‘എന്തിനാ ചേട്ടാ വെറുതെ അവളെ ദേഷ്യം പിടിപ്പിക്കുന്നെ..?
ഞാൻ പറഞ്ഞത് ശ്രുതിക്കും പൂർണ വിശ്വാസം ആയിട്ടില്ല എന്ന് തോന്നുന്നു
‘എന്റെടി… ഞാൻ ഒന്നുമല്ല..’
ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ കൃഷ്ണ എന്റെ മടിയിൽ ഇരുന്ന കവർ കണ്ട് അതെടുത്തു തുറന്ന് നോക്കി
‘ഇതാരുടെയാ ഈ ചുരിദാർ..’
കൃഷ്ണ ചോദിച്ചു
‘ഇപ്പോൾ ആരുടെയും അല്ല..’
ഞാൻ പറഞ്ഞു
കൃഷ്ണ അത് നിവർത്തി സ്വന്തം ശരീരത്തിൽ ചേർത്ത് അളവ് നോക്കി. ശ്രുതിയും കൂടെ നിന്ന് അളവ് നോക്കി.. പൊക്കം കുറവായത് കൊണ്ട് ശ്രുതിക്ക് ആ ചുരിദാർ പാകം അല്ലായിരുന്നു. ഇഷാനിയുടെ ഏകദേശം പൊക്കവും വണ്ണവുമാണ് കൃഷ്ണക്ക് എന്നത് കൊണ്ട് അവൾക്ക് അത് പാകം ആണ്.
‘എനിക്കിത് പാകമാണല്ലോ..’
കൃഷ്ണ എന്നോട് പറഞ്ഞു
‘നീ ഇങ്ങനത്തെ ഒക്കെ ഇടുമോ..?
കൃഷ്ണ എപ്പോളും മോഡേൺ ഡ്രെസ്സുകൾ ആണ് ധരിച്ചു കണ്ടിട്ടുള്ളത്. ചുരിദാർ പോലും ലേറ്റസ്റ്റ് സ്റ്റൈൽ ഉള്ളതൊക്കെ ആയിരിക്കും. സ്വന്തം ടെക്സ്റ്റയിൽസിലെ ഡ്രസ്സ് ട്രെൻഡിംഗ് ആക്കുന്നതിൽ കൃഷ്ണയും ലക്ഷ്മിയും ഒക്കെ തമ്മിൽ മത്സരം ആണോന്ന് തോന്നി പോകാറുണ്ട്. അങ്ങനെ മാത്രം ഡ്രസ്സ് ചെയ്തു കണ്ടിട്ടുള്ള അവൾ ഇത് പോലൊരു സാധാരണ ചുരിദാർ ഇഷ്ടപ്പെടുമോ എന്നത് എന്റെ സംശയം ആയിരുന്നു
‘അതെന്താ എനിക്കിത് ചേരില്ലേ..?
‘ചേരായ്ക ഒന്നുമില്ല. നീ മോഡേൺ ആയി ഡ്രസ്സ് ചെയ്തു മാത്രം കണ്ടിട്ടുള്ളത് കൊണ്ട് പറഞ്ഞതാ..’
‘ഞാൻ എപ്പോളും മോഡേൺ അല്ലെ ഇടുന്നത്. ഇപ്പോൾ ഒരു ചേഞ്ച് ആയിക്കോട്ടെ… ഞാനിത് എടുക്കുവാ..’
കൃഷ്ണ എന്നോട് അനുവാദം ഒന്നും ചോദിച്ചില്ല. അവൾക്ക് ഇഷ്ടപ്പെട്ടു, അവൾ എടുക്കുന്നു എന്ന് പറഞ്ഞു. അല്ലെങ്കിലും എന്റെ അല്ലല്ലോ അനുവാദം കൊടുക്കാൻ
‘ആ നീ എടുക്കുന്നേൽ എടുത്തോ.. ഞാൻ നമ്മുടെ ജുന് ജു ഹ്യുനിനെ ഒന്ന് തണുപ്പിച്ചിട്ട് വരാം..’
അവളുമാരുടെ അടുത്ത് നിന്നും ഞാൻ ഇഷാനിയെ തപ്പിയിറങ്ങി. നൂനു ആയി അവളിടക്ക് ബോട്ടണി ലാബിന്റെ അടുത്തുള്ള ചെടികളുടെ അവിടെ പോയി ഇരിക്കാറുണ്ട്. ഇത്തവണ നൂനു ഇല്ലായിരുന്നു. അവളൊറ്റക്കായിരുന്നു.. ഞാൻ മെല്ലെ ചെന്നു അവളുടെ അടുത്തിരുന്നു. അവൾ എന്നെ പ്രതീക്ഷിച്ചു ഇരിക്കുകയാവണം. വഴക്ക് ഉണ്ടാക്കി പോയി ഇരുന്നാൽ ഇങ്ങനെ തണുപ്പിക്കാൻ ചെല്ലുന്നത് ഇപ്പോൾ എന്റെ ഒരു പതിവ് ആയി.