അർത്ഥം അഭിരാമം 8 [കബനീനാഥ്]

Posted by

” ഇറങ്ങി വാ… ”

വിനയചന്ദ്രൻ ഡോർ തുറന്ന് പുറത്തിറങ്ങി……

സനോജ്, കാർ മുന്നോട്ടെടുത്ത് ഒതുക്കിയിട്ടു…

ചെറുപ്പക്കാരനു പിന്നാലെ വിനയചന്ദ്രൻ നടന്നു തുടങ്ങിയിരുന്നു……

വന്ന വഴിയേ , പത്തു മീറ്റർ പിന്നോട്ടു നടന്ന് , പാടത്തിനെതിർ വശം വലത്തേക്ക് തിരിഞ്ഞു……

റോഡരികിൽ തന്നെ ടാർപ്പായ കെട്ടി ഓട്ടോറിക്ഷ നിർത്തിയിടാൻ കുറച്ച് സ്ഥലം വിനയചന്ദ്രൻ കണ്ടു……

ഒതുക്കു കല്ലുകൾ ഇറങ്ങാനുണ്ടായിരുന്നു …

ഓടിട്ടതും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതുമായ നാലു വീടുകൾ കണ്ടു…

ഓടിട്ട ചെറിയ വീട്ടിലേക്കാണ് യുവാവ് ചെന്നു കയറിയത്……

വിനയചന്ദ്രൻ മുറ്റത്ത് മിഴികളോടിച്ച് നിന്നു…

പിന്നിൽ സനോജിന്റെ കിതപ്പ് അയാൾ കേട്ടു …

ഒരു സ്ത്രീ രൂപം വാതിൽക്കൽ വന്ന് എത്തിനോക്കി പോകുന്നത് വിനയചന്ദ്രൻ കണ്ടു…

ആദ്യം പോയ യുവാവ് രണ്ട് പ്ലാസ്റ്റിക് കസേരകളുമായി പുറത്തേക്ക് വന്നു…….

” അകത്ത് , സ്ഥലക്കുറവാ… ”

അവന്റെ സ്വരത്തിൽ ജാള്യതയുണ്ടായിരുന്നു……

” ഇവിടെ മതി……..”

വിനയചന്ദ്രന്റെ സ്വരത്തിന് മുഴക്കമുണ്ടായിരുന്നു..

യുവാവ് അകത്തേക്ക് തിരികെ കയറിപ്പോയി…

വാതിൽക്കൽ ഒരു പെൺകുട്ടിയുടെ മുഖം കണ്ടതും വിനയചന്ദ്രന്റെ ഹൃദയം നിന്നു വിറച്ചു……….

തന്റെ മകൾ……….!

ശിവരഞ്ജിനി……..!

വിനയചന്ദ്രന്റെ താടിയെല്ലും കവിളുകളും കിടന്ന് വിറയ്ക്കുന്നത് സനോജ് കണ്ടു…

പതിനെട്ടു വർഷക്കാലം തന്റെ സ്വപ്നമായിരുന്നവൾ , ഒരു ദു:സ്വപ്നം കണ്ട് എഴുന്നേറ്റവളെപ്പോലെ തകർന്നു , നിർന്നിമേഷയായി വാതിൽപ്പടിയിൽ നിൽക്കുന്നത് വിനയചന്ദ്രൻ കണ്ടു ….

അയാളുടെ മനസ്സിൽ ഭൂതകാലം ഇരമ്പിയാർത്തു……….

” അച്ഛൻ………..!”.

അവളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ വിടർന്നത് അയാൾ കണ്ടു……

അയാളെത്തന്നെ നോക്കിക്കൊണ്ട് അവൾ പടിക്കെട്ടിൽ നിന്നും താഴേക്ക് കാലെടുത്തു വെച്ചു…

ഒരു നിമിഷം പിച്ചവെയ്ക്കുന്ന പിഞ്ചു പാദങ്ങൾ അയാളുടെ മനക്കണ്ണിൽ തെളിഞ്ഞണഞ്ഞു…

മൂന്നര വർഷക്കാലം കൊണ്ട് തന്റെ മകൾക്കു വന്ന മാറ്റങ്ങൾ, അടിമുടി ആ അച്ഛൻ നൊടിയിടയിൽ അളന്നു…

ഓജസ്സില്ലാത്ത മുഖം… ….

മിഴികൾ മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കു പോലെയായിരുന്നു…

ശിവരഞ്ജിനിയുടെ പ്രേതമാണോ എന്നൊരു സംശയം അയാൾക്കുണ്ടായി.

ബാക്കി , ആലോചിക്കാൻ ത്രാണിയില്ലാത്തവനേപ്പോലെ വിനയചന്ദ്രൻ മിഴികൾ ഇറുക്കിയടച്ചു പോയി…….

സനോജ് ഇടവഴിയിലേക്ക് മുഖം തിരിച്ചു കളഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *