അമ്പലത്തിൽ വന്നിട്ടും ഒരുപാട് നേരം കഴിഞ്ഞാണ് അർജുൻ ഇഷാനിക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പറയാതെ എങ്ങോട്ടോ മുങ്ങിയതിൽ ഉള്ള ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. എന്നാൽ അർജുൻ ശ്രദ്ധിച്ചത് ആ ദേഷ്യമായിരുന്നില്ല. ചുവപ്പിൽ നിഴൽ വീണത് പോലെ കട്ട മെറൂൺ നിറത്തിലുള്ള ലെഹങ്ക ആയിരുന്നു അവളുടെ വേഷം. ഡ്രെസ്സിന്റെ ചെറിയ വിടവിൽ അവളുടെ ചന്ദനവയർ അർജുൻ കണ്ടു. വാച്ചിന് പകരം അവളുടെ കൈകളിൽ വർണ്ണങ്ങൾ വിതറിയ വളകൾ സ്‌ഥാനം പിടിച്ചു. ലെഹങ്കയുടെ ഷാൾ അവളുടെ രണ്ട് കൈകളിലും ചുറ്റി കിടന്നു.. ആകെ മൊത്തം അവളെ ഇപ്പോൾ കണ്ടാൽ ഒരു നോർത്ത് ഇന്ത്യൻ കുട്ടൂസിനെ പോലെ തോന്നും
‘നീ എവിടെ പോയതാ എന്നോട് പറയാതെ..?
സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞു ഇപ്പോളാണ് അർജുൻ അവളുടെ മുഖത്തെ ദേഷ്യം ശ്രദ്ധിക്കുന്നത്.
‘ഞാൻ ഒന്ന് വെറുതെ നിങ്ങളുടെ നാടൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ…’
‘പറഞ്ഞിട്ട് പൊയ്ക്കൂടേ..’
ഇഷാനി പരിഭവം കാണിച്ചു. അർജുൻ അപ്പോളാണ് ശരിക്കും ഒരു കാര്യം ശ്രദ്ധിച്ചത് അവരുടെ രണ്ട് പേരുടെയും ഡ്രസ്സ് ഏകദേശം ഒരേ നിറത്തിൽ ആണ്. രണ്ട് ഡ്രസ്സും തമ്മിൽ നല്ല ചേർച്ച ഉണ്ടായിരുന്നു..
‘ഇഷ മോളെ എപ്പോ വന്നു..?
അവരുടെ സംസാരത്തിനു ഇടയിലേക്ക് മറ്റൊരാൾ കടന്ന് വന്നു.. വെളുത്തു ഒരല്പം തടിയൊക്കെ ഉള്ള എന്നാൽ തടിയൻ എന്ന് തോന്നാത്ത ഒരാൾ. ആളെ ഇന്നലെ വിളമ്പുന്നതിന് ഇടയിൽ അർജുൻ കണ്ടിരുന്നു
‘ഞാൻ ഇന്നലെ വൈകിട്ട് ആയി.. ഉണ്ണിയേട്ടനെ അവിടെ കണ്ടില്ല ഇന്നലെ.. എന്ത് പറ്റി..’
‘ഞാനിവിടെ അമ്പലത്തിൽ ആയിരുന്നു. പന്തലിന്റെ പണി ഉണ്ടായിരുന്നു കുറച്ചു. പിന്നെ ഓഡിറ്റൊറിയത്തിൽ.. വൈകിട്ട് ഞാൻ ഇടയ്ക്കു അവിടെ വന്നിരുന്നു. പക്ഷെ നിന്നെ കണ്ടില്ല അവിടെ..’
അവരുടെ സംസാരം കുറച്ചു നേരം നീണ്ടു. അതിനിടയിൽ അവൾ എന്നെ അയാൾക്ക് പരിചയപ്പെടുത്തി. ആളുടെ പേര് ഉണ്ണികൃഷ്ണൻ എന്നാണ്. ആൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്. ഇഷാനിയുടെ ഒക്കെ ഒപ്പം കച്ചേരിക്ക് മൃദംഗം വായിക്കുന്നത് പുള്ളിയാണ്. ഇവന് ഇഷാനി ആയി നല്ല അടുപ്പം ഉണ്ട്. അതാണ് അവളെ ഇഷ എന്ന് വിളിക്കുന്നത്. അവളുടെ കടയിലെ ആശ ചേച്ചി, അവളുടെ വീട്ടിൽ ഉള്ളവർ ഒക്കെ അവളെ ഇഷ എന്നാണ് വിളിക്കുന്നത്. ഇവന് വിളിക്കാമെങ്കിൽ പിന്നെ എനിക്ക് വിളിച്ചാൽ എന്താ..