‘എന്നാലും എനിക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. പിന്നെ ആ സെയിം ചുരിദാർ ഞാൻ പല കടയിലും തിരക്കി.. കിട്ടിയില്ല..’
‘നിന്നോട് ഞാൻ ഒരുതവണ പറഞ്ഞു ആ കാര്യം ഇനി മിണ്ടരുത് എന്ന്.. ഇനി മിണ്ടിയാൽ ഞാൻ ബസ് പിടിച്ചു പോകും.. നിന്റെ കൂടെ വരില്ല..’
‘നിനക്ക് അത് സംസാരിക്കേണ്ട എങ്കിൽ വേണ്ട. പക്ഷെ അത് ഞാൻ അല്ല വച്ചതെന്ന് നീ ഇനിയെങ്കിലും അംഗീകരിക്കണം..’
‘ഓ സമ്മതിച്ചു.. നീയല്ല പോരേ…..’
ഞാൻ ഇത്രയും ആയിട്ടും സമ്മതിച്ചു കൊടുക്കാഞ്ഞപ്പോൾ അത് ചെയ്തത് ഞാനല്ല എന്ന് അവൾക്കും തോന്നി തുടങ്ങി. അതിന് ബാക്കിയായി അവളെന്തോ പറഞ്ഞത് ഞാൻ കേട്ടില്ല.. എന്റെ ശ്രദ്ധ പെട്ടന്നൊരു നിമിഷം ദൂരെ ഗ്രൗണ്ടിലേക്ക് എത്തി. ബോളുമായ് ഓടുന്ന രാഹുലിനെ ആരോ ചവിട്ടി താഴെ ഇട്ടു. വേദന കൊണ്ടു അവൻ ഗ്രൗണ്ടിൽ വീണു പുളയുകയാണ്.. സൂക്ഷിച്ചു നോക്കിയപ്പോൾ ചവിട്ടിയത് നിഖിൽ ആണെന്ന് മനസിലായി. നേരത്തത്തെ അടിയുടെ ബാക്കി ഇപ്പോൾ ഗ്രൗണ്ടിൽ പൊട്ടുമെന്ന് എനിക്ക് മനസിലായി. രാഹുൽ മെല്ലെ എഴുന്നേറ്റ് നിഖിലിന് അടുത്തേക്ക് ചെല്ലുന്നതും കൂടെ കളിക്കുന്നവർ എല്ലാം അവർക്ക് വട്ടം നിൽക്കുന്നതും ഞാൻ കണ്ടു. പെട്ടന്ന് ബാഗ് ഊരി ഇഷാനിയുടെ കയ്യിൽ വച്ചു കൊടുത്തിട്ട് ഞാൻ ഗ്രൗണ്ടിലേക്ക് ഓടി.
‘അർജുൻ വേണ്ട… അങ്ങോട്ട് പോവണ്ട..’
ഇഷാനി പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞത് ഞാൻ ഗൗനിച്ചതെ ഇല്ല. എന്റെ പിന്നാലെ ബാഗും തൂക്കി അവളും ഓടി. ഞാൻ ഓടി അവർക്കിടയിൽ എത്തിയപ്പോൾ വാക്കേറ്റം വല്ലാതെ മൂത്തു കൈ വയ്ക്കുന്ന അവസ്‌ഥയിൽ എത്തിയിരുന്നു. രണ്ട് പേരും പരസ്പരം തള്ളി തുടങ്ങിയപ്പോൾ ഞാൻ ഇടയിൽ കയറി രണ്ട് പേരെയും മാറ്റി. നിഖിലിന്റെ നെഞ്ചിൽ തന്നെ രണ്ട് തള്ള് തള്ളി ഞാൻ അവനെ ദൂരേക്ക് മാറ്റി
‘നിന്നോട് ഞാൻ നേരത്തെ പറഞ്ഞതാ എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് വിട്ടോളാൻ..’
‘റോക്കി, നീ ഇതിൽ ഇല്ല.. ‘
‘ഞാൻ ഏതിൽ ഉണ്ടെന്നും ഇല്ലെന്നും നീയാണോ തീരുമാനിക്കുന്നെ..?