ഞാൻ സംസാരം മാറ്റിയപ്പോൾ ശ്വാസം വീണ ഇഷാനി പെട്ടന്ന് മറുത്തൊന്നും പറയാതെ എന്റെ മുന്നിൽ നിന്നും പോയി. മണ്ഡപത്തിൽ താലി കെട്ട് സമയത്ത് ഇഷാനി തന്നെ അവളുടെ കഴുത്തിൽ ആ മാല ധരിപ്പിച്ചു.. കല്യാണം അടിപൊളി ആയി നടന്നു. ഞാനൊരു കല്യാണം കൂടിയിട്ട് ഒരുപാടായി എന്ന് തോന്നുന്നു. വൈകിട്ട് തിരിച്ചു പോകാൻ ഞാൻ റെഡി ആകുമ്പോളാണ് രവിയച്ഛൻ ഇഷാനിയോട് രണ്ട് ദിവസം നിന്നിട്ട് പോകാമെന്നു പറഞ്ഞത്. ദൈവമേ ഞാൻ അപ്പൊ തന്നെ തിരിച്ചു പോകേണ്ടി വരുമോ. പക്ഷെ അതുണ്ടായില്ല.. ക്ലാസ്സ് ഉണ്ടെന്നും പിന്നെ എന്തൊക്കെയോ ഉണ്ടെന്നും പറഞ്ഞു ഇഷാനി എന്റെ ഒപ്പം തന്നെ വന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അവളെന്റെ തോളിൽ മാത്രമേ കൈ വച്ചിരുന്നുള്ളു.. പൂക്കുട കഴിഞ്ഞു കുറച്ചു ദൂരം ചെന്നപ്പോൾ ആ കൈ പതിയെ എന്റെ വയറിലൂടെ കെട്ടിപ്പിടിച്ചു, ഞാൻ പറയാതെ തന്നെ..
തിരിച്ചു പോക്കിൽ മുളങ്കൂട്ടങ്ങളുടെയും അതിന് മുന്നിൽ വിരിച്ചിട്ട പുൽ മൈതാനങ്ങളുടെയുമൊക്കെ ഭംഗിയിൽ മനം മയങ്ങി ഞങ്ങൾ ഒരിടത്ത് കുറച്ചു നേരം നിന്നു. നല്ല കാറ്റുള്ള വഴിയിൽ അരികിലൊരു കലുങ്കിൽ കയറി ഇഷാനി ഇരുന്നു. അവളുടെ അറ്റം ഒരല്പം ചുരുണ്ട കറുത്ത മുടിയിഴകൾ അവിടുത്തെ കാറ്റിൽ പാറിക്കളിച്ചു. അവളെന്നെ നോക്കി എന്തോ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ എനിക്ക് തോന്നി.. ഒരുപക്ഷെ ഇന്ന് അമ്പലത്തിൽ വച്ചു കളിയായി പറഞ്ഞത് കാര്യമായി ഒന്നൂടെ പറയാനാണോ.. ഹൃദയത്തിന്റെ ഒരു പാതി എന്നോട് ഇതാണ് അവസരം എന്ന് പറഞ്ഞു..
ഇപ്പൊ പറയണം, ഉള്ളിൽ ഉള്ളതെല്ലാം ഇപ്പൊ പറയണം.. എന്നാൽ ഹൃദയത്തിന്റെ മറ്റേ പാതി എന്നോട് അരുതെന്ന് പറഞ്ഞു.. അവളെനിക്കൊരു സുഹൃത്താണ്.. കൂടി പോയാൽ ക്രഷ്.. അതിനപ്പുറം ഒന്നുമില്ല.. മനസിന്റെ ഈ വടംവലി മുറുകി ഒരു പക്ഷം വിജയിക്കുന്നതിന് മുന്നേ ഇഷാനി എന്നോട് വന്നു യാത്ര തുടരാമെന്ന് പറഞ്ഞു.. ഇങ്ങോട്ടുള്ള യാത്ര പോലെ അത്ര സംഭവംബഹുലം ഒന്നും അല്ലായിരുന്നു അങ്ങോട്ടുള്ള മടക്കയാത്ര.. അവളെ വീടിന് മുന്നിൽ ഇറക്കിയപ്പോൾ ഇരുട്ടിയിരുന്നു.. പോകുന്നതിന് മുമ്പ് അവൾക്ക് എന്തോ എന്നോട് പറയണം എന്ന പോലെ ഉണ്ടായിരുന്നു. പക്ഷെ പറയാൻ അവൾക്കും സാധിച്ചില്ല..പരസ്പരം പറയേണ്ടത് പറയാതെ അന്ന് ഞങ്ങൾ ബൈ പറഞ്ഞു പിരിഞ്ഞു..