ഇഷാനി ഒരു ചിരിയോടെ എന്നോട് പറഞ്ഞു. അവളത് ഉള്ളിലെ സങ്കടം മറയ്ക്കാൻ ചിരിച്ച ചിരി ആണെന്ന് എനിക്ക് അറിയാമായിരുന്നു
അന്ന് രാത്രി ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചിരുന്നു.. ഏറെ വൈകി ശ്രുതി അവളെ തിരക്കി വന്നില്ലായിരുന്നു എങ്കിൽ പുലർച്ച വരെ ഞങ്ങൾ അവിടെ ഇരുന്നേനെ..
രാവിലെ ശ്രുതി ആണ് എന്നെ വിളിച്ചു ഉണർത്തിയത്. അവളെനിക്ക് ബ്രഷും പേസ്റ്റും കൊണ്ട് തന്നു. പല്ല് തേപ്പ് കഴിഞ്ഞു കുളിക്കാൻ തയ്യാറാകുമ്പോൾ ആണ് ഇഷാനി രാവിലെ തന്നെ കുളിച്ചു നിൽക്കുന്നത് കണ്ടത്. ഇന്നലെ അവളായി സംസാരിച്ച കൂട്ടത്തിൽ അടുത്ത് തന്നെ ഒരു തോട് ഉണ്ടെന്ന് പറഞ്ഞിരുന്നു.. ഞാൻ തോർത്തായി പോയി അവിടെയാണ് കുളിച്ചത്. ഒരുപാട് നാൾ കൂടി നീന്താനും പറ്റി.. ഈ നാടും നാട്ടുകാരെയും ഒക്കെ അർജുന് ഒരുപാട് ഇഷ്ടമായിരിക്കുന്നു…
കല്യാണത്തിന് ഒരു മെറൂൺ കളർ ലെഹങ്ക ആയിരുന്നു ഇഷാനി ധരിച്ചിരുന്നത്.. അന്ന് ഇഷാനി ഒരുങ്ങാൻ തന്നെ നല്ല സമയം എടുത്തു. അധികം മേക്കപ്പ് ഇടുന്നത് അവൾക്ക് പണ്ടേ ഇഷ്ടം അല്ല. എങ്കിലും ഇന്നവൾ കണ്ണെഴുതി, പൊട്ട് തൊട്ട് , മുടി നല്ല വകർപ്പ് എടുത്തു ചീകി ഒതുക്കി… ചുണ്ടുകൾക്ക് അല്ലേൽ തന്നെ ചുവപ്പ് ഉള്ളത് കൊണ്ട് ലിപ്സ്റ്റിക്ക് അവൾ തൊട്ടില്ല.. മൊത്തത്തിൽ സുന്ദരിക്കുട്ടി ആയി. സാധാരണ അവളുടെ ഒരുക്കം മുടി മാടി ഒതുക്കുന്നതിൽ തീരും.
ഒരുങ്ങി ഇറങ്ങിയ ഉടൻ ആദ്യം തിരഞ്ഞത് അർജുനെ ആയിരുന്നു. അവിടെ എങ്ങും അവൾക്ക് അവനെ കാണാൻ പറ്റിയില്ല. ശ്രുതി ആണ് പറഞ്ഞത് ചേട്ടൻ കഴിച്ചു കഴിഞ്ഞു ഒരുങ്ങി ബൈക്കിൽ കയറി പോയെന്ന്. അവൻ ഇത്ര നേരത്തെ അമ്പലത്തിലോട്ട് പോയോ.. തന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ അമ്പലത്തിലോട്ട് പോയത് ഇഷാനിക്ക് മനസിലായില്ല. അവനെ ഫോണിൽ വിളിച്ചപ്പോൾ നേരെ അമ്പലത്തിലോട്ട് വന്നോളാമെന്നും പറഞ്ഞു. ഇവനെന്ത് പറ്റി എന്ന് ഇഷാനി ചിന്തിച്ചു. അമ്പലത്തിലേക്ക് ബൈക്കിൽ ഒരുമിച്ച് പോകാമെന്നു അവൻ നിർബന്ധിക്കുമെന്ന് അവൾ കരുതിയിരുന്നു. ആദ്യം സമ്മതിക്കാതെ പിന്നെ അവന്റെ നിർബന്ധത്തിന് വഴങ്ങി കൊടുക്കാമെന്നും ഇഷാനി മനസിൽ കണക്ക് കൂട്ടിയതായിരുന്നു. തന്നെ ഈ ലുക്കിൽ കാണുന്ന മാത്രയിൽ അർജുന്റെ മുഖത്ത് ഉണ്ടാകുന്ന ഭാവവും അവൾ മനസിൽ കണ്ടിരുന്നു. അവൻ പലപ്പോഴും തന്നെ നോക്കി ആസ്വദിക്കുന്നത് അവൾക്ക് മനസിലായിട്ടുണ്ട്. മറ്റൊരാൾ തന്നെ പുകഴ്ത്തുന്നതോ തന്റെ സൗന്ദര്യം ആസ്വദിക്കുന്നതോ ഇഷാനിക്ക് ഇഷ്ടം അല്ലായിരുന്നു. അർജുന് മാത്രം ഈ കാര്യത്തിൽ അവളൊരു പരിഗണന കൊടുത്തിരുന്നു..