‘കഴിച്ചോ…?
അവൾ ചോദിച്ചു.. കുറെ നേരമായി എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ പറ്റാഞ്ഞതിൽ ഉള്ള ഉത്കണ്ഠ അവൾക്ക് ഉണ്ടായിരുന്നു. കഴിച്ചു എന്ന് ഞാൻ അവൾക്ക് മറുപടി കൊടുത്തു..
‘എന്നിട്ട് ഫുഡ് ഒക്കെ കൊള്ളാരുന്നോ.. ഇഷ്ടപ്പെട്ടോ..?
‘ഫുഡ് ഒക്കെ അടിപൊളി.. നീ കഴിച്ചോ..?
‘ഇല്ല.. എന്റെ കയ്യിലാണെൽ മൈലാഞ്ചി ഇരിക്കുവാ.. ഉണങ്ങിയില്ല.. ഇനി ഇത് ഉണങ്ങുമ്പോ ഒരു സമയം ആകും..’
‘നേരത്തെ കഴിക്കാൻ മേലായിരുന്നോ നിനക്ക്..’
‘അപ്പോൾ എനിക്ക് വിശപ്പ് തോന്നിയില്ല..’
‘ഇപ്പൊ വിശക്കുന്നുണ്ടോ..’
‘ഉണ്ട്.. എന്ത് ചെയ്യാനാ.. ‘
ഇഷാനി സങ്കടത്തോടെ പറഞ്ഞു..
‘ഞാൻ ചോർ വാരി തരാം..’
‘അയ്യോ അത് വേണ്ട. ആരെങ്കിലും കണ്ടാൽ ശരിയാകില്ല..’
അവൾ എതിർത്തു
‘ആരും കാണില്ല. പെട്ടന്ന് കഴിക്കാം..’
ഞാൻ അവളെ നിർബന്ധിച്ചു
‘എന്നാൽ റൂമിൽ പോകാം.. ഇവിടെ ആരെങ്കിലും ഒക്കെ കാണും..’
എനിക്ക് കിടക്കാൻ ഒരുക്കി തന്നത് രവിയച്ഛന്റെ മുറി ആയിരുന്നു.. ഞാൻ ചോറ് ഒരു പാത്രത്തിൽ എടുത്തു. അച്ചാറും പുളിശ്ശേരിയും മതി എന്ന് ഇഷാനി പറഞ്ഞിരുന്നു. അതാണ് അവളുടെ ഫേവറേറ്റ്.. എനിക്കും പുളിശ്ശേരി വളരെ ഇഷ്ടമായിരുന്നു.. ഒരു കൊച്ചു കുഞ്ഞിനെന്ന പോലെ ഉരുള ഉരുട്ടി ഞാൻ അവളുടെ വായിൽ കൊടുത്തു. അറിയാതെ ആണെങ്കിലും പലവട്ടം എന്റെ വിരലുകൾ അവളുടെ ചുണ്ടിൽ സ്പർശിച്ചു.. ഇടയ്ക്ക് വച്ചു മതി എന്ന് പറഞ്ഞെങ്കിലും മുഴുവൻ കഴിക്കാതെ ഞാൻ അവളെ എണീപ്പിച്ചില്ല. വാ കഴുകാൻ കപ്പിൽ വെള്ളവും അവളുടെ ചുണ്ടിൽ മുട്ടിച്ചു കൊടുത്തു.. പിന്നെ ഞങ്ങൾ വീണ്ടും തിരിച്ചു മുറ്റത്തെ അശോകത്തിന് ചുവട്ടിൽ ഒരു കസേര ഇട്ടിരുന്നു..
‘ചേച്ചിയുടെ കല്യാണം ആയിട്ട് എന്തെങ്കിലും കൊടുക്കുന്നുണ്ടോ..?
ഞാൻ അവളോട് ചോദിച്ചു. അവളുടെ മുഖം പെട്ടന്ന് വല്ലാതെ ആയി
‘അവൾക്കൊരു മാല കൊടുക്കണം എന്റെ വകയെന്ന് കരുതിയതാ.. പക്ഷെ നടന്നില്ല..’
‘എന്ത് പറ്റി..?
ഞാൻ ചോദിച്ചു
‘പെട്ടന്ന് കല്യാണം വന്നത് കൊണ്ട് കയ്യിൽ അങ്ങനെ സേവിങ്സ് ഒന്നും ഉണ്ടായിരുന്നില്ല.. പിന്നെ കാശ് പലിശക്ക് കൊടുക്കുന്ന ഒരാളുടെ കാര്യം കടയിലെ മായ ചേച്ചി പറഞ്ഞിരുന്നു. അയാൾ തരാം എന്ന് ഏറ്റതാ.. അത് നോക്കി ആണ് ഇന്നലെ വൈകിട്ട് വരെ അവിടെ നിന്നത്. അത് കിട്ടിയാൽ ഇവിടെ നിന്നായാലും വാങ്ങാമെന്ന് കരുതി. പക്ഷെ കിട്ടിയില്ല.. അത് കൊണ്ട് തല്ക്കാലം സ്നേഹം മാത്രം ഉള്ളു അവൾക്ക് കൊടുക്കാൻ..’