‘പോടാ പട്ടി..’
അവൾ എനിക്കൊരു അടി വച്ചു തന്നു. പിന്നെ പെട്ടന്ന് അമ്പലത്തിൽ ആണല്ലോ എന്നെ ചീത്ത വിളിച്ചത് എന്നോർത്തപ്പോൾ നെഞ്ചിൽ കൈ വച്ചു തൊട്ട് തൊഴുതു. അവളെ കാണാൻ ചെറുതായ് നോർത്ത് ലുക്ക് ഉണ്ടെന്ന് ഞാൻ ഇടയ്ക്കു പറഞ്ഞു കളിയാക്കാറുണ്ട്. എപ്പോ കേട്ടാലും ഇഷാനി അതിന് ദേഷ്യപ്പെടും. ലുക്കും നിറവും ഒക്കെ സാധാരണ മലയാളി പെൺകുട്ടികളിൽ നിന്ന് കുറച്ചു വ്യത്യാസം തോന്നാറുണ്ട് അവൾക്ക്. എന്തിന് അവളുടെ സംസാരത്തിൽ പോലും ഒരു സ്ലാങ് വ്യത്യാസം ഉണ്ട്. കൃഷ്ണ ഇടയ്ക്ക് അവൾ കൊറിയക്കാരികളെ പോലെ ആണ് കാണാനെന്നു എന്നോട് പറയും. അവളുടെ കേൾക്കെ പറഞ്ഞിട്ടില്ല പക്ഷെ..
‘ഇപ്പൊ എന്നോട് ഇവിടെ വന്നു സംസാരിച്ചത് ആരാണെന്ന് അറിയുമോ..?
‘പേര് അറിയാം..’
ഞാൻ പറഞ്ഞു
‘അതാണ് ഉണ്ണിയേട്ടൻ.. ഞങ്ങളുടെ വീടിന്റെ അവിടുന്ന് കുറച്ചു മാറിയാണ് വീട്.. ഈ ചേട്ടനില്ലേ എന്നെ ഒരു നോട്ടമൊക്കെ ഉണ്ടായിരുന്നു..’
‘നിന്നോട് ഇവൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടോ..?
‘ഹേയ് എന്നോട് അങ്ങനെ നേരിട്ട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരു കല്യാണം ആലോചന സെറ്റപ്പ് ഒക്കെ പണ്ട് തൊട്ടേ ഉണ്ട്.. രവിയച്ഛനും ഉണ്ണിയേട്ടന്റെ വീട്ടുകാരും ഒക്കെ ഇതിൽ വലിയ എതിർപ്പ് ഒന്നുമില്ല.. പിന്നെ ഞാൻ ഈ വിഷയത്തിലേക്ക് സംസാരം കടക്കുമ്പോൾ പിടി കൊടുക്കാറില്ല വീട്ടിൽ..’
അപ്പോൾ എനിക്ക് നാട്ടിൽ തന്നെ ഒരു എനിമി ഉണ്ട്. അതും വർഷങ്ങൾ ആയി ഇഷാനിയെ അറിയുന്ന ആൾ.. ഞാൻ അവനെ നോക്കിയപ്പോൾ അവൻ ദൂരെ നിന്ന് ഇടകണ്ണിട്ട് ഞങ്ങളെ നോക്കുന്നുണ്ട്. എന്റെ വരവ് അവനെ ഒന്ന് അലോസരപ്പെടുത്തി കാണണം.. ഞാൻ അവനെ നോക്കി നിൽക്കുമ്പോളാണ് അത്രയും നേരം ഞാൻ അവളിൽ നിന്ന് മറച്ചു വച്ച ഒരു കവർ എന്റെ കയ്യിലുള്ളത് അവൾ കണ്ടത്
‘ഇതെന്തുവാ കവറിൽ.. ഗിഫ്റ്റ് ആണോ..? അത് വാങ്ങാൻ ആണോ പോയത്..?
ഞാൻ ആണെന്ന മട്ടിൽ തലയാട്ടി. അവളെ പതിയെ അമ്പലത്തിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് കൊണ്ട് പോയി ആ കവർ തുറന്ന് അതിനുള്ളിൽ ഉള്ളത് കാണിച്ചു കൊടുത്തു