‘എന്റെ പൊന്ന് ഇഷാനി ഞാൻ അല്ല ആ ചുരിദാർ വാങ്ങി നിന്റെ വീട്ടിൽ കൊണ്ട് വച്ചത്.. ഒന്ന് വിശ്വസിക്ക്..’
‘നീ ഈ കള്ളത്തരം പറയുന്നതാണ് എനിക്ക് ദേഷ്യം കൂട്ടുന്നത്.. നീ അല്ലാതെ വേറെയാരും ഇങ്ങനെ ഒന്നും എന്നോട് ചെയ്യില്ല..’
അവളാ പറഞ്ഞത് കുറച്ചു സത്യം ഉണ്ട്. എന്നാലും ഞാനല്ലല്ലോ ഇതിന്റെ പിന്നിൽ
‘എല്ലാം പോട്ടെ.. മായ്ച്ചു കള.. ഇനി അത് നമ്മൾ മിണ്ടണ്ട..’
ഞാൻ അങ്ങനെ പറഞ്ഞിട്ടും ഇഷാനിക്ക് എന്നോട് ഉള്ള ദേഷ്യം കുറഞ്ഞു എന്നെനിക്ക് തോന്നിയില്ല.
‘എന്തൊരു ദേഷ്യവും പിണക്കവുമാണ് ഇത്.. നീ ഇത്ര വഴക്കാളി ആയിരുന്നോ..?
ഞാൻ ആ പറഞ്ഞത് അവൾക്ക് കൊണ്ടു. അവളെന്നെ നോക്കി
‘ഞാൻ വഴക്കാളി ഒന്നുമല്ല..’
‘സ്വയം അങ്ങ് പറഞ്ഞാൽ മതി. ഈ ഒരാഴ്ച തന്നെ എത്ര തവണ നീ എന്നോട് പിണങ്ങി..?
‘ഞാൻ സത്യമായും വേറെ ആരുടെ അടുത്തും ഇത് പോലെ വഴക്ക് ഉണ്ടാക്കിയിട്ടില്ല. കൊച്ചിലെ പോലും ഒരു കാര്യത്തിന് ഞാൻ ആരുമായും വഴക്ക് ഉണ്ടാക്കിയിട്ടില്ല. നീ ആയി മാത്രമാണ് ഞാനീ വഴക്ക് മുഴുവൻ ഇട്ടിട്ടുള്ളത്..’
‘അപ്പൊ ഞാനാണോ പ്രശ്നം..?
ഞാൻ ഗൗരവത്തിൽ ചോദിച്ചു
‘അങ്ങനെ അല്ല.. നീ എനിക്കിഷ്ടമില്ലാത്തത് ചെയ്യുമ്പോ എനിക്ക് ദേഷ്യം വരും.. വേറെ ആര് ചെയ്താലും എനിക്ക് അത്ര പ്രശ്നം ഇല്ല..’
ഇഷാനി അത് പറയുമ്പോ ചെറുതായ് ചിരിച്ചു. അവളുടെ പിണക്കം മാറിയത് ഞാൻ അറിഞ്ഞു
‘ഇനി ഈ ആഴ്ച്ച അടി വേണ്ട. എനിക്ക് ഒരു റസ്റ്റ് താ..’
ഞാൻ തമാശയ്ക്ക് പറഞ്ഞു. അവളത് കേട്ട് ചിരിച്ചു. എന്നാൽ പെട്ടന്ന് തന്നെ അവളുടെ മുഖം മാറി.. സെക്കന്റ്‌കൾക്ക് മുമ്പ് ഇല്ലാതായ വഴക്ക് വീണ്ടും ഞങ്ങൾക്കിടയിൽ ഉണ്ടായി. ഞങ്ങൾക്ക് അരികിലേക്ക് കൃഷ്ണ നടന്നു വന്നതായിരുന്നു ആ പെട്ടന്നുള്ള ദേഷ്യത്തിന് കാരണം. കൃഷ്ണ വന്നതല്ല, ഇഷാനി രാവിലേ കൊണ്ടു വന്ന ചുരിദാർ അപ്പോൾ ധരിച്ചു കൊണ്ടാണ് കൃഷ്ണ അങ്ങോട്ട് വന്നത്