“എൻ്റെ മിസ്സെ കിടന്നിങ്ങനെ കരയാതെ. എല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കാം. അവൻ്റെ കയ്യില്‍ മാത്രമല്ലേ അതുളളു. അതങ്ങ് നശിപ്പിച്ചാ പോരേ..”
“അവൻ്റെ മൊബൈലിൽ നിന്ന് ആരുമറിയാതെ അത് എങ്ങനെ കളയുമെന്നാ നീ പറയുന്നത്..”
കരച്ചിലിനിടയിൽ അവൾ തിരക്കി.
“അതു ഞാന്‍ ചെയ്തു തരാം.നൂറുശതമാനം ഉറപ്പ്..”
ആലീസ് കരച്ചിലിനിടയിലും അവനെ പ്രതീക്ഷയോടെ നോക്കി.
“ഞാനല്ലേ പറയുന്നെ. മിസ്സിൻ്റെ മാനത്തിനു ഒരു പോറല് പോലുമേൽക്കില്ല. മിസ് ആദ്യം ചെയ്യണ്ടത് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പഴയ പോലെ അവനുമായി ഇടപെടുക. പക്ഷേ അയാളു കളിക്കാന്‍ വിളിച്ചാല്‍ പോയേക്കല്ല്..രണ്ടു ദിവസത്തിനുളളില്‍ ഞാനാ മൊബൈല്‍ മിസ്സിനു തരും.”
ആലീസ് അൽപ്പനേരത്തേക്കൊന്നും മിണ്ടിയില്ല. ശൗരി അവളെന്തെങ്കിലും പറയാന്‍ കാത്തുനിന്നു. ആലീസിൻ്റെ
തലയിലൂടെ മിന്നൽപ്പിണറുകള്‍ പോലെ ചിന്തകള്‍ പാഞ്ഞുപോയി
“വാ നമ്മക്ക് പോകാം, ദേ മഴ തോര്‍ന്നു. ഞാന്‍ മിസ്സിനെ വീട്ടിലാക്കിയിട്ടേ പോകുന്നുള്ളൂ.”
ശൗരി വിളിച്ചതും ഒന്നും മിണ്ടാതെ അവള്‍ ഒപ്പം നടന്നു. വീട്ടുപടിക്കലെത്തിയതും ആലീസ് നിന്നു.
“നിന്നെക്കൊണ്ട് പറ്റുമോ എന്നെ ഇതീന്ന് രക്ഷിക്കാന്‍..”
ആലീസിൻ്റെ ശബ്ദത്തിനു വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
“പിന്നില്ലാതെ മിസ്സോന്നുകൊണ്ടും പേടിക്കണ്ട.”
“എനിക്ക് വലുത് എൻ്റെ മാനമാ. അതു പോയാല്‍ ഞാന പിന്നെ ജീവിച്ചിരിക്കില്ല… അവൻ്റെ പേരെഴുതി വെച്ചിട്ട് ഞാൻ ആറ്റിൽച്ചാടും… നിന്നെ ഞാനിപ്പോ വിശ്വസിക്കുന്നു. പിന്നെയെന്തെങ്കിലും അടവുമായിട്ടു വന്നാ നിന്നെ കൊന്നിട്ട് ഞാനും ചാകും. പറഞ്ഞേക്കാം.”
അവള് അതും ചെയ്യുമെന്ന് അവനുറപ്പായിരുന്നു.
“മിസ്സ് പോയി സമാധാനത്തോടെ കിടന്നോ. ഞാന്‍ പോകുവാ. എല്ലാം പറഞ്ഞപോലെ ഞാനേററു.”
മഴ മെല്ലെ കരുത്താര്‍ജിച്ചു
ശൗരി മഴയിലേക്കിറങ്ങിയതും ആലീസ് അവൻ്റെ കയ്യില്‍ പിടിച്ചു.
“നനഞ്ഞു പോകണ്ട. ദാ കുട കൊണ്ടു പൊയ്ക്കോ.”
അവന്‍ കുട വാങ്ങി. തിരികെ നടക്കുമ്പോള്‍ ശൗരിയുടെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നു പോയി. അവൻ്റെ യാത്ര അവസാനിച്ചത് ചന്തയുടെ
മുന്നിലായി ഒഴിഞ്ഞ കോണിലുളള ഒരു ചെറിയ വീട്ടിലാണു.. ചുറ്റും ഒന്ന് നോക്കിയിട്ട് ശൗരി വീടിൻ്റെ അടച്ചിട്ട മുന്‍ വാതിലിൽ മൃദുവായി മുട്ടി. അല്പം കഴിഞ്ഞതും വാതില്‍ തുറന്ന് ഒരു തമിഴൻ ഇറങ്ങിവന്നു. അയാള്‍
ശൗരിയെക്കണ്ട് ചിരിച്ചു. ശൗരി അയാളോടൊപ്പം അകത്തേക്ക് കയറി.
ചൊവ്വാഴ്ച.
വൈകിട്ട് ഏഴരയോടെ വീട്ടിലേക്കുള്ള വഴിയിലൂടെ ബൈക്കില്‍ പാഞ്ഞു വരുകയായിരുന്നു ജോസ്. നേരിയ
ചാറ്റലുണ്ടായിരുന്നതിനാല്‍ പതിവിലും വേഗത്തിലായിരുന്നു അയാളുടെ വരവ്. ഒരു വളവ് തിരിഞ്ഞതും അൽപ്പം മുന്നിലായി വഴിയരികില്‍ നിന്ന ഒരു കപ്പളം ഒടിഞ്ഞ് വഴിക്കു കുറുകെ വീഴുന്നത് ജോസ് മിന്നായം പോലെ കണ്ടു. അയാള്‍ ബ്രേക്ക് പിടിച്ചതും ബൈക്കിൻ്റെ ടയറുകളുരഞ്ഞ് പുക വന്നു. വണ്ടി കപ്പളത്തിൻ്റെ മുന്നിലായി ഇരമ്പി നിന്നു.
“നാശം പിടിക്കാൻ..”