ലഞ്ച് ബ്രേക്കിന്റെ സമയത്താണ് “അടി” എന്ന് എല്ലാവരും വിളിച്ചു പറയുന്നത് ഇഷാനി കേട്ടത്. അവളെങ്ങോട്ട് ശ്രദ്ധ കൊടുക്കാൻ പോയില്ല. അടി ഉണ്ടാക്കുന്നതും അത് കാണുന്നതും അവൾക്ക് താല്പര്യമില്ല. എന്നാൽ അത് കാണാൻ കൂടി നിന്നവർ ആരോ രാഹുലിന്റെ പേര് പറഞ്ഞപ്പോൾ ആണ് അവളുടെ ശ്രദ്ധി മാറിയത്.. രാഹുലിന് എന്തെങ്കിലും പറ്റിയോ എന്നറിയാൻ അവൾ ക്ലാസ്സിന് വെളിയിൽ ഇറങ്ങി. ഞങ്ങളുടെ ക്ലാസ്സിന് പുറത്ത് രണ്ടാം നിലയിൽ നിന്ന് നോക്കിയാൽ തന്നെ കോളേജിന്റെ നടുത്തളം കാണാം. അവിടെ ആണ് പ്രശ്നം നടക്കുന്നത്.. ഏതോ സീനിയർ ആണ് രാഹുൽ ആയി വഴക്കുണ്ടാകുന്നത്.. എന്നാൽ അടി പിടി ആയിട്ടില്ല. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളി നിൽക്കുവാണ്. ഇഷാനി അതിനിടയിലും അർജുനെ ആണ് നോക്കിയത്. രാഹുലിന് പ്രശ്നം വന്നാൽ അവിടെ എവിടെ ഉണ്ടെങ്കിലും അർജുൻ വന്നെത്തും എന്ന് അവൾക്കറിയാം. അവളുടെ ഊഹം പോലെ ആളുകളെ വകഞ്ഞു മാറ്റി അർജുൻ അവിടേക്ക് ഓടി അടുക്കുന്നത് ഇഷാനി കണ്ടു. ദൈവമേ അടി ഒന്നും ഉണ്ടാകല്ലേ.. ഇഷാനി മനസ്സിൽ പ്രാർഥിച്ചു..
‘റോക്കിയും എത്തി.. ഇനി ഇപ്പൊ നല്ല അടി കാണാം..’
ഇഷാനിക്ക് അരികിൽ നിന്ന് കൃഷ്ണ ആവേശത്തോടെ പറഞ്ഞു. ഇഷാനിയെ പോലെ അടിയോട് താല്പര്യമില്ലാത്ത ആളൊന്നുമല്ല കൃഷ്ണ. അത്തരം ഹീറോയിസം ഒക്കെ ആസ്വദിക്കുന്ന ആളാണ് അവൾ.. റോക്കി ആ വഴക്കിനു ഇടയിൽ കയറിയപ്പോൾ കൃഷ്ണ ആഞ്ഞൊരു വിസിൽ അടിച്ചു.. ഇവൾ എന്തൊരു സാധനം ആണെന്ന് ഇഷാനി മനസിൽ ഓർത്തു.. എന്നാൽ കൃഷ്ണയുടെ ആഗ്രഹം പോലെ അടി പൊട്ടിയില്ല. അർജുൻ അവർക്കിടയിൽ നിന്ന് പ്രശ്നം പറഞ്ഞു തീർക്കുകയാണ്.. അത് കണ്ടു കൃഷ്ണ കൈ വിരൽ വായിൽ വച്ചു കടിച്ചു.
‘നീ എന്താ ഈ കാണിക്കുന്നേ..?
അവളുടെ വിരൽ കടി കണ്ടു ക്രിസ്റ്റി ചോദിച്ചു
‘ഇങ്ങനെ ചെയ്താൽ അടി ഉണ്ടാകുമെന്ന് ലച്ചു പറഞ്ഞിട്ടുണ്ട്.. ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ..’
അത് കേട്ടതും ഇഷാനിക്ക് ദേഷ്യം കൂടി. ഒരു വഴക്ക് പറഞ്ഞു തീർക്കാൻ ശ്രമിക്കുമ്പോൾ അവിടെ പിന്നെയും അടി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നോ.. പെട്ടന്ന് വന്ന ദേഷ്യത്തിൽ ഇഷാനി കൃഷ്ണയുടെ കൈ പിടിച്ചു താഴ്ത്തി.. കൃഷ്ണ പെട്ടന്ന് അന്തം വിട്ടു നിന്നു. താൻ ലിമിറ്റ് വിട്ടു പെരുമാറിയത് മനസിലാക്കി ഇഷാനി ഒരു സോറി പറഞ്ഞു പെട്ടന്ന് അവിടെ നിന്നും ഓടിപ്പോയി.. അവൾക്ക് പെട്ടന്ന് എന്താ പറ്റിയത് എന്നോർത്ത് കൃഷ്ണ വണ്ടർ അടിച്ചു. കൃഷ്ണക്ക് പകരം ലക്ഷ്മി ആയിരുന്നു അവിടയെങ്കിൽ തന്നെ രണ്ടാം നിലയിൽ നിന്നും എടുത്തു താഴെ ഇട്ടേനെ എന്ന് ഇഷാനി ഓർത്തു..