മറി കടന്ന് എന്റെ അരികിലേക്ക് വരാൻ തുടങ്ങി. കുറച്ചു മുന്നേ ഒരു കറുത്ത ഹൂടിയിട്ട് ആ വികൃതമായ മനുഷ്യന്റെ മുന്നിൽ ആസ്വദിച്ചു നിൽക്കുന്ന കിച്ചുവിന്റെ ഒരു ഭാവം പോലും ഞാൻ കണ്ടിരുന്നില്ല. എന്തിനേറെ പറയുന്നു. ഞാൻ അവനെ കണ്ടിട്ടുണ്ടെന്ന് പോലും അറിയാത്ത പോലെയാണ് അവന്റെ നിൽപ്. ആ മുഖത്ത് ഭയത്തിന്റെ ഒരംശം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോ ഇവിടെ വച്ച് ഞാൻ അവനെ ആ വീട്ടിൽ വച്ച് കണ്ട കാര്യം പറഞ്ഞാൽ പോലീസുകാർ ഇവനെ പിടിക്കത്തില്ലേ.. സാക്ഷിയായി ഞാൻ ഇല്ലേ.. എന്നിട്ട് പോലും ഇവന് പേടിയില്ലേ. ദൈവമേ എന്താണിത്.
എനിക്ക് സംശയമായി. ഞാൻ കണ്ടത് സ്വപ്നമാണോന്ന് വരെ എനിക്ക് തോന്നി പോയി.
“ലച്ചു.. എന്താ പറ്റിയെ ”
കിച്ചുവെന്നെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നുകൊണ്ടിരുന്നു. എന്റെ ശക്തിയെല്ലാം ഭയം കൊണ്ട് ചോർന്നൊലിക്കുന്ന പോലെ തോന്നി. അവനടുത്തേക്ക് വരും തോറും അത് കൂടി കൊണ്ടിരുന്നു. കുറേശ്ശെ തല ചുറ്റാൻ തുടങ്ങി. സൈഡിൽ നിന്നു വരുന്ന കിച്ചു ഒന്നുള്ളത് രണ്ടായി മാറി. രണ്ടുള്ളത് മൂന്നായി മാറി. മൂന്നുള്ളത് ഒൻപതായി മാറി. അത് കൂടി കൂടി അവസാനം കണ്ണിലേക്കു ഇരുട്ട് കയറി കസേരയിൽ നിന്ന് വശത്തേക്ക് ചെരിഞ്ഞു വീണു. അത് കണ്ടിട്ടേന്നോണം കിച്ചുവിന്റെ മുഖഛായയിലുള്ള അനേകം കിച്ചുകൾ പിടിക്കാൻ വേഗത്തിൽ വരുന്നത് അവസാനം കണ്ണടയുമ്പോൾ കാണുന്നുണ്ടായിരുന്നു.