അന്ന് വൈകിട്ട് ഞാനും ഇഷാനിയും വരാന്തയിൽ സംസാരിച്ചു ഇരിക്കുമ്പോളാണ് രേണു ഞങ്ങളുടെ അടുത്തേക്ക് വന്നത്.
‘ഡാ അടുത്ത പീരീഡ് ഒരു ക്വിസ് മത്സരം ഉണ്ട്. ക്ലാസ്സിൽ താല്പര്യം ഉള്ളവർ ഉണ്ടേൽ ഹോളിലേക്ക് വരാൻ പറ..’
‘എനിക്ക് താല്പര്യമുണ്ട്..’
ഞാൻ സ്വന്തം ചുണ്ടിൽ തൊട്ടൊണ്ട് തമാശക്ക് പറഞ്ഞു
‘അയ്യടാ ഭയങ്കര തമാശ.. കുറച്ചു വിവരം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ വിട്.. ഇവിടുന്ന് ജയിച്ചാൽ വേറെ കോളേജിൽ പോയി മത്സരിക്കാം. ക്യാഷ് പ്രൈസ് ഒക്കെ ഉണ്ടെന്ന് പറ..’
‘അതെന്താ എനിക്ക് ഇതിനൊന്നും വിവരമില്ലേ.. രേണു നമ്മൾ ഒരുമിച്ച് പഠിച്ചപ്പോൾ എല്ലാം സാമൂഹ്യശാസ്ത്രത്തിനും ഗണിതത്തിനും മലയാളത്തിനുമെല്ലാം ഞാൻ ആയിരുന്നു മികച്ചവൻ..’
ഞാൻ തമാശയുടെ ചുവയിൽ പറഞ്ഞു
‘ബാക്കി ഒക്കെ ഞാൻ അല്ലെ..’
അവൾ മറുപടി തന്നു അതെ പോലെ
‘അല്ല ബാക്കി ഒക്കെ നമ്മൾ ടൈ ആയിരുന്നു..’
‘ഓ സമ്മതിച്ചു.. എങ്കിൽ നീ ചെന്നു ഫസ്റ്റ് വാങ്ങിക്ക്.. ഇഷാനി നീ പോണുണ്ടോ.. ജയിച്ചാൽ പത്രത്തിൽ ഒക്കെ ഫോട്ടോ വരും മിക്കവാറും..’
രേണു ഇഷാനിയോട് ചോദിച്ചു. അവൾ താല്പര്യമില്ല എന്ന മട്ടിൽ ചിരിച്ചു
‘ആ പത്രത്തിൽ ഫോട്ടോ ഒക്കെ വരുമെന്ന് പറഞ്ഞാൽ ഇവൾ ഒട്ടും പോവില്ല. എങ്ങനെ അദൃശ്യയായി ജീവിക്കാം എന്നാണ് ഇവൾ ചിന്തിക്കുന്നത്..’
ഞാൻ ഇഷാനിയെ പറ്റി രേണുവിനോട് പറഞ്ഞു
‘ഇവൾ ചെന്നാൽ ഫസ്റ്റ് ഉറപ്പാ. എല്ലാ കാര്യത്തെ കുറിച്ചും മിനിമം നോളജ് ഉണ്ട്.. ദേ ഇപ്പോൾ തന്നെ കയ്യിൽ ഏതോ ബുക്ക് ഉണ്ട്..’
ഞാൻ അവളുടെ കയ്യിൽ ഇരുന്ന ബുക്ക് ചൂണ്ടി പറഞ്ഞു.. അവൾ പോകാതെ ഇരിക്കാൻ കുറെ നിർബന്ധം പിടിച്ചെങ്കിലും ഞാനും രേണുവും വിട്ടു കൊടുത്തില്ല. അവസാനം അവൾക്ക് ക്ലാസ് കട്ട് ചെയ്തു ക്വിസ് ന് ചെരേണ്ടി വന്നു. കൂടെ ഞാനും.
താജ്മഹൽ നിർമിച്ച ചക്രവർത്തിയുടെ പേരും ഗാന്ധിജി കേരളം സന്ദർശിച്ച വർഷവും ഒക്കെ പ്രതീക്ഷിച്ചു ഇരുന്ന എനിക്ക് കിട്ടിയത് സ്വാതന്ത്ര്യസമരത്തിലൂടെ കേരളത്തിൽ എത്തിയ ചപ്പാത്തിയെ കുറിച്ചുള്ള ചോദ്യം ആണ്.. അത്രക്ക് കൊനഷ്ട് പിടിച്ച ചോദ്യങ്ങൾ. പലതിനും ഉത്തരം അറിയുന്നവർ ചുരുക്കും. ആദ്യ റൗണ്ടിൽ തന്നെ ക്ലാസ്സ് കട്ട് ചെയ്തു വന്ന പകുതി മുക്കാൽ എണ്ണവും ഔട്ട് ആയി. ഒരുമാതിരി ഒക്കെ ലോകവിവരം ഉണ്ടായിരുന്ന കൊണ്ട് ഞാൻ കഷ്ടിച്ച് രക്ഷപെട്ടു. ഇഷാനി ഒരുപാടെണ്ണം ശരിയാക്കി എന്ന് തോന്നി. അടുത്ത റൗണ്ടിൽ എനിക്കും ഔട്ട് ആകേണ്ടി വന്നു. ഔട്ട് ആയവർ പുറത്ത് പോകണ്ടത് കൊണ്ട് അകത്തു ആരൊക്കെ ജയിക്കുന്നുണ്ട് എന്നറിയാൻ പറ്റിയില്ല. കുറച്ചു നേരം കഴിഞ്ഞു അകത്തു ക്ലാപ് വീഴുന്ന ശബ്ദം കേട്ടപ്പോൾ ആരോ ഒരാൾ ജയിച്ചു എന്ന് മനസിലായി. അല്പം കഴിഞ്ഞു ഇഷാനിയും ബാക്കി കുട്ടികളും പുറത്തേക്ക് വന്നു. അവളുടെ മുഖഭാവം വിഷമത്തിൽ ആയിരുന്നു