ശിവരഞ്ജിനി പ്രതീക്ഷയോടെ അയാളെ നോക്കി……
” നിന്റെ അച്ഛൻ അമ്പിനും വില്ലിനും അടുക്കില്ല എന്നറിയാമല്ലോ … ലീഗലായി നീങ്ങേണ്ടിവരും. വെറുതെ നാട്ടുകാർ കൊണ്ടുപോകുന്നതിലും നല്ലതല്ലേ… ”
” അച്ഛൻ പാവമാ… അച്ഛനെ എല്ലാവരും പറ്റിക്കും … ”
ശിവരഞ്ജിനി പറഞ്ഞു……
” അതു തന്നെയാ മോളേ പറഞ്ഞു വരുന്നത്…… നല്ലതു പറയാൻ വരുന്ന ഒരു ബന്ധുക്കളെയും കണ്ടു കൂടാ… എന്നോടും മിണ്ടാറില്ല… ”
ശിവരഞ്ജിനി മൗനം പാലിച്ചു……
“എന്റെയൊരു സുഹൃത്ത് അഡ്വക്കറ്റ് ഉണ്ട്.., വിശദമായി ഒന്നും പറയാൻ പറ്റിയില്ല… ഫോണിലാ സംസാരിച്ചത് … മോൾ മൂന്നാലു ഒപ്പിട്ടു തന്നാൽ കാര്യങ്ങൾ വേഗത്തിലാക്കാമെന്നാ അയാള് പറഞ്ഞത് … ”
രാജീവ് മുഖത്തെ കണ്ണട ഒന്നുകൂടി വലതുകയ്യുടെ ചൂണ്ടുവിരലാൽ ഉറപ്പിച്ചു.
” മാത്രമല്ല … നല്ല കുടിയാ… എത്രകാലം ഉണ്ടാകുമെന്ന് …… ”
ശിവരഞ്ജിനി പേടിയോടെ അയാളെ നോക്കി……
രാജീവിന്റെ പ്രലോഭനത്തിനു വഴങ്ങി, വെറും മുദ്രപ്പത്രത്തിൽ ഒപ്പിടുമ്പോൾ രാഹുലിന്റെ ചികിത്സ മാത്രമായിരുന്നു അവളുടെ മനസ്സിൽ..
“ഇനി അങ്കിൾ വരുമ്പോൾ രാഹുലിനെ ഹോസ്പിറ്റലിലാക്കാനായിട്ടേ വരു… അതിന് മോളുടെ അച്ഛന്റെ പണമൊന്നും വേണ്ട…… ”
ശിവരഞ്ജിനിയുടെ മുഖം ഒന്ന് പ്രകാശിച്ചു……
“അങ്കിളിനെവിടുന്നാ മോളേ പണം…… നോക്കട്ടെ, അഭിരാമിയോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട് … അവളെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു…”
രാജീവ് കസേരയിൽ നിന്ന് എഴുന്നേറ്റു…
“സത്യത്തിൽ അവളു വിചാരിച്ചാലും നടക്കാവുന്ന കാര്യങ്ങളേയുള്ളു… ചെയ്യില്ല … പണത്തിനോട് ഇത്ര ആർത്തിയുള്ള തറവാട്ടുകാരെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ”
” ഞങ്ങളിറങ്ങട്ടെ മോളെ… ”
സ്ത്രീയും എഴുന്നേറ്റു…
” കാഞ്ചനമ്മ വിനുക്കുട്ടന് ഒരു സമ്മാനം തന്നു വിട്ടിട്ടുണ്ട്… ”
പറഞ്ഞിട്ട് അവർ തന്റെ ചുമലിൽ കിടന്ന ബാഗിൽ നിന്നും ഒരു ജൂവലറി ബോക്സ് എടുത്തു തുറന്നു .
ഒരു മോതിരമായിരുന്നു അത്…
വിനായകന്റെ മോതിരവിരലിലേക്ക് അതവർ അണിയിച്ചു …
ശേഷം, അവന്റെ കവിളിൽ അരുമയോടെ പിച്ചി , ഒരുമ്മ കൊടുത്തു…….
വിനയചന്ദ്രൻ കസേരയിലേക്കിരുന്നു…
കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി…
തന്റെ മരണം കൊണ്ട് നേട്ടങ്ങൾ ഉള്ളവർ , അവർ തന്നെയാണ് ….